Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വലിച്ചെറിയരുതേ ആവശ്യക്കാരുണ്ട്...

b-organ ബി ഓർഗന്‍ – പഴയ കെട്ടിടഭാഗങ്ങളുടെ ഓൺലൈൻ കലവറ. സന്മനസ്സുള്ളവര്‍ക്ക് നൽകാം; ആവശ്യക്കാർക്ക് സ്വന്തമാക്കാം.

വീടുവയ്ക്കാനുള്ള പെടാപ്പാട്! ഓഫിസിൽ പാചകത്തിനെത്തുന്ന അംബികചേച്ചിയുടെ അവസ്ഥ കണ്ടപ്പോഴാണ് ആർക്കിടെക്ടുമാരായ ഡോ. സൗമിനിക്കും വിഷ്ണുവിനും അതിന്റെ തീവ്രത ബോധ്യമായത്.

വലിയ വീടൊന്നുമല്ല, രണ്ട് മുറികൾ മാത്രമുള്ള ചെറിയൊരു വീടാണ് അംബികചേച്ചി പണിയുന്നത്. പക്ഷേ, അതിനനുഭവിക്കുന്ന ബുദ്ധിമുട്ടോ?

എന്താണിതിനൊരു പരിഹാരം എന്നായി പിന്നീടുള്ള ചിന്ത. പണമാണ് മുഖ്യഘടകം. എന്നാൽ എല്ലാവരെയും പണം നൽകി സഹായിക്കുക പ്രായോഗികമല്ല. പണത്തെ എന്തുകൊണ്ട് ‘റീപ്ലേസ്’ ചെയ്യാം എന്നതായി അടുത്ത അന്വേഷണം. ‘മെറ്റീരിയൽ’ എന്നതായിരുന്നു സൗഹൃദക്കൂട്ടായ്മയിലെ എല്ലാവർക്കും സ്വീകാര്യമായ ഉത്തരം. എങ്ങനെ പാവപ്പെട്ടവർക്കായി നിർമാണവസ്തുക്കൾ സമാഹരിക്കാം എന്നതായി അടുത്ത അന്വേഷണം.

നിസ്സാര കേടുപാടുകളുടെ പേരിൽ വലിച്ചെറിയപ്പെടുന്ന കെട്ടിടഭാഗങ്ങളുടെയും നിർമാണവസ്തുക്കളുടെയും അളവിനെപ്പറ്റി നല്ല ബോധ്യം ഉണ്ടായിരുന്നതിനാൽ പിന്നീടുള്ള അന്വേഷണങ്ങൾ ആ വഴിക്കു നീണ്ടു.

“മനുഷ്യർ അവയവങ്ങൾ ദാനം ചെയ്യാറില്ലേ... അതുപോലെ വീടുകളുടെ ഭാഗങ്ങളും ദാനം ചെയ്തുകൂടേ?”

അങ്ങനെയാണ് ‘ബി-ഓർഗൻ’ എന്ന വെബ്സൈറ്റിന്റെ പിറവി. വീടു നിർമാണത്തിന് ഉപയോഗിക്കാൻ കഴിയുന്ന എന്ത് സാധനമുണ്ടെങ്കിലും അത് ബി ഓർഗൻ വഴി അറിയിക്കാം. ആവശ്യക്കാർക്ക് സൗജന്യമായി ഇവ സ്വന്തമാക്കാം. ദാനം ചെയ്യുന്നവരും ആവശ്യക്കാരും തമ്മിൽ നേരിട്ടുള്ള ഇടപാടായതിനാൽ ഇടനിലക്കാരോ പണമിടപാടോ ഒന്നും ഇവിടെയില്ല.

തിരുവനന്തപുരത്തെ ആർക്കിടെക്ചർ സ്ഥാപനമായ സ്റ്റുഡിയോ കമ്യൂണിന്റെ മേൽനോട്ടത്തിലാണ് ബി–ഓർഗന്റെ പ്രവർത്തനം.

“നിർമാണവസ്തുക്കള്‍ പാഴാക്കാതെ നൽകാൻ താൽപര്യമുള്ളവരെയും ആവശ്യക്കാരെയും കൂട്ടിയിണക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോം ആണ് ബി–ഓർഗൻ. നൂറ് ശതമാനവും സൗജന്യമാണ് സേവനം.” സ്റ്റുഡിയോ കമ്യൂണിലെ ആർക്കിടെക്ടുമാരായ ഡോ. സൗമിനിയും വിഷ്ണുവും പറയുന്നു.

വിടരട്ടെ പൂക്കൾ

b-organ-team നിർമാണസാമഗ്രികൾ ശേഖരിച്ചു നിർമിച്ചു കൊടുത്ത വീടിനു മുന്നിൽ ബി ഓർഗൻ അംഗങ്ങൾ

പൊളിച്ചു കളയുന്ന വീടുകളുടെ ഭാഗങ്ങള്‍, ചെറിയ കേടുപാടുകളുടെ പേരിൽ മാറ്റുന്ന വസ്തുക്കൾ ഇവയെല്ലാം ബി–ഓർഗൻ വഴി ദാനം ചെയ്യാം. സാധാരണഗതിയില്‍ ചെറിയ പൊട്ടലൊക്കെയുള്ള സാനിറ്ററിവെയർ കടക്കാർ പൊട്ടിച്ചു കളയുകയാണ് പതിവ്. നിർമാണവസ്തുക്കളുടെ പുനരുപയോഗം സാധ്യമാക്കുന്നതിനൊപ്പം നിർധനരുടെ ഭവനസ്വപ്നങ്ങൾക്ക് ചിറകു നൽകുകയാണ് ബി–ഓർഗൻ ചെയ്യുന്നത്.

എന്തെങ്കിലും ജോലി ചെയ്തു കൊടുത്ത് പാവപ്പെട്ടവരുടെ വീടുനിർമാണത്തിൽ പങ്കാളിയാകാൻ തയാറുള്ളവർക്കായി സർവീസ് റജിസ്റ്ററും ഉടൻ നിലവിൽവരും. മാസത്തിലൊരിക്കലോ വർഷത്തിലൊരിക്കലോ ഒന്നോ രണ്ടോ ദിവസം സേവനം എന്ന നിലയിൽ ജോലി ചെയ്തു കൊടുക്കാൻ താൽപര്യമുള്ളവർക്ക് ഇതിൽ റജിസ്റ്റർ ചെയ്യാം. സമൂഹത്തിൽ ഇനിയും നന്മ വറ്റിയിട്ടില്ലെന്ന് ഉറപ്പിക്കാം.

ടൈൽ മുതൽ ഓട് വരെ

വാതിൽ, ജനൽ, ടൈൽ, ഓട്, ഷീറ്റ് ഫർണിച്ചര്‍ എന്നിവയെല്ലാം ബി–ഓർഗനിലൂടെ ദാനം ചെയ്യാം. www.b-organ.com എന്ന വെബ്സൈറ്റ് വഴിയാണ് നിര്‍മാണ വസ്തുക്കൾ കൈമാറേണ്ടത്. നൽകാൻ തയാറുള്ള വസ്തുക്കളുടെ വിശദാംശങ്ങള്‍, ചിത്രം, ബന്ധപ്പെടാനുള്ള വിലാസം, ഫോൺ നമ്പർ എന്നിവയെല്ലാം വെബ്സൈറ്റില്‍ നൽകാം. ആവശ്യക്കാർക്ക് ഇതുവഴി നേരിട്ട് ബന്ധപ്പെടാനാകും. എന്തൊക്കെ നിർമാണവസ്തുക്കൾ ലഭ്യമാണ് എന്ന വിവരം ഹോം പേജിൽ തന്നെ അറിയാന്‍ കഴിയും.