ലോകത്തിൽ നിർമിക്കപ്പെട്ട ഏറ്റവും സുന്ദരമായ വീട്!

ഇന്ന് വർഷംതോറും ഒന്നരലക്ഷത്തിലേറെ സന്ദർശകർ ഫോളിങ് വാട്ടർ കാണാനായി എത്തുന്നു.

പോപ്ലാർ മരങ്ങൾ മഞ്ഞ ഇലകൾ പൊഴിച്ചു നിൽക്കുന്ന കാട്. അലസമായി ഒഴുകുന്ന ചെറിയ വെള്ളച്ചാട്ടം. ഇതിനു സമീപം പ്രകൃതിയുമായി ലയിച്ചു ചേർന്ന് ഒരു ഫോട്ടോ ഫ്രെയിം പോലെ നിൽക്കുന്ന ഒരു വീട്. പറഞ്ഞു വരുന്നത് ഫാളിങ് വാട്ടർ എന്ന പ്രശസ്തമായ നിർമിതിയെക്കുറിച്ചാണ്. 

വിഖ്യാത ആർക്കിടെക്ട് ഫ്രാങ്ക് ലോയ്ഡ് റൈറ്റ് 1935 ൽ നിർമിച്ച വീടാണ് ഫാളിങ് വാട്ടർ. പെൻസിൽവാനിയയിലുള്ള ഒരു വെള്ളച്ചാട്ടത്തിന്റെ സമീപമാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. അമേരിക്കയിൽ അക്കാലത്തെ ബിസിനസ് പ്രമുഖരായിരുന്ന കാഫ്മാൻ കുടുംബത്തിന് വേണ്ടി നിർമിച്ച വാരാന്ത്യവസതിയാണിത്. 

പ്രകൃതിയുമായി ഇഴുകിചേർന്നുള്ള നിർമിതികളായിരുന്നു ഫ്രാങ്ക് ലോയ്ഡിനെ ശ്രദ്ധേയനാക്കിയത്. അതിൽത്തന്നെ അദ്ദേഹത്തിന്റെ മാസ്റ്റർപീസ് ആയി അറിയപ്പെടുന്നത് ഫാളിങ് വാട്ടറും. അക്കാലത്തെ അമേരിക്കൻ ആർക്കിടെക്ച്ചറിന്റെ ഉദാത്ത മാതൃകയായി ഈ വീട് വിലയിരുത്തപ്പെടുന്നു. അഞ്ചു കിടപ്പുമുറികൾ, മൂന്ന് ബാൽക്കണികൾ, ലിവിങ്, ഡൈനിങ്, കിച്ചൻ, ഓഫിസ് എന്നിവയായിരുന്നു ഈ വീട്ടിൽ ഉണ്ടായിരുന്നത്.

വെള്ളചാട്ടത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്താതെ പല തട്ടുകളായാണ് വീട് നിർമിച്ചത്. ഇതിനായി ക്യാന്റിലിവർ രീതിയിലാണ് ഭിത്തികളും തൂണുകളും നിർമിച്ചത്. വീടിനകത്തെ പല മുറികളിലൂടെയും ഈ അരുവി കടന്നു പോകുന്നു. മണ്ണും മരവും കൊണ്ടാണ് ചുവരുകളും മേൽക്കൂരയുമൊക്കെ നിർമിച്ചത്. കരിങ്കല്ല് കൊണ്ടാണ് ഭിത്തികൾ കെട്ടിയത്. കടുംവർണങ്ങൾ നൽകാതെ പ്രകൃതിയുമായി ലയിച്ചു നിൽക്കുന്ന നിർമിതി അക്കാലത്തു ലോകത്തിൽ നിർമിക്കപ്പെട്ട ഏറ്റവും സുന്ദരമായ വീട് എന്നുപോലും വിശേഷിക്കപ്പെട്ടു.

അന്നത്തെക്കാലത്ത് ഒന്നരലക്ഷം ഡോളറാണ് വീടിന്റെ നിർമാണത്തിന് ചെലവായത്. അതായത് ഏകദേശം ഒരു കോടി രൂപ. 1955 ൽ എഡ്ഗാർ കാഫ്മാന്റെ മരണത്തിനു ശേഷം മകൻ വീട് സംരക്ഷിത സ്മാരകം ആക്കാനായി വിട്ടുകൊടുത്തു. പിൽക്കാലത്ത് നിരവധി നിർമിതികൾക്കും സിനിമകൾക്കും വീട് പ്രചോദനമായി. നിരവധി പുരസ്‌കാരങ്ങളാണ് കാലാന്തരത്തിൽ ഈ വീടിനെ തേടിയെത്തിയത്. ലോകത്തിൽ നിർമിക്കപ്പെട്ട ഏറ്റവും സുന്ദരമായ വീട് എന്ന വിശേഷണം നൽകിയാണ് അമേരിക്കൻ ആർക്കിടെക്ച്ചർ സൊസൈറ്റി വീടിനെ ആദരിച്ചത്. ഇന്ന് വർഷംതോറും ഒന്നരലക്ഷത്തിലേറെ സന്ദർശകർ ഫോളിങ് വാട്ടർ കാണാനായി എത്തുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ലയനമാണ് ഈ വീട് പ്രഘോഷിക്കുന്നത്.