Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിയർപ്പിന്റെ മണമുള്ള വീട്

എസ്. അനന്തു.   ചിത്രം: ജാക്സൺ ആറാട്ടുകുളം സ്വന്തം പോക്കറ്റിൽ നിന്നു പണമെടുത്ത് ഒരു വിദ്യാർഥി പണിത വീട് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്.എസ്. അനന്തു. ചിത്രം: ജാക്സൺ ആറാട്ടുകുളം

ആലപ്പുഴ മെഡിക്കൽ കോളജിൽ എംബിബിഎസിനു ചേരാൻ അനന്തു പോയതു ചോർന്നൊലിക്കുന്ന ഒറ്റമുറി വീട്ടിൽ നിന്നാണ്. രണ്ടു വർഷത്തെ പഠനം കഴിഞ്ഞപ്പോൾ അവിടെ ഭംഗിയുള്ള രണ്ടുനില വീടുയർന്നു. സ്വന്തം വിയർപ്പു തുള്ളികൾ അടുക്കിവച്ച് അവൻ തീർത്ത സ്വപ്നക്കൂട്. സ്വന്തമായി പ്ലാൻ വരച്ച്, സ്വന്തം പോക്കറ്റിൽ നിന്നു പണമെടുത്ത് ഒരു വിദ്യാർഥി പണിത വീട് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. രണ്ടു വർഷം ഉറക്കമില്ലാതെ പഠിച്ചും പഠിപ്പിച്ചും ഈ ഇരുപത്തിരണ്ടുകാരൻ യാഥാർഥ്യമാക്കിയത് 26 ലക്ഷം രൂപയുടെ സ്വപ്നവീടാണ്. 

വീടുയർന്ന വഴി  

മെഡിക്കൽ എൻട്രൻസിൽ 91–ാം റാങ്കോടെയായിരുന്നു ആലപ്പുഴ കൊറ്റംകുളങ്ങര പായിക്കാട്ട് ശശികുമാറിന്റെ മകൻ എസ്. അനന്തുവിന്റെ എംബിബിഎസ് പ്രവേശനം. പഠിക്കാൻ മാത്രമല്ല പഠിപ്പിക്കാനും മിടുക്കൻ. മെഡിക്കൽ / എൻജിനിയറിങ് പ്രവേശനത്തിനു തയാറെടുക്കുന്നവർക്കു പരിശീലനം നൽകുന്നതാണു വരുമാനം. രാവിലെയും വൈകിട്ടുമായി ദിവസം ആറു മണിക്കൂർ ക്ലാസെടുക്കും. അവധി ദിവസങ്ങളിൽ അത്, വിവിധ ബാച്ചുകളിലായി 12 മണിക്കൂർ വരെ നീളും. ഒരു ദിവസം ആയിരങ്ങളാണ് ഇങ്ങനെ നേടുന്നത്. വീടുകളിൽപ്പോയും പരിശീലനം നൽകും. അപ്പോൾ പാഠഭാഗത്തിനനുസരിച്ചാണു പ്രതിഫലം.  

ആലപ്പുഴ ആൽഫ അക്കാദമിയിലായിരുന്നു അനന്തുവിന്റെ എൻട്രൻസ് പരിശീലനം. ഇപ്പോൾ അവിടെത്തന്നെ അധ്യാപകൻ. വിദ്യാർഥിയായിരുന്നപ്പോൾ ഒരു രൂപ പോലും ഫീസ് വാങ്ങിയില്ലെങ്കിലും അധ്യാപകനായപ്പോൾ തരേണ്ടതിലധികം പണം തന്നു സഹായിച്ച അക്കാദമി ഡയറക്ടർ റോജസ് ജോസഫാണു വീടെന്ന അനന്തുവിന്റെ സ്വപ്നത്തിനു ചിറകേകിയത്. നന്ദി പറയേണ്ട മറ്റു ചിലരുമുണ്ട്; പ്ലസ് ടു കഴിഞ്ഞപ്പോൾത്തന്നെ അധ്യാപകനാകാൻ ആത്മവിശ്വാസം പകർന്ന എസ്‍ഡിവി സ്കൂൾ അധ്യാപകൻ ജയൻ ആർ. കൃഷ്ണൻ, ഒപ്പം താമസിപ്പിച്ചു പഠിപ്പിച്ച ചിറ്റപ്പൻ മുരളി, ഭാര്യ ജയ തുടങ്ങി പേരുകൾ നീളുന്നു.  

അക്കൗണ്ടന്റാകേണ്ട, ഡോക്ടർ മതി  

വഴിച്ചേരിയിലെ കയർഫെഡ് ഓഫിസിനു സമീപമുള്ള ഫോട്ടോസ്റ്റാറ്റ് – ഡിടിപി കടയിലായിരുന്നു അമ്മ ലതയുടെ ജോലി. ഇവിടെ തയാറാക്കുന്ന പല രേഖകളിലും ചാർട്ടേഡ് അക്കൗണ്ടന്റിന്റെ ഒപ്പു വാങ്ങേണ്ട ചുമതല അനന്തുവിനും. ബില്ലുകൾ പാസാക്കുന്ന ‘വിലപിടിച്ച ഒപ്പുകളിൽ’ അന്നു കണ്ണുടക്കി. ഓരോ ഒപ്പിനും പണം കിട്ടുന്ന ഈ ജോലി മതിയെന്നു കുഞ്ഞുമനസ്സിൽ ആഗ്രഹമുണ്ടാക്കിയതു ദാരിദ്ര്യം കൂടിയായിരുന്നു.  

ആ ചിന്ത മാറ്റിയത് ആലപ്പുഴ മെഡിക്കൽ കോളജിലെ ഡോക്ടർമാരാണ്. മികച്ച റാങ്കുള്ളതിനാൽ, മറ്റു കോളജുകളിൽ അഡ്മിഷൻ ലഭിക്കുമായിരുന്നിട്ടും പഠനം ഇവിടെ മതിയെന്നു തീരുമാനിച്ചത് ആശുപത്രിയുമായുള്ള ആത്മബന്ധത്താലാണ്. അച്ഛനെ പരിചരിക്കാൻ ആശുപത്രിയിൽ ചെലവഴിച്ച ദിവസങ്ങൾക്കു കണക്കില്ല. സൗദിയിൽ സ്വകാര്യ കമ്പനിയിൽ പാക്കിങ് തൊഴിലാളിയായിരുന്ന അച്ഛൻ ശശികുമാർ,, വെരിക്കോസ് വെയിനിന്റെയും സന്ധിവാതത്തിന്റെയും ബുദ്ധിമുട്ടുകൾ മൂലം പത്തുവർഷം മുൻപു തിരികെയെത്തി. പിന്നെ കൂടുതൽ ദിവസങ്ങളും ആശുപത്രിയിലായിരുന്നു. ദൈവതുല്യരാണു ഡോക്ടർമാരെന്ന് അന്നത്തെ അനുഭവങ്ങൾ പഠിപ്പിച്ചു.  

സർക്കാർ വീട് വലുതായപ്പോൾ  

രണ്ടായിരം ചതുരശ്ര അടിയുള്ള വീട് ഉയരുന്നതിനു മുൻപ് ഇവിടെ പണിയാനുദ്ദേശിച്ചത് ഒരു കൊച്ചു വീടാണ്. പൊളിഞ്ഞുവീഴാറായ പഴയ വീടിന്റെ അവസ്ഥയറിഞ്ഞ ജനപ്രതിനിധികൾ പ്രധാൻമന്ത്രി ആവാസ് യോജന വഴി വീട് അനുവദിച്ചു. ആദ്യഗഡുവായി ലഭിച്ച 25,000 രൂപ ഉപയോഗിച്ച് ഒരു മുറിക്കും അടുക്കളയ്ക്കും അടിസ്ഥാനം കെട്ടി. പദ്ധതി വഴി പണിയുന്ന വീട് 600 ചതുരശ്ര അടിയിൽ കൂടരുതെന്ന നിബന്ധനയുണ്ട്.  

അപ്പോഴും മനസ്സിലൊരു പദ്ധതിയുണ്ടായിരുന്നു. നാലു വർഷം കഴിയുമ്പോൾ ഡോക്ടറാകും. അപ്പോൾ വലുതാക്കാനാകുന്ന തരത്തിൽ വേണം വീടു പണിയാൻ... എൻട്രൻസ് പരിശീലനത്തിലൂടെ പണം ലഭിച്ചു തുടങ്ങിയപ്പോൾ കുറച്ചു കൂടി വലിയ വീടു വയ്ക്കാമെന്ന ആത്മവിശ്വാസമായി. അങ്ങനെ പ്രത്യേക അനുവാദം വാങ്ങി, സർക്കാർ ധനസഹായം പലിശസഹിതം തിരിച്ചടച്ചു. കെഎസ്എഫ്ഇയിൽ സ്ഥലം പണയപ്പെടുത്തി ആറു ലക്ഷം രൂപ ഭവനവായ്പയെടുത്തു. വീടിന്റെ ആദ്യഘട്ട നിർമാണം തുടങ്ങി.  

ബുള്ളറ്റ് ഒരു വീടാകുന്നു  

രണ്ടു പതിറ്റാണ്ട് പഴക്കമുള്ള ഒരു ബൈക്കിലായിരുന്നു ട്യൂഷനെടുക്കാനുള്ള യാത്രകൾ. ഒരു അധ്യാപകൻ വെറുതേ തന്നതാണ് ആ വണ്ടി. അതുമാറ്റി ഒരു ബുളളറ്റ് വാങ്ങാൻ കുറേശ്ശെ പണം സ്വരുക്കൂട്ടി. ഒറ്റ മുറി വീട്ടിൽ അമ്മയും രോഗിയായ അച്ഛനും കഷ്ടപ്പെടുന്നതു കണ്ടപ്പോൾ ബൈക്കല്ല, നല്ലൊരു വീടാണു വേണ്ടതെന്നു തോന്നി. സ്വന്തമായി പ്ലാൻ വരച്ചു, വീടു നിർമാണം തുടങ്ങി.  

കയറ്റിറക്കുൾപ്പെടെ മിക്ക ജോലികളും തന്നെ ചെയ്തു. വീടുപണി പഠനത്തെ ബാധിക്കുമെന്ന സ്ഥിതിയായപ്പോഴാണ് എൻട്രൻസ് ക്ലാസിലെ ശിഷ്യനായ മനുവിന്റെ അച്ഛൻ, കോൺട്രാക്ടറായ മഹേശ്വരൻ സഹായിക്കാമെന്നേറ്റത്. പിന്നീടു ജോലികൾക്കെല്ലാം മേൽനോട്ടം വഹിച്ചത് അദ്ദേഹമാണ്. 

അധ്യാപകരും സഹപാഠികളും സാമ്പത്തികമായി സഹായിച്ചു. കഴിഞ്ഞ മാസം വീടു പണി പൂർത്തിയാക്കി. സുഹൃത്തുക്കളെയൊക്കെ വീട്ടിലേക്കു വിളിച്ചു ചെറിയൊരു സൽക്കാരം നടത്തി. അന്ന് അവരിൽ ചിലർ ഈ വീടിന്റെ ചിത്രവും ചരിത്രവും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.  

ഈ വീട്ടിൽ ഞാൻ ഉറങ്ങാറില്ല  

ഇതിനിടെ ചേട്ടൻ അഖിൽ എംബിഎ പഠനം പൂർത്തിയാക്കി. അനന്തു ഇപ്പോൾ എംബിബിഎസ് മൂന്നാം വർഷ വിദ്യാർഥി. ‘വീടു പണി കഴിഞ്ഞല്ലൊ, ഇനി പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കൂ’ എന്ന അധ്യാപകരുടെ ഉപദേശം അനുസരിക്കാനാണു തീരുമാനം. ക്ലാസെടുക്കുന്നതു കുറച്ചു. (വീടിന്റെ പിറകേ നടന്നെങ്കിലും അതിന്റെ പേരിൽ മാർക്കൊന്നും കുറഞ്ഞിട്ടില്ലെന്ന് അനന്തു പറയുന്നു).  

വായ്പ തിരിച്ചടവ് ഒഴികെ വീടിനായുള്ള സാമ്പത്തിക ബാധ്യതകളെല്ലാം തീർന്നു. ആ തുക അടയ്ക്കാൻ വേണ്ടി എൻട്രൻസ് അക്കാദമിയിലെ ഹോസ്റ്റലിൽ വാർഡന്റെ ജോലി കൂടി ഇപ്പോൾ ചെയ്യുന്നുണ്ട്. 

രാത്രി അവിടെയാണുറക്കം. രാവിലെ വീട്ടിൽ വന്നു ഭക്ഷണം കഴിച്ച് ആദ്യം ക്ലാസെടുക്കാൻ പോകും, പിന്നെ മെഡിക്കൽ കോളജിലേക്കും. ആഗ്രഹിച്ചു പണിത വീട്ടിൽ താമസിക്കാനാകാത്തതിൽ വിഷമമില്ല. അച്ഛനും അമ്മയും ചേട്ടനും വീടിന്റെ സുരക്ഷിതത്വത്തിലായി എന്ന സന്തോഷം മാത്രം. ‘പിന്നെ, വീടു പൂർത്തിയായ ശേഷം ഞാനൊരു ബുള്ളറ്റ് വാങ്ങി. ഇപ്പോൾ അതിലാണു കറക്കം. ഇതൊക്കെയാണെന്റെ കൊച്ചു കൊച്ചു സന്തോഷങ്ങൾ..’