ഭവനവായ്പകളില്‍ കാഷ്ബാക്ക് ഓഫറുകള്‍ വ്യാപകമാകുമോ?

വായ്പയുടെ കാലയളവ് 15-30 വര്‍ഷം വരെയായായാണ് നിശ്ചയിച്ചിരിക്കുന്നത്. വായ്പത്തുകയ്ക്കു പരിധി നിശ്ചയിച്ചിട്ടുമില്ല. ആദ്യഗഡു അടയ്ക്കുന്നതു മുതല്‍ കാഷ് ബാക്ക് ലഭിച്ചു തുടങ്ങും.

വീട് വയ്ക്കാനോ വാങ്ങാനോ ആഗ്രഹിക്കുന്നവരുടെ എണ്ണത്തില്‍ അഭൂതപൂര്‍വമായ വര്‍ധനയാണ് വര്‍ഷാവര്‍ഷം ഉണ്ടാകുന്നത്. അത്യാവശ്യം ശമ്പളമുള്ള യുവതലമുറയില്‍ പെട്ടവരെല്ലാം സ്വന്തമായി വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ ഇന്ന് കൂടുതല്‍ ശ്രമിക്കുന്നുണ്ട്. ഇത് മുതലെടുക്കാന്‍ ബാങ്കുകളും തയാര്‍. വീട് വയ്ക്കാന്‍ വായ്പ നല്‍കുന്നതില്‍ പുതിയ പല തന്ത്രങ്ങളും ബാങ്കുകള്‍ പരീക്ഷിക്കുന്നുണ്ട്. കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുക തന്നെ ലക്ഷ്യം. 

ഭവനവായ്പയില്‍ കാഷ്ബാക്ക് ഓഫറുകളുമായി ബാങ്കുകള്‍ രംഗത്തെത്തുന്നതാണ് ഇതിലെ പുതിയ പ്രവണത. ആക്‌സിസ് ബാങ്കിന് പിന്നാലെ രാജ്യത്തെ ഏറ്റവും  വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കും ഭവനവായ്പയില്‍ കാഷ്ബാക്ക് ഓഫറിലേക്ക് തിരിഞ്ഞിരിക്കുകയാണ്. 

എന്താണ് കാഷ്ബാക്ക് ഭവനവായ്പ?

ഭവനവായ്പയുടെ ഓരോ ഇഎംഐ (പ്രതിമാസ ഗഡു) തിരിച്ചടവിനും ഒരു ശതമാനം കാഷ്ബാക്ക് ലഭിക്കുന്ന തരത്തിലുള്ളതാണ് ഐസിഐസിയുടെ പ്രത്യേക ഭവനവായ്പ. വായ്പാ കാലാവധി മുഴുവന്‍ ഈ ആനുകൂല്യം ലഭിക്കുമെന്നതാണ് പ്രത്യേകത. ഐസിഐസിഐയുടെ ഭവന വായ്പാ മാനദണ്ഡങ്ങളനുസരിച്ച് കുറഞ്ഞത് 15 വര്‍ഷം കാലാവധിയുള്ള ഭവന വായ്പയ്ക്കാണ് കാഷ് ബാക്ക് ലഭിക്കുന്നത്.

കാഷ് ബാക്ക് ഉപഭോക്താവിന്റെ ഐസിഐസിഐ ബാങ്കിലെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയോ അല്ലെങ്കില്‍ ഭവന വായ്പയുടെ വായ്പത്തുകയില്‍ വരവു വയ്ക്കുകയോ ചെയ്യാവുന്ന രീതിയിലാണ് സംവിധാനമെന്ന് ഐസിഐസിഐ വിശദീകരിക്കുന്നു. വായ്പത്തുകയില്‍ വരവു വയ്ക്കുന്ന രീതിയാണ് പിന്തുടരുന്നതെങ്കില്‍ വായ്പാ തിരിച്ചടവ് നേരത്തെ പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. 

വിദേശ ഇന്ത്യക്കാര്‍ക്കും ഐസിഐസിഐ കാഷ്ബാക്ക് ഭവനവായ്പ ഓഫര്‍ ലഭ്യമാക്കുന്നുണ്ട്. വായ്പയുടെ കാലയളവ് 15-30 വര്‍ഷം വരെയായായാണ് നിശ്ചയിച്ചിരിക്കുന്നത്. വായ്പത്തുകയ്ക്കു പരിധി നിശ്ചയിച്ചിട്ടുമില്ല. ആദ്യഗഡു അടയ്ക്കുന്നതു മുതല്‍ കാഷ് ബാക്ക് ലഭിച്ചു തുടങ്ങും. ഈ തുക കൂട്ടിവച്ച് മുപ്പത്തിയാറാം ഗഡുവില്‍ ഇടപാടുകാരന്റെ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യും. തുടര്‍ന്നുള്ള ഓരോ പന്ത്രണ്ടാം ഗഡുവിലും കാഷ് ബാക്ക് ക്രെഡിറ്റ് ചെയ്യുന്ന രീതിയിലാണ് സംവിധാനം.

ശുഭ് ആരംഭ് എന്ന പേരില്‍ ആക്‌സിസ് ബാങ്കും ഇത്തരത്തിലുള്ള കാഷ്ബാക്ക് ഭവനവായ്പ അവതരിപ്പിച്ചിരുന്നു. 20 വര്‍ഷം കാലാവധിയുള്ള ഭവനവായ്പയില്‍ നാല്, എട്ട്, 12 വര്‍ഷങ്ങളില്‍ നാല് ഇഎംഐകള്‍ അടയ്‌ക്കേണ്ടെന്ന തരത്തിലാണ് ആക്‌സിസ് ബാങ്കിന്റെ കാഷ്ബാക്ക് ഭവനവായ്പ. 

Read more on Home Plan Guide Malayalam Home Plan Kerala