Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഡ്രോബ്; ഇതാണിപ്പോൾ ഫാഷൻ!

wardrobe കിടപ്പുമുറികളിലെ ‘ഒഫിഷ്യൽ സ്റ്റോറേജ് സ്പേസ്’ എന്ന നിലയിലേക്ക് വാഡ്രോബ് മാറിക്കഴിഞ്ഞു.

അലമാരയ്ക്കു പകരം വാഡ്രോബ് മുറി കയ്യടക്കുന്നതാണ് പുതിയ കാഴ്ച. മുറിയുടെയും ഇന്റീരിയറിന്റെയും ഭാഗമായിത്തന്നെ തോന്നുമെന്നതും അതുവഴി കാഴ്ചയ്ക്ക് ഭംഗി കൂടുമെന്നതുമാണ് വാഡ്രോബിനോടുള്ള ഇഷ്ടക്കൂടുതലിന് കാരണം. വീട്ടുകാരുടെ ആവശ്യങ്ങളും അഭിരുചിയും കണക്കാക്കി അതനുസരിച്ചുള്ള ഡിസൈനിലും വലുപ്പത്തിലുമെല്ലാം നിർമിക്കാം എന്നതും വാഡ്രോബിന്റെ സ്വീകാര്യത കൂട്ടുന്നു.

ഉള്ളറ വിശേഷങ്ങളിലേക്ക്

wardrobe-trend ഭംഗിക്കു മാത്രമല്ല ഉപയോഗിക്കുന്ന ഹാർഡ് വെയറിന്റെ ഗുണനിലവാരത്തിനും മുൻഗണന നൽകി വേണം വാഡ്രോബ് നിർമിക്കാൻ.

കിടപ്പുമുറികളില്‍ പ്രത്യേകിച്ച് ഡ്രസിങ് ഏരിയയോട് ചേർന്ന് വാഡ്രോബ് ഒരുക്കുന്നതാണ് പൊതുവെയുള്ള രീതി. വസ്ത്രങ്ങൾ, കിടക്കവിരി, ടവൽ, ബാഗുകൾ, പാദരക്ഷകൾ ഇവയൊക്കെ വയ്ക്കാനുള്ള പ്രത്യേകം അറകൾ വാഡ്രോബിലുണ്ടാകും. ഇതുകൂടാതെ വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിക്കാനുള്ള സേഫ് ലോക്കറുകളും വാഡ്രോബിൽ നൽകാം.

organiser-drawer ഓരോ ചെറിയ സാധനവും സൂക്ഷിക്കാൻ പ്രത്യേകം പ്രത്യേകം അറകളോടു കൂടിയ ഓർഗനൈസർ ഡ്രോയർ ആണ് വാഡ്രോബിലെ പുതിയ ട്രെൻഡ്.

ആരാണ് ഉപയോഗിക്കുന്നത് എന്നതനുസരിച്ചു വേണം വാഡ്രോബിന്റെ ഡിസൈൻ തീരുമാനിക്കാൻ. സ്ത്രീകൾക്കും പുരുഷന്മാർക്കും അവർ ഉപയോഗിക്കുന്ന വസ്ത്രത്തിന്റെ പ്രത്യേകതകൾ അനുസരിച്ചുള്ള ഡ്രോയറുകൾ പണികഴിപ്പിക്കുന്നതാണ് ഉചിതം. മാസ്റ്റർ ബെഡ്റൂമിലെ വാഡ്രോബിന് രണ്ടുപേരുടെയും താൽപര്യങ്ങൾ പരിഗണിക്കണം. കുട്ടികളുടെ മുറിയിൽ അവരുടെ സാധനസാമഗ്രികൾ സൂക്ഷിക്കാൻ പാകത്തിനുള്ള വാഡ്രോബ് ആയിരിക്കും അനുയോജ്യം.

നിർമാണവസ്തുക്കൾ

തടി, പ്ലൈവുഡ്, എംഡിഎഫ്, പാർട്ടിക്കിൾ ബോർഡ്, ലാമിനേറ്റഡ് വെനീർ എന്നിവയാണ് വാഡ്രോബ് നിർമിക്കാൻ മുഖ്യമായും ഉപയോഗിക്കുന്നത്. വാഡ്രോബിന്റെ വാതിലിന് ഇഷ്ടപ്പെട്ട നിറവും ഫിനിഷും നൽകാനുള്ള സൗകര്യവും ഇപ്പോൾ ലഭ്യമാണ്. ഇന്റീരിയറിന് അനുസരിച്ച് മാറ്റ്, ഗ്ലോസി, സാറ്റിൻ തുടങ്ങിയ ഫിനിഷുകളിലൊക്കെ വാഡ്രോബ് തയാറാക്കാം. ഇതുകൂടാതെ കന്റെംപ്രറി, ട്രഡീഷനൽ, മോഡേൺ തുടങ്ങിയ ശൈലികൾ വാഡ്രോബിന്റെ കാര്യത്തിലും പിന്തുടരാവുന്നതാണ്. ഉപയോഗിക്കുന്ന നിർമാണവസ്തു, ഡിസൈൻ എന്നിവയാണ് ശൈലിയെ നിശ്ചയിക്കുന്ന പ്രധാന ഘടകങ്ങൾ.

ഡോർ ഹാൻഡിൽ, ലൈറ്റിങ് എന്നിവയുടെയെല്ലാം കാര്യത്തിൽ വളരെ ശ്രദ്ധ പുലർത്തി വാഡ്രോബ് മനോഹരമാക്കുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. ഹാൻഡിൽ ഇല്ലാത്തതും ചെറുതായി വിരലമർത്തുമ്പോൾ തുറക്കുന്നതുമായ വാഡ്രോബുകൾക്കും ആരാധകരേറെയുണ്ട്. ഡ്രസിങ് ഏരിയ പോലെ കുറച്ചു സ്ഥലം ഒഴിച്ചിട്ട് അവിടെ ക്രമീകരിക്കുന്ന വാക്ക്–ഇൻ–വാഡ്രോബിനും പ്രചാരം കൂടിവരുന്നുണ്ട്. ഈ ഭാഗത്തേക്ക് കടക്കാന്‍ വാതിൽ ഉണ്ടാകുമെന്നല്ലാതെ ഇത്തരം വാഡ്രോബിന് പ്രത്യേകമായി ഷട്ടർ ഉണ്ടാകില്ല.

വിവരങ്ങൾക്ക് കടപ്പാട്:

കൽപന അഭിജിത്, ആർക്കിടെക്ട്, കൊച്ചി