ആരും ഫ്ലാറ്റായിപ്പോകും!

അകത്തേക്ക് കയറിയാൽ ആരും ‘ഫ്ലാറ്റായിപ്പോകുന്ന’ ഇന്റീരിയർ ആണ് ഈ അപാർട്മെന്റിലേത്.

കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന് അടുത്താണ് നോയൽ ഡിഫൈൻ അപാർട്മെന്റ് സമുച്ചയം. ഒരു നിലയിൽ രണ്ട് ഫ്ലാറ്റ് മാത്രമുള്ള ഈ സമുച്ചയത്തിലെ 2900 ചതുരശ്രയടി വിസ്തൃതിയുള്ള ഈ ഫ്ലാറ്റിനെ ഒരു സ്വപ്നസുന്ദരിയായി മാറ്റിയിരിക്കുന്നത് ഇവിടത്തെ ഇന്റീരിയർ ക്രമീകരണങ്ങളാണ്. ധാരാളം സ്ഥലമുണ്ടെന്ന പ്രതീതി ഉളവാകത്തക്ക രീതിയിൽ പ്രൗഢവും അതേസമയം മോഹനവുമാണ് ഇളംപച്ച നിറങ്ങളിലുള്ള ഇന്റീരിയർ.

Drawing Area

വാതിൽ തുറന്നാൽ കാണാം ഇളംപച്ച പേസ്റ്റൽ നിറങ്ങളിൽ മനസ്സിൽ കുളിരു കോരുന്നൊരു സ്വീകരണമുറി. കർട്ടനും അപ്ഹോൾസ്റ്ററിയുമെല്ലാം നേർത്ത പച്ചനിറത്തിൽ. മെറ്റൽ അലങ്കാരങ്ങൾക്കാണ് പ്രാധാന്യം. ടീപോയ്, സൈഡ് ടേബിൾ എന്നിവയും മെറ്റൽ ഫ്രെയിമിൽ ടൈൽ വച്ച് ഉണ്ടാക്കി.

Family Living Area

ഡ്രോയിങ് റൂമിൽനിന്നുതന്നെ കാണാം ഡൈനിങ് ഹാൾ. ഹാളിന്റെ ഒരു മൂലയിലാണ് ഫാമിലി ലിവിങ്. പച്ച, നീല നിറങ്ങളുടെ കോംബിനേഷനാണ് ഇവിടത്തെ ഇന്റീരിയറിന്റെ സെന്റർ പോയിന്റ്. ചുവരിലെ പെയിന്റിങ്ങും ഫർണിഷിങ്ങും എല്ലാ മുറികളിലും ഒത്തുപോകുന്നു. ഇതെല്ലാം ബാലൻസ് ചെയ്യാൻ ഇളംനിറത്തിലുള്ള ലാമിനേറ്റഡ് വുഡൻ ഫ്ലോറിങ്ങും ഉപയോഗിച്ചു.

Dining Area

‘എൽ’ ആകൃതിയിലുള്ള ഡൈനിങ് ഹാളിനെ ഡൈനിങ്ങും ഫാമിലി ലിവിങ്ങുമായി തിരിച്ചു. ടിവി വയ്ക്കാനുള്ള ചുവരിൽ നാച്വറൽ സ്റ്റോണ്‍ കൊണ്ടാണ് ക്ലാഡിങ്. ടേബിളിനു മുകളിലെ സീലിങ്ങിൽ വിനൈൽ സ്റ്റിക്കർ ഒട്ടിച്ചത് തടിയാണെന്നേ തോന്നുകയുള്ളൂ. ബോക്സ് ടൈപ്പിലുള്ള ‘വാം ലൈറ്റിങ്’ ഊഷ്മളമായ പ്രകാശം ചൊരിയുന്നു.

Kitchen

ഡൈനിങ്ങിന് നേരെ എതിരെയാണ് കിച്ചൻ. അതിനു തൊട്ടുമുമ്പ് പാൻട്രി ഏരിയയും. പാൻട്രിയിൽ നിന്ന് ഒരു ചെറിയ ഓപ്പനിങ്ങുമുണ്ട് കിച്ചനിലേക്ക്. പിയു പെയിന്റ് അടിച്ച കബോർഡുകൾ അടുക്കളയെ സൗന്ദര്യറാണിയാക്കുന്നു. അടുക്കളയ്ക്കപ്പുറം വർക്ഏരിയയായും ബാൽക്കണി ഉപയോഗിക്കാം. ചെറിയ ഡൈനിങ് ടേബിളും സജ്ജീകരിച്ചു.

Bedrooms

മൂന്നു കിടപ്പുമുറികളാണ് ഫ്ലാറ്റിൽ ഉള്ളത്. വലുപ്പം കൂടിയ മുറികളിലെല്ലാം വലിയ ഫ്ലോറിങ് ടൈൽ ഉപയോഗിച്ചു. ഇണങ്ങുന്ന കർട്ടനുകളാണ് ഓരോ മുറിയിലുമുള്ളത്. ഗെസ്റ്റ് ബെഡ്റൂമിൽനിന്ന് പുറത്തേക്കിരിക്കാൻ ബാൽക്കണിയുണ്ട്. പ്ലൈയിൽ മെംബ്രേൻ സ്റ്റിക്കർ ഒട്ടിച്ച് വാഡ്രോബുകൾ അണിയിച്ചൊരുക്കി.

Accessories

ഇന്റീരിയർ ഡിസൈനിന്റെ വലിയൊരു ആകർഷണം ഇവിടത്തെ ലാംപ്ഷേഡുകളാണ്. തുണിയും തടിയും ചേർന്നതാണ് ലാംപ്ഷേഡുകൾ. ഫിലമെന്റ് ബൾബിനെ ഓർമിപ്പിക്കുന്ന തരം ലാംപ്ഷേഡുകൾ ‘വാം ലൈറ്റ്’ ചൊരിയുന്നു ഫ്ലാറ്റിനകത്ത്.

Balcony

ഏതു ഫ്ലാറ്റിന്റെയും മൂല്യം പുറത്തോട്ടുള്ള അതിന്റെ ബാൽക്കണികളാണ്. വീതിയേറിയ ഈ ബാൽക്കണിയെ ആകർഷകമാക്കുന്നത് ഇവിടത്തെ ഗാര്‍ഡൻ ഫർണിച്ചറാണ്. തറയിലും ചുവരിലും ചെടികൾ സ്ഥാനം പിടിച്ചിരിക്കുന്നു. നിരക്കിനീക്കാവുന്ന വാതിൽ വഴിയാണ് ഡൈനിങ് ഏരിയയിൽനിന്ന് ബാൽക്കണി വേർതിരിച്ചിരിക്കുന്നത്.

Project Facts

Area: 2900 Sqft

Architect: അന്ന കുരുവിള

ഇവോൾവ് ഡിസൈൻ, കൊച്ചി

4evolvedesigns@gmail.com

Design Team: ചിത്തു സൂസൻ ജോൺ, അഞ്ജു വർഗീസ്,

ഷീബ യോഹന്നാൻ, അനു എലിസബത്ത് ജോസ്

Location: കലൂർ, കൊച്ചി

Year of completion: മാർച്ച്, 2017

Read more- Buy Flat in Kochi Flat Interior Kochi