Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെറാറിയം; ലക്ഷങ്ങൾ സമ്പാദിക്കാം!

terrarium-garden ലാൻഡ്സ്കേപ്പിങ് നടത്താനായി ഒരൽപം സൗന്ദര്യബോധമുണ്ടാകുക – ഇത്രമാത്രം കയ്യിലുണ്ടെങ്കിൽ പോട്ട് ഒന്നിന് ആയിരം രൂപ മുതൽ സമ്പാദിക്കാം.

ഒരു കുഞ്ഞു ചില്ലുജാറും കുറച്ചു മണ്ണും കൊണ്ട് അകത്തളങ്ങളിൽ ഉദ്യാനം തീർക്കുന്ന പരിപാടിയെയാണ് ടെറാറിയം എന്നു വിളിക്കുന്നത്. പറുദീസ പളുങ്കുപാത്രത്തിൽ കൈക്കുമ്പിളിൽ വന്നിരിക്കുന്നതു പോലെ തോന്നും. ഇത്തിരി മണ്ണും ഒത്തിരി സ്വപ്നവുമായി  നഗരത്തിൽ കൂടുകൂട്ടുന്നവർക്ക് വീടിന്റെ മേശകളിലും ഡെസ്ക്ടോപ്പുകളിലും പൂന്തോട്ടമൊരുക്കാൻ ഇത്തരം ജാറുകളുടെ ഇന്ദ്രജാലം മതി.

x-default

 ഒരു ജാറിൽ ഒരു ചെടിയെന്ന കണക്കിലോ  ഒരു വലിയ ചില്ലുഭരണിയിൽ പല ചെടികൾ പല തട്ടിലാക്കിയോ ടെറാറിയത്തിനു ജന്മം നൽകാം. പ്രകൃതിയുടെ പച്ചപ്പു മാത്രമല്ല, ഉൾക്കൊള്ളുന്ന പാത്രത്തിന്റെ ഭംഗിയും അതിനുള്ളിൽ ആവിഷ്ക്കരിച്ച  ലാൻഡ്സ്കേപ്പിന്റെ വർണാഭയും ടെറാറിയത്തിന്റെ പോസിറ്റിവ് വശങ്ങളിൽപ്പെടും. 

യൂറോപ്യൻ രാജ്യങ്ങളിലും മറ്റും കൊടും ശൈത്യകാലത്ത് മഞ്ഞുമൂടിക്കിടക്കുന്ന ചെടികൾ കണ്ടു മടുത്തവർ കണ്ടുപിടിച്ചതാണ് ചില്ലുപാത്രം ഉദ്യാനമാക്കുന്ന ജാലവിദ്യ.

ഫിറ്റോണിയ, സ്ട്രോബെറി ബെഗോണിയ,കള്ളിച്ചെടികൾ, എയർ പ്ലാന്റ്, സ്പൈഡർവോർട്ട്, ആഫ്രിക്കൻ വയലറ്റ്, ടേബിൾ ഫേൺ എന്നിവയും സക്കലന്റ് ഇനങ്ങളായ ടില്ലാൻസിയ, പെപ്പറോമിയ തുടങ്ങിയവയും അക്വേറിയം ചെടികളായ ലിംനോഫില്ല, റൊട്ടാല തുടങ്ങിയവയും ലക്കി ബാംബൂവും ടെറാറിയത്തിൽ വളർത്താം. വയ്ക്കുന്നിടത്തെ സൂര്യപ്രകാശ ലഭ്യത നോക്കി വേണം കണ്ണാടി ഉദ്യാനം ഒരുക്കാൻ.  സൂര്യപ്രകാശം കുറഞ്ഞിടത്ത് പച്ചപ്പ് മാത്രമുള്ള ചെടികൾ വയ്ക്കാം. ചുവപ്പ് പോലുള്ള ഇലയുള്ള ചെടികൾ  കൂടുതൽ സൂര്യപ്രകാശം കിട്ടുന്നിടത്തേക്ക് യോജിക്കും. 

ടെറാറിയത്തിനും വേണം ലാൻഡ്സ്കേപ്പിങ്

terrarium (5)

ചെടികൾക്ക് എത്രമാത്രം വെള്ളം ആവശ്യമുണ്ടെന്ന് കണക്കാക്കി വേണം നടാൻ. നന്നായി വെളിച്ചം കയറുന്നതും പ്രത്യേകിച്ചു നിറമില്ലാത്തതും പുറത്തു മറ്റു ഡിസൈനികളില്ലാത്തതുമായ ചില്ലുജാർ വേണം തിരഞ്ഞെടുക്കാൻ. നടുന്ന ചെടിക്കനുസരിച്ച് ടെറാറിയത്തിന്റെ ലാൻസ്കേപ്പിങ്ങിന് കാടിന്റെയോ മരുഭൂമിയുടെയോ സമുദ്രാന്തർഭാഗത്തിന്റെയോ ഭാവം നൽകാനാകും. ഇതിന് നിറമുള്ള മണലും പെബിൾസും സഹായകമാകും. 

കൂടുതൽ ഈർപ്പം ആവശ്യമുള്ള പന്നൽ ഇനങ്ങൾ, അക്വേറിയം ഇനങ്ങൾ എന്നിവയ്ക്ക് ചികിരിച്ചോറ് അധികം ചേർത്തുണ്ടാക്കിയ മിശ്രിതം വേണം ടെറാറിയത്തിലിടാൻ ഉപയോഗിക്കാൻ. കുറച്ചുമാത്രം ഈർപ്പം ആവശ്യമുള്ള സക്കുലന്റ്, കള്ളിച്ചെടി ഇനങ്ങൾക്ക്  നന്നായി വെള്ളം വാർന്നു പോകുന്ന മിശ്രിതം വേണം. ചെടിയുടെ വേരിന്റെ നീളമനുസരിച്ചു പാത്രത്തിന്റെ നീളം തീരുമാനിക്കണം. പാത്രത്തിന്റെ വ്യാസത്തിലുമധികം ചെടി വളർന്നു നിറയുന്നത് അഭംഗിയാണ് ;  ചെടിക്കു കേടുമാണ്. അതിനാൽ വെട്ടിയൊതുക്കാൻ ശ്രദ്ധിക്കണം. 

ചെടി തിരഞ്ഞെടുത്തു നടുന്നതു പോലെ പ്രധാനമാണ് മികച്ച പാത്രം കണ്ടെത്തി ടെറാറിയം ചെയ്യുക എന്നതും. മഴത്തുള്ളിയുടെ രൂപത്തിലുള്ളതും ഭരണിയുടെ രൂപത്തിലുള്ളതും ഗാർഡൻ ലൈറ്റിന്റെ രൂപത്തിലുള്ളതുമായ ചില്ലുപാത്രങ്ങളിലൊക്കെ മികച്ച ടെറാറിയം സെറ്റിങ് ലഭ്യമാണ്. സ്മോൾ ഈസ് ബ്യൂട്ടിഫുൾ എന്നതാണ് സാമാന്യ തത്വം. സക്കുലന്റുകളും കള്ളിച്ചെടികളും മിക്സ് ചെയ്തു നടാനും മറ്റും വിസ്തൃതിയേറിയ പരന്ന പാത്രം തിരഞ്ഞെടുക്കാം. 

സംരംഭം തുടങ്ങാൻ മികച്ച അവസരം‌

terrarium (9)

ടെറാറിയം ഒരുക്കലും വിപണനവും  ഗാർഡനിങ് ഷോപ്പുകളുമായി ബന്ധപ്പെട്ടു ചെയ്യാവുന്ന സ്വയംസംരംഭമാണ്. മണ്ണിന്റെയും ചെടിയുടെയും സ്വഭാവമറിഞ്ഞു പാത്രം തിരഞ്ഞെടുക്കുക. ഈർപ്പം നിലനിർത്തി നടീൽ മിശ്രിതമൊരുക്കുക,  സൂര്യപ്രകാശവും വെള്ളവും വേണ്ടയളവിൽ (മാത്രം) നൽകുന്ന രീതിയിൽ ഡിസൈൻ ചെയ്യുക, ലാൻഡ്സ്കേപ്പിങ് നടത്താനായി ഒരൽപം സൗന്ദര്യബോധമുണ്ടാകുക – ഇത്രമാത്രം കയ്യിലുണ്ടെങ്കിൽ പോട്ട് ഒന്നിന് ആയിരം രൂപ മുതൽ സമ്പാദിക്കാം.