ലോകത്തെ ഞെട്ടിച്ച് വീണ്ടും ദുബായ്; ഇത്തവണ ഐപോഡ് ടവർ!

26 നിലകളുള്ള കെട്ടിടം ഒരു ഐപോഡിന്റെ മാതൃകയിലാണ്. കൃത്യമായി പറഞ്ഞാൽ ഡോക്കിൽ വച്ചിരിക്കുന്ന ഒരു ഐപോഡ് പോലെ!

കുറച്ചു നാളായി ദുബായിലെ പുതിയ വിസ്മയനിർമിതികളെ കുറിച്ച് വാർത്തകൾ ഒന്നും ഉണ്ടായിരുന്നില്ല. ഇടവേള അവസാനിപ്പിച്ച് പുതിയ ഒരതിഥി കൂടി ദുബായുടെ ആകാശവിതാനത്തിൽ തലയുയർത്തുകയാണ്. സെൻട്രൽ ദുബായിയിലെ ബിസിനസ് ബേയിലാണ് ദി പാഡ് എന്ന കെട്ടിടം നിർമിച്ചത്. 26 നിലകളുള്ള കെട്ടിടം ഒരു ഐപോഡിന്റെ മാതൃകയിലാണ്. കൃത്യമായി പറഞ്ഞാൽ ഡോക്കിൽ വച്ചിരിക്കുന്ന ഒരു ഐപോഡ് പോലെ! ഒരു ചാർജിങ് ഡോക്കിന്റെ പ്രതീതി ലഭിക്കാനായി 6.5 ഡിഗ്രി ചരിച്ചാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്.

256 അപ്പാർട്മെന്റുകളാണ് ഇതിൽ നിർമിച്ചിരിക്കുന്നത്. ഒറ്റമുറി ഫ്‌ളാറ്റുകൾ മുതൽ 5 ബെഡ്‌റൂം ഡുപ്ലെയ്‌ ഫ്‌ളാറ്റുകൾ വരെ ഇതിനുള്ളിൽ ഒരുക്കിയിരിക്കുന്നു. ഓരോ അപ്പാർട്മെന്റുകളും വ്യത്യസ്തമായി പ്രോഗ്രാം ചെയ്തിരിക്കുന്നു. താമസക്കാർക്ക് ഇഷ്ടാനുസരണം ഇത് പ്രവർത്തിപ്പിക്കാം. ഉദാഹരണത്തിന് രാത്രിയിൽ ഇഷ്ടമുള്ള വെളിച്ചം നിറയ്ക്കാം. ബയോമെട്രിക് ലോക്ക്, ഹെൽത് ട്രാക്കർ സംവിധാനമുള്ള കണ്ണാടികൾ എന്നിവയെല്ലാം ഇതിനുള്ളിൽ ഒരുക്കിയിരിക്കുന്നു. 

2007 ൽ തന്നെ വിഭാവനം ചെയ്‌തെങ്കിലും ആഗോള സാമ്പത്തിക മാന്ദ്യം കാരണം നിർമാണം 2013 ലാണ് ആരംഭിച്ചത്. ഈ വർഷാവസാനത്തോടെ കെട്ടിടം പൂർണതോതിൽ പ്രവർത്തനസജ്ജമാകും എന്നാണ് വാർത്ത. ദുബായുടെ അഭിമാനസ്തംപമായ ബുർജ് ഖലീഫയുടെ സമീപമാണ് ഐപോഡ് ടവർ എന്നതും സവിശേഷതയാണ്.