Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിലെ ആദ്യ അഗ്രോ ഹൈപ്പർ ബസാർ കേരളത്തിൽ!

agro-hypermarket ഇന്ത്യയിൽ ആദ്യമായി തൃശൂരിൽ തുടങ്ങിയ അഗ്രോ ഹൈപ്പർ ബസാർ പുതിയൊരു മുന്നേറ്റം കുറിക്കുന്നു.

സൂപ്പർ, ഹൈപ്പർ മാർക്കറ്റുകൾ ഇന്നൊരു പുതുമയല്ലാതായിരിക്കുന്നു. എങ്കിലും തൃശൂർ മ്യൂസിയം റോഡിൽ തുടങ്ങിയ അഗ്രോ ഹൈപ്പർ ബസാർ എല്ലാംകൊണ്ടും ഒരു സംഭവമായിക്കഴിഞ്ഞിരിക്കുന്നു. കേരള സർക്കാരിന്റെ കീഴിലുള്ള കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ (കെയ്കോ) ലിമിറ്റഡിന്റെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്.

കാർഷിക മേഖലയിൽ ഇത്തരമൊരു ഹൈപ്പർ ബസാർ എന്ന ആശയത്തിന് ആദ്യമേ ഒരു കയ്യടി കൊടുക്കാം. ഇന്ത്യയിൽ തന്നെ ഇങ്ങനെയൊരു മുന്നേറ്റം ഇദംപ്രഥമായാണ്. വയലിൽ നിന്ന് വീട്ടുമുറ്റത്തേക്കും ടെറസിലേക്കും ചുവടുമാറ്റം നടത്തിയ മലയാളിയുടെ കാർഷികാഭിരുചിക്ക് ഇണങ്ങുന്ന വിധത്തിലാണ് ബസാറിന്റെ ക്രമീകരണം. വിഷമടിക്കാത്ത പച്ചക്കറികളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ നഗരവാസികൾക്കും പുത്തനുണർവേകുന്നതാണ് ഹൈപ്പർ ബസാർ എന്ന് ഇവിടെയെത്തുന്ന ഉപഭോക്താക്കളെ കാണുമ്പോൾതന്നെ മനസ്സിലാകും.

agro-hype

ഗുണമേന്മയുള്ള വിത്തുകൾ, പൂച്ചട്ടികൾ, ജൈവവളം, ജലസേചനത്തിന് ആവശ്യമായ സാമഗ്രികൾ, ചെറുതും വലുതുമായ കാർഷിക യന്ത്രങ്ങൾ തുടങ്ങി കൃഷിയിൽ താൽപര്യമുള്ളവർക്കുള്ള പറുദീസയാണിവിടം.

agro-hypermarket-thrissur

ഗ്രോബാഗുകൾ, ആട്ടിൻ കാഷ്ഠം, ചാണകപ്പൊടി, പഞ്ചഗവ്യം, ഗോമൂത്രം, കയർ ഉൽപന്നങ്ങൾ, ജൈവപച്ചക്കറികൾ, മൺപാത്രങ്ങൾ തുടങ്ങി സർക്കാർ മേഖലയിലെ ഒട്ടുമിക്ക ഉൽപന്നങ്ങളും ഇവിടെ ലഭിക്കും. കാട്ടിൽ നിന്നുള്ള തേൻ, മറയൂർ ശർക്കര, അപൂർവ ധാന്യങ്ങൾ... തുടങ്ങി വൈവിധ്യങ്ങളുടെ കലവറ തന്നെയാണ് ഇവിടം. ഇന്ത്യയുടെ പല ഭാഗത്തുനിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളുടെ ചാകരയാണ് ഒരുക്കിയിരിക്കുന്നത്.

agro-market

കാർഷിക സർവകലാശാല, കുടുംബശ്രീ, പ്ലാന്റേഷൻ കോർപറേഷൻ, മിൽമ, വനശ്രീ, ഔഷധി, മത്സ്യഫെഡ്, കേരള പോട്ടറി ഡവലപ്മെന്റ് കോർപറേഷൻ, കൃഷി വിജ്ഞാന കേന്ദ്രങ്ങൾ, സ്പൈസസ് ബോർഡ്, എംപിഐ, വെജിറ്റബിൾ ആന്‍ഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ... തുടങ്ങി എല്ലാ സർക്കാർ വിഭാഗങ്ങളുടെയും ഉൽപന്നങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കിയിരിക്കുന്ന മറ്റൊരു സ്ഥാപനം ഇല്ലതന്നെ. സംസ്ഥാന സർക്കാരിന്റേതു കൂടാതെ ജമ്മുകശ്മീർ, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, കർണാടക, തമിഴ്നാട്, ലക്ഷദ്വീപ് സർക്കാരുകളുടെയും തനത് ഉൽപന്നങ്ങൾ പുതുമയേറിയവയാണ്.

_C3R0044

കൃഷിമന്ത്രിയുടെ പ്രത്യേക താൽപര്യമാണ് ഈ സംരംഭത്തിനു പിറകിൽ. അപൂര്‍വമായ ഉൽപന്നങ്ങൾ കൂടാതെ, വീടുകളിൽ ഗ്രോബാഗ്, ഗ്രീൻഹൗസ് എന്നിവ ക്രമീകരിക്കുക തുടങ്ങിയ കാര്യങ്ങളിൽ മേൽനോട്ടവും ഇവിടെ ഒരുക്കുന്നുണ്ട്. കബളിപ്പിക്കപ്പെടാത്ത രീതിയിൽ കർഷകർക്ക് ഗുണനിലവാരമുള്ള സാമഗ്രികൾ ലഭ്യമാക്കുകയാണ് ലക്ഷ്യം, കെയ്റോ മാനേജിങ് ഡയറക്ടർ ഡോ. പി. സുരേഷ്ബാബു പറഞ്ഞു.