Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുളിമുറി ഇന്ന് വെറുമൊരു മുറിയല്ല!

sanitary-fittings കുളിമുറി ഇന്ന് വെറുമൊരു മുറിയല്ല, വീട്ടിലെ ഓരോ അംഗങ്ങളുടെയും പേഴ്സണൽ സ്പേസ് കൂടിയാണ്.

വീട്ടിലെ പൊതുഇടങ്ങൾ സുന്ദരമാക്കാനാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. മറ്റുള്ളവര്‍ കാണുന്നിടങ്ങള്‍ വേണമല്ലോ മോടി കൂട്ടാൻ. അടുക്കളയും ബാത്റൂമുമായിരുന്നു ഇതിന് അപവാദം. അടുക്കള ഇപ്പോൾ പൊതുഇടങ്ങളുടെ കൂട്ടത്തിലായിക്കഴിഞ്ഞെങ്കിലും ബാത്റൂം സ്വകാര്യലിസ്റ്റിൽ തന്നെ തുടരുന്നു. കുളിമുറി വൃത്തിയായി സൂക്ഷിക്കുക എന്നതിൽനിന്ന് മോടിയാക്കുക എന്ന ചിന്തയിലേക്ക് മലയാളി ചുവടു മാറ്റിയിട്ട് കാലം കുറച്ചായി. കുറച്ചു വർഷങ്ങളായി സാനിട്ടറിയിലെ ഇഷ്ടങ്ങളും ശീലങ്ങളും അങ്ങനെത്തന്നെ നിൽക്കുകയാണെങ്കിലും പുത്തൻ ഉത്പന്നങ്ങൾ വിപണിയിൽ കുന്നുകൂടുകയാണ്. കുളിമുറി എന്ന ആശയത്തിന് വന്ന മാറ്റങ്ങളും ഒട്ടേറെ.

ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

വീടിന്റെ പ്ലാൻ തയാറാക്കുന്നതിനൊപ്പം തന്നെ പ്ലമിങ് ലേഔട്ടും തയാറാക്കുക. നിർമാണഘട്ടത്തിൽ തന്നെ പൈപ്പിന്റെ സ്ഥാനം മനസ്സിലാക്കാനും പിന്നീട് കുത്തിപ്പൊളിക്കൽ ഒഴിവാക്കാനും ലേഔട്ട് സഹായിക്കും.

സാനിട്ടറി, പ്ലമിങ് എന്നിവയിൽ ചെലവുചുരുക്കിയാല്‍ ഭാവിയിൽ അതീവഗുരുതരമായ പ്രശ്നങ്ങള്‍ സംഭവിക്കാം. ഗുണനിലവാരം കുറഞ്ഞ പൈപ്പുകൾ ഇട്ടാൽ ലീക്ക് ഉണ്ടായി ഭിത്തി മുഴുവൻ വെട്ടിപ്പൊളിക്കേണ്ട അവസ്ഥ ഉണ്ടാകാം. കുടിവെള്ളം മലിനമാകാനും മറ്റ് കാരണങ്ങളൊന്നും വേണ്ട.

sanitary സാനിറ്ററി സാമഗ്രികളിൽ ടാപ്പ്‌ മുതൽ ടബ് വരെ നിരവധി ബ്രാൻഡുകൾ വിപണിയിൽ ലഭ്യമാണ്. ആയിരങ്ങൾ മുതൽ ലക്ഷങ്ങൾ കടക്കുന്ന വിലപ്പട്ടികയും.

പ്ലാസ്റ്ററിങ്ങിന് ശേഷമാണ് പ്ലമിങ്ങിലേക്ക് തിരിയുക. കൺസീൽഡ് ടൈപ്പ് പ്ലമിങ്ങാണ് ഇപ്പോൾ മിക്കവരും താൽപര്യപ്പെടുന്നത്. പൈപ്പ് പോകുന്ന ഇടങ്ങൾ ഒഴിച്ചായിരിക്കും പ്ലാസ്റ്ററിങ് ചെയ്യുക. പൈപ്പ് ഘടിപ്പിച്ചശേഷം പ്ലാസ്റ്റർ ചെയ്ത് മറയ്ക്കും. കോൺക്രീറ്റ് കട്ടർ കൊണ്ട് ഭിത്തി പൊട്ടിക്കുന്ന രീതി സമയവും അധ്വാനവും നഷ്ടമാക്കും.

രണ്ട് നിലയുള്ള വീട്ടിൽ ബാത്റൂമുകളുടെ സ്ഥാനം ഒന്നിനു മുകളിൽ മറ്റൊന്ന് എന്ന രീതിയിൽ വരുന്നത് പ്ലമിങ് കൂടുതൽ സൗകര്യപ്രദമാക്കുകയും ചെലവു കുറയ്ക്കുകയും ചെയ്യും. ഓരോ ബാത്റൂമിലേക്ക് വേണ്ട പൈപ്പിന്റെ അളവുകൾ മനസ്സിലാക്കി വയ്ക്കുക. ക്ലോസറ്റ്, വാഷ്ബേസിൻ, ഷവർ എന്നിവ ഒരേ സ്ഥാനത്ത് വന്നാൽ പൈപ്പുകളുടെ എണ്ണം കുറയ്ക്കാം. കഴിവതും നേർരേഖകളിൽതന്നെ പൈപ്പുകൾ കൊടുത്താൽ കൂട്ടുയോജിപ്പിക്കാൻ ഉപയോഗിക്കുന്ന ടി പൈപ്പ്, എൽബോ പൈപ്പ് എന്നിവയുടെ എണ്ണം കുറയ്ക്കാം.

sanitary-trends ഓരോ ബ്രാൻഡിന്റെയും ഉത്പന്നങ്ങളുടെ അളവിൽ ചെറിയ വ്യത്യാസം കാണും. ഇത് മനസ്സിൽ വച്ചുവേണം ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാൻ.

രണ്ടാം നിലയിലെ കുളിമുറിയിൽ വെള്ളം ശക്തിയായി വരാൻ പ്രഷർ പമ്പ് വാങ്ങി വയ്ക്കുന്നവരുണ്ട്. വാട്ടർടാങ്ക് ടെറസിൽ നിന്ന് ആറടിയെങ്കിലും പൊക്കി വച്ചാൽ പ്രഷർ പമ്പിനുള്ള പണം ലാഭിക്കാം.

മറ്റ് മുറികളെപ്പോലെ സ്ക്വയർഫീറ്റ് കണക്കിലല്ല ബാത്റൂമിന് ചെലവ് വരിക. അതിൽ ഉപയോഗിക്കുന്ന ഉത്പന്നങ്ങൾക്കനുസരിച്ച് ചെലവിൽ വ്യത്യാസം വരും. ടാപ്പ് മുതൽ ടബ് വരെ നിരവധി ബ്രാൻഡുകൾ വിപണിയിൽ ലഭ്യമാണ്. ആയിരങ്ങളിൽ തുടങ്ങി ലക്ഷങ്ങൾ കടക്കുന്ന വിലപ്പട്ടികയും.

tile-sanitary ഫ്ലോറൽ ഡിസൈനിൽ വാഷ് ബേസിൻ.

എത്ര ചെറിയ ബാത്റൂം ആണെങ്കിലും ഡ്രൈഏരിയ, വെറ്റ്ഏരിയ എന്നിങ്ങനെ വേർതിരിച്ച് നിർമിക്കുന്നത് തന്നെയാണുചിതം. ഇതിനായ് ഗ്ലാസ്പാർട്ടീഷൻ ഉപയോഗിക്കുന്നത് ചെലവ് കൂട്ടും. തറനിരപ്പ് വ്യത്യാസപ്പെടുത്തുക, ഷവർ കർട്ടൻ ഉപയോഗിക്കുക തുടങ്ങിയവയാണ് ചെലവ് കുറഞ്ഞ മാര്‍ഗങ്ങൾ.

എപ്പോഴും ഈർപ്പം തങ്ങിനിൽക്കാൻ സാധ്യതയുള്ള സ്ഥലമാണ് കുളിമുറികൾ. അതുകൊണ്ടുതന്നെ രോഗാണുക്കൾ പെറ്റു പെരുകും. കൃത്യമായ തോതിലുള്ള പ്രകാശവും കാറ്റും കടത്തിവിടുന്ന രീതിയിൽ വെന്റിലേഷൻ നൽകിയാൽ കുളിമുറി ഫ്രഷ് ആയി സൂക്ഷിക്കാം.

ഫ്ലഷ്ടാങ്ക് ഭിത്തിക്കുള്ളിലാക്കുന്ന കൺസീൽഡ് ഫ്ലഷ്ടാങ്കിന് ചെലവ് കൂടുതലാണെങ്കിലും ആവശ്യക്കാരേറെയുണ്ട്. എന്നാൽ ഫ്ലഷ്ടാങ്കിന്റെ തന്നെ ആവശ്യമില്ലാത്ത സെൻട്രലൈസ്ഡ് ഫ്ലഷ് സിസ്റ്റം ഇപ്പോൾ പല വീടുകളിലും പരീക്ഷിക്കുന്നുണ്ട്. ഈ സംവിധാനത്തിൽ പ്രധാന വാട്ടർടാങ്കിൽ നിന്ന് നേരിട്ടാണ് ക്ലോസറ്റിലേക്ക് വെള്ളമെത്തുന്നത്. ചെലവ് കുറയ്ക്കുന്നതിനൊപ്പം ബാത്റൂമിന് ഭംഗിയുമേകുമെന്നതാണ് ഈ രീതിയുടെ മേന്മ.

പേഴ്സണൽ സ്പേസ് എന്ന നിലയിലേക്ക് ബാത്റൂമിന് സ്ഥാനക്കയറ്റം ലഭിച്ചതോടെ സംഭവത്തിന്റെ ലുക്ക് തന്നെ മാറി. ഷവർ ഏരിയയുടെ മുകളിൽ മേൽക്കൂരയില്ലാത്ത ഓപൻ ബാത്റൂമുകൾ രംഗത്തെത്തി. സമ്പന്നരുടെ വീട്ടിൽ മാത്രം കണ്ടുവന്നിരുന്ന ഓപൻ ബാത്റൂമുകൾ ഇപ്പോൾ ഇടത്തരക്കാർക്കിടയിലും ട്രെൻഡാവുകയാണ്. എന്തിനേറെ, കുളിമുറിക്കുള്ളിൽ തന്നെ കോർട്‌യാർഡും ചെടികളുമൊക്കെ സ്ഥാനം പിടിച്ചു കഴിഞ്ഞു.

വെള്ളത്തിന്റെ ഉപയോഗം നിയന്ത്രിക്കുന്നവയാണ് ആധുനിക ബാത്റൂമിലെ ഉപകരണങ്ങളിൽ മിക്കവയും. ഫോസറ്റ്, ഷവർ, വാട്ടർക്ലോസറ്റ് എന്നിവയിലെല്ലാം ജലസംരക്ഷണത്തിന് ഊന്നൽ കൊടുക്കുന്ന സാങ്കേതിക വിദ്യ കാണാം. ഇത്തരം ഗ്രീൻ ബാത്റൂമുകൾ കാലഘട്ടത്തിന്റെ കൂടി ആവശ്യമാണ്.

Your Rating: