Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊങ്കാലയുടെ പുണ്യം ഇനി പാവപ്പെട്ടവരുടെ വീടിനും ബലം

attukal-ponkala ഇഷ്ടിക ശേഖരിച്ച സന്നദ്ധ പ്രവർത്തകർ

പൊങ്കാലയ്ക്കു ശേഷം ഭക്തർ ഉപേക്ഷിച്ച  ഇഷ്ടികകൾ ഇനി വീടില്ലാത്ത പതിനഞ്ചു നിർധന കുടുംബങ്ങളുടെ ഭവന സ്വപ്നത്തിനു ബലമേകും. അമ്മ വീട് പദ്ധതിക്കായി ഒരുലക്ഷം ഇഷ്ടികകൾ കോർപറേഷൻ ശേഖരിച്ചു. വിവിധ കേന്ദ്രങ്ങളിൽ സൂക്ഷിച്ചുവച്ചിട്ടുള്ള കല്ലുകൾ ആർക്കിടെക്ടുകളുടെ സംഘടനയായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർക്കിടെക്ട്‌സിന്റെ 'ബിയോണ്ട് ബ്രിക്‌സ് ' പ്രദർശനത്തിനു ശേഷം ഭവനരഹിതരായ പാവങ്ങൾക്കു നൽകും. 

കിഴക്കേക്കോട്ട മുതൽ കവടിയാർ വരെയും വഞ്ചിയൂർ കോടിതി വളപ്പിലെയും യൂണിവേഴ്സിറ്റി കോളജ്, നഗരസഭാ മെയിൻ ഓഫിസ്, പബ്ളിക് ഓഫിസ്, വാട്ടർ അതോറിറ്റി എന്നിവിടങ്ങളിലെയും ഇഷ്ടികകളാണു ശേഖരിച്ചത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്് ഓഫ് ആർക്കിടെക്റ്റ്സിന്റെ സഹകരണത്തോടെ നിയോഗിച്ച വൊളന്റിയർമാരുടെ നേതൃത്വത്തിലായിരുന്നു ശേഖരണം. മറ്റു സ്ഥലങ്ങളിൽ നിന്നു ലഭിച്ച ഇഷ്ടികകൾ റസിഡന്റ്സ് അസോസിയേഷനുകളും സന്നദ്ധ സംഘടനകളും കോർപറേഷനു കൈമാറി. ഇഷ്ടികകൾ അർഹരായവർക്ക് ഉടൻ വിതരണം ചെയ്യുമെന്നു മേയർ വി.കെ.പ്രശാന്ത് പറഞ്ഞു.

ponkala-6

വൊളന്റിയർമാർ അഞ്ചു വിഭാഗമായി തിരിഞ്ഞ് ഇന്നലെ വൈകിട്ട് അഞ്ചിനു മുൻപ് മുഴുവൻ ഇഷ്ടികകളും ശേഖരിച്ചു. കിഴക്കേക്കോട്ട മുതൽ കവടിയാർവരെയുള്ള ഭാഗത്തെ കല്ലുകളാണ് ആദ്യം ശേഖരിച്ചത്. ഇവ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്‌സിനു നൽകി. അവർ   ഇന്നുമുതൽ ആറുവരെ ബ്രിക്ക് ഇൻസ്റ്റലേഷനുകളുടെ നിർമാണവും പ്രദർശനവും. നടത്തും. പാവപ്പെട്ടവരുടെ ആർക്കിടെക്ട് എന്നറിയപ്പെട്ടിരുന്ന ലാറി ബേക്കറുടെ നൂറാം ജന്മദിനത്തോടനുബന്ധിച്ചാണു നഗരത്തിൽ ബ്രിക്ക് ഇൻസ്റ്റലേഷനുകൾ ഒരുക്കുക.

ആർക്കിടെക്ടുകൾ, ആർട്ടിസ്റ്റുകൾ, ഡിസൈനർമാർ, വിദ്യാർഥികൾ, കൽപ്പണിക്കാർ എന്നിവരുടെ നേതൃത്വത്തിലാണു ബ്രിക്ക് ഇൻസ്റ്റലേഷനുകൾ നിർമിക്കുന്നത്. ശേഷം യൂണിവേഴ്‌സിറ്റി കോളേജ് മുതൽ കവടിയാർ വരെയുള്ള ഭാഗത്ത് ഇവ പ്രദർശിപ്പിക്കും. പിന്നീട് ഇൻസ്റ്റലേഷനുകൾ പൊളിച്ചുമാറ്റി ഇഷ്ടികകൾ ഭവനരഹിതർക്കു  വീടുവയ്ക്കാൻ നൽകും. ഒരു വാർഡിൽ ഒരു വീട് എന്ന നലയിൽ പതിനഞ്ചു വീടുകൾ നിർമ്മിക്കാൻ കഴിയും എന്നാണു കോർപറേഷൻ ഭരണസമിതിയുടെ പ്രതീക്ഷ. കോർപറേഷന്റെ അഭ്യർഥന പ്രകാരം ശ്രീ ശങ്കരാചാര്യ  സംസ്കൃത സർവകലാശാല സെന്ററിലെ എൻഎസ്എസ് യൂണിറ്റ് അംഗങ്ങളാണു കിഴക്കേക്കോട്ട മുതൽ സ്പെൻസർ ജംക്‌ഷൻ വരെയുള്ള ഇഷ്ടിക ശേഖരിച്ചത്. പ്രോഗ്രാം ഓഫിസർ ഡോ.ആർ.ഗീതാദേവി, ഡോ.പി.വി.ഓമന എന്നിവർ നേതൃത്വം നൽകി.‌