Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സരോജിനിക്ക് വേണം, ഓർമകൾ അടുക്കി വയ്ക്കാൻ ഒരു മുറിയെങ്കിലും

sarojini-house

ബന്ധുക്കളുടെ പൊട്ടിച്ചിരികളും ബഹളങ്ങളുമെല്ലാം നിറഞ്ഞൊരു വീട് സരോജിനിയുടെ ഓർമയിലുണ്ട്. എന്നാൽ കാലംചെന്നപ്പോൾ ബന്ധുക്കളെല്ലാം പടിയിറങ്ങി, വീടും വീട്ടുകാരിയും മാത്രമായി. ദിവസങ്ങളല്ല, മാസങ്ങളല്ല, ഇരുപതോളം വർഷങ്ങൾ.  കോട്ടൂളി കൊടിച്ചിക്കാട്ടിൽ സരോജിനി (84) വിളിക്കുമ്പോൾ വിളികേൾക്കാൻ ഇന്ന് രണ്ടു പൂച്ചക്കുട്ടികൾ മാത്രം. പ്രായം സരോജിനിയുടെ ശരീരത്തെ തളർത്തിക്കഴിഞ്ഞു, വേച്ചുവേച്ചു നടക്കുമെന്നു മാത്രം. വീടിന്റെ ഏതുഭാഗത്തേക്കു നോക്കിയാലും ചിതൽപ്പുറ്റ്.  ദ്രവിച്ചുതുടങ്ങിയ മേൽക്കൂര, പൊട്ടിപ്പോയ ഓടുകൾ. വീട്ടിനകത്താണെങ്കിൽ പഴയ സാധനങ്ങളുടെ കൂമ്പാരങ്ങൾ. മാറാലയും പൊടിപടലങ്ങളും മൂടിയ ചുവരുകൾ. 

മുറ്റത്തെ പ്ലാവിൽ ചക്കയുളളപ്പോൾ വിശപ്പുമാറ്റാൻ ചക്കകഴിക്കും. അല്ലാത്തപ്പോൾ അയൽപക്കക്കാർ നൽകുന്നതു കഴിക്കും. അതുമല്ലെങ്കിൽ പട്ടിണി കിടക്കും.   മാനാഞ്ചിറ കോംട്രസ്റ്റ് നെയ്ത്തുഫാക്ടറിയിൽ ജോലി ചെയ്തിരുന്ന സരോജിനിയുടെ ഭർത്താവു മരിച്ചതോടെയാണ് ഒറ്റയ്ക്കായത്. മക്കളില്ലായിരുന്നെങ്കിലും ഒട്ടേറെ ബന്ധുക്കൾ ഒപ്പമുണ്ടായിരുന്നു. പിന്നീട് അവരുടെ സന്ദർശനങ്ങൾ കുറഞ്ഞു. ഇപ്പോൾ തീരെ വരാറില്ലെന്നായി. നാലരസെന്റ് സ്ഥലവും വീടും ഒരു ബന്ധുവിന് ഒസ്യത്തിൽ എഴുതി നൽകിയിട്ടുണ്ടെങ്കിലും അയാൾ സരോജിനിയെക്കുറിച്ച് അന്വേഷിക്കാറില്ലെന്നാണ് അയൽപക്കക്കാർ പറയുന്നത്. തങ്ങൾ വിളിച്ചാൽ ഫോണെടുക്കാറില്ലെന്നും പറയുന്നു. എങ്കിലും സരോജിനിക്ക് ആരോടും പരാതിയില്ല. എല്ലാവർക്കും അവരുടെ കാര്യങ്ങളുള്ളപ്പോൾ തനിക്കുവേണ്ടി എങ്ങനെ സമയം നീക്കിവയ്ക്കുമെന്നാണ് അവർ ചോദിക്കുന്നത്. 

പിന്നെ എല്ലാവരോടും നന്ദിയാണ്. ഓരോദിവസവും ഭക്ഷണം നൽകുന്ന നല്ലവരായ നാട്ടുകാർക്ക്,  താൻ തനിച്ചാണെന്നു മനസ്സിലാക്കി രണ്ടുമക്കളെ തന്നിട്ടുപോയ പോയ തള്ളപ്പൂച്ചയ്ക്ക്, വീട്ടിനകത്തുവരെ കയറിയിട്ടും ഇതുവരെ തന്നെ ഉപദ്രവിക്കാത്ത ഇഴജന്തുക്കൾക്ക്... ഇതുവരെ കാത്തുപാലിച്ച മുറ്റത്തെ കൽത്തറയിലെ ദേവന്. രണ്ടേ രണ്ട് ആഗ്രഹങ്ങളേ സരോജിനിക്ക് ഇപ്പോഴുള്ളു. ദിവസവും ഒരുനേരം ആഹാരം കഴിക്കണം, മുറ്റത്തെ കൽത്തറയിൽ ദിവസവും തിരിവയ്ക്കണം. കോട്ടൂളിയിലെ യുവാക്കളുടെ കൂട്ടായ്മയായ യുവധാര സരോജിനിയെ സഹായിക്കാൻ മുന്നോട്ടുവന്നിട്ടുണ്ട്. വീട് നവീകരിക്കാനും സ്ഥിരമായി ഭക്ഷണംനൽകാനുമള്ള സംവിധാനമുണ്ടാക്കുവാനുമാണ് ശ്രമം. ഇതിനായി ഇത്തവണത്തെ വിഷുവിന് പടക്കം വാങ്ങാനായി നീക്കിവയ്ക്കുന്ന തുകയിൽ ഒരുഭാഗം സംഭാവന ചെയ്യാനാണ് യുവധാര സുമനസ്സുകളോട് അഭ്യർഥിക്കുന്നത്. മാത്രമല്ല. കോട്ടൂളി ഫെസ്റ്റിന്റെ ഒരുദിവസത്തെ പരിപാടികൾ വേണ്ടെന്നുവച്ച്, ആ തുകയും സരോജിനിയുടെ വീടിനായി ഉപയോഗിക്കാനും യുവധാര തീരുമാനിച്ചിട്ടുണ്ട്.