Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസിയും ഫാനും വേണ്ട, വീട് തണുപ്പിക്കാം!

Concrete Roofing Tile മേൽക്കൂരയുടെ ഡിസൈൻ, അവിടെയുപയോഗിക്കുന്ന നിര്‍മാണവസ്തുക്കൾ എന്നിവയ്ക്കെല്ലാം ചൂട് നിയന്ത്രിക്കുന്നതിൽ വലിയ പങ്കുണ്ട്.

എസിയോ ഫാനോ ഇല്ലാതെ വേനൽകാലത്ത് വീടിനകത്ത് ഇരിക്കുന്നതിനെപ്പറ്റി ചിന്തിക്കാനേ കഴിയില്ല. ചൂട് ഉള്ളിലേക്ക് കടക്കാത്ത രീതിയിൽ വീട് രൂപകൽപന ചെയ്യുകയാണ് ഇതിനുള്ള പ്രതിവിധി. മേൽക്കൂരയുടെ ഡിസൈൻ, അവിടെയുപയോഗിക്കുന്ന നിര്‍മാണവസ്തുക്കൾ എന്നിവയ്ക്കെല്ലാം ചൂട് നിയന്ത്രിക്കുന്നതിൽ വലിയ പങ്കുണ്ട്. ചൂട് കുറയ്ക്കാനുള്ള 6 വഴികൾ (തുടരുന്നു)... 

4. ടെറാക്കോട്ട വെതറിങ് ടൈൽ

Terracotta Flooring

തമിഴ്നാട്ടിലും മറ്റും വ്യാപകമായി പ്രചാരത്തിലുള്ള മാർഗമാണ് ‘വെതറിങ് ടൈൽ’ എന്ന തറയോടിന്റെ ഉപയോഗം. നമ്മൾ തറയിൽ വിരിക്കുന്ന തറയോടിനോട് സാമ്യമുള്ള കളിമൺ ടൈൽ മേൽക്കൂരയിൽ പതിപ്പിക്കുന്ന രീതിയാണിത്. ഇപ്പോൾ കേരളത്തിലും ഇത്തരം ടൈൽ ലഭ്യമാണ്.

നിരപ്പായി വാര്‍ത്ത മേൽക്കൂരയിലാണ് ഇത്തരം ടൈൽ വിരിക്കുന്നത്. രണ്ട് പാളികൾ കൂടിച്ചേർന്ന രീതിയിലാണ് വെതറിങ് ടൈലിന്റെ ഘടന. പാളികൾക്ക് നടുവിലായി ചെറിയ സുഷിരങ്ങളും ഉണ്ടാകും. ഈ സംവിധാനമാണ് ചൂട് താഴേക്ക് കടത്തിവിടാതെ തടയുന്നത്.

teracotta-panel

ഒരടി അളവിലും അരയടി അളവിലും ഇത്തരം ടൈൽ ലഭ്യമാണ്. ചതുരശ്രയടിക്ക് 20 രൂപ മുതലാണ് വില.സാധാരണ തറയോടിലെന്ന പോലെ ഇതിനു മുകളിലൂടെയും നടക്കുകയും മറ്റും ചെയ്യാം.

മേൽക്കൂരയിൽ പ്രത്യേകതരം പെയിന്റ് അടിക്കുകയാണ് ചൂട് കുറയ്ക്കാനുള്ള മറ്റൊരു മാർഗം. തെർമോ റിഫ്ലക്ടീവ്, തെർമോ ഇൻസുലേഷൻ എന്നിങ്ങനെ രണ്ടുതരം പെയിന്റ് ലഭ്യമാണ്. സത്യത്തിൽ കട്ടികൂടിയ ഒരുതരം കോട്ടിങ് ആണിത്. മേൽക്കൂര വൃത്തിയാക്കിയ ശേഷം ബ്രഷ് കൊണ്ട് അടിക്കാം.

സൂര്യപ്രകാശത്തെ പ്രതിഫലിപ്പിച്ച് ചൂട് കുറയ്ക്കുന്നതാണ് തെർമോ റിഫ്ലക്ടീവ് പെയിന്റ്. തെർമോ ഇൻസുലേഷൻ പെയിന്റ് ആകട്ടെ ചൂട് ഉള്ളിലേക്ക് കടക്കാതെ തടയും. ചതുരശ്രയടിക്ക് 50 രൂപയാണ് ഉദ്ദേശ ചെലവ്. മേൽക്കൂരയിൽ കുമ്മായം പൂശുന്നതും (ലൈം വാഷ്) ചൂട് കുറയ്ക്കാൻ സഹായിക്കും.

5. സാൻഡ്‌വിച്ച് പാനൽ

sandwich-pvc

ചോർച്ച മാറ്റാനും മറ്റുമായി വീടിനു മുകളിൽ ട്രസ് റൂഫ് നൽകുമ്പോൾ പ്രയോജനപ്പെടുത്താവുന്ന ചൂടുകുറയ്ക്കൽ മാർഗമാണ് സാൻഡ്‌വിച്ച് പാനൽ. മെറ്റൽ ഷീറ്റിന് അടിയിൽ ‘പഫ് മെറ്റീരിയൽ’ നിറച്ചാണ് ഇവ തയാറാക്കുന്നത്.

തെർമോക്കോൾ പോലെ തോന്നിക്കുന്ന ഈ പഫ് മെറ്റീരിയൽ ആണ് ചൂടിനെ പ്രതിരോധിക്കുന്നത്. വെയിലടിച്ച് മെറ്റൽ ഷീറ്റ് ചൂടായാലും ഉള്ളിലേക്ക് ചൂട് കടത്തിവിടാതെ ഇത് തടയും. മഴ പെയ്യുമ്പോൾ സാധാരണ മെറ്റൽ ഷീറ്റിനടിയിൽ കേൾക്കുന്നതുപോലെ ശബ്ദം കേൾക്കില്ല എന്നതും സാൻഡ്‌വിച്ച് പാനലിന്റെ പ്രത്യേകതയാണ്.

വെള്ളനിറത്തിൽ ഫോൾസ് സീലിങ് ചെയ്തതുപോലെ മനോഹരമായിരിക്കും സാൻഡ്‌വിച്ച് പാനലിന്റെ അടിഭാഗം. അതിനാൽ കാഴ്ചയ്ക്കും ഭംഗിയുണ്ടാകും. വെള്ള, ടെറാക്കോട്ട, പച്ച, നീല നിറങ്ങളിലും ലഭിക്കും.

sandvich-panel

ഒന്നര ഇഞ്ച് മുതൽ മൂന്നര ഇഞ്ച് വരെ കനമുള്ള പഫ് മെറ്റീരിയലോടു കൂടിയ സാൻഡ്‌വിച്ച് പാനൽ ലഭിക്കും. സാധാരണ മെറ്റൽ ഷീറ്റിന്റെ അതേ അളവിൽ തന്നെയാണ് ഇവ ലഭിക്കുക. കനം അനുസരിച്ച് ചതുരശ്രയടിക്ക് 40 രൂപ മുതലാണ് വില. ട്രസ് റൂഫിൽ പ്രത്യേക ആണി ഉപയോഗിച്ച് ഉറപ്പിക്കാം.

6. ഫോം ഇൻസുലേഷൻ പാനൽ

insulated-panel

മേൽക്കൂര ചുട്ടുപഴുത്ത ശേഷം മുറിക്കുള്ളിലേക്ക് ചൂട് വ്യാപിക്കുന്നത് തടയാനുള്ള ഫലപ്രദമായ മാർഗങ്ങളിലൊന്നാണ് ഫോം ഇൻസുലേഷൻ പാനലിന്റെ ഉപയോഗം. എക്സ്ട്രൂഡഡ് പോളിസ്റ്റെറിൻ മെറ്റീരിയൽ കൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നത്. ഭാരം വളരെ കുറവാണെന്നതാണ് പ്രധാന സവിശേഷത. കട്ടിയും ഉറപ്പും ആവശ്യത്തിനുണ്ട്. ഫോൾസ് സീലിങ്ങായും മെറ്റൽ ഷീറ്റിന് തൊട്ടുതാഴെയുമെല്ലാം ഇത് പിടിപ്പിക്കാം. അലുമിനിയത്തിന്റെയോ ജിഐയുടെയോ ഫ്രെയിം നൽകി അതിലാണ് പാനൽ പിടിപ്പിക്കുന്നത്.

ഷീറ്റ് രൂപത്തിലാണ് ഫോം ഇൻസുലേഷൻ പാനൽ ലഭിക്കുക. 12 മീറ്റർ വരെ നീളത്തിൽ ഷീറ്റ് ലഭിക്കും. ഇത് ആവശ്യാനുസരണം മുറിച്ച് ഉപയോഗിക്കാം. 20 എംഎം, 50 എംഎം എന്നിങ്ങനെ വ്യത്യസ്ത കനത്തിൽ പാനൽ ലഭിക്കും. 20 എംഎം ഷീറ്റിന് ചതുരശ്രയടിക്ക് 30 രൂപയും 50 എംഎം ഷീറ്റിന് ചതുരശ്രയടിക്ക് 70 രൂപയുമാണ് വില.

insulated-panels

പൊതുവേ വെള്ള, ഇളംമഞ്ഞ നിറങ്ങളിലാണ് ഫോം ഇൻസുലേഷൻ പാനൽ ലഭിക്കുക. കനം കൂടിയ പാനൽ ആണെങ്കിൽ ഇതിനുള്ളിൽ ലൈറ്റ് ഫിറ്റിങ്ങുകൾ പിടിപ്പിക്കുകയും ചെയ്യാം.

ഈർപ്പം പിടിക്കില്ലെന്നതാണ് ഇത്തരം പാനലിന്റെ മറ്റൊരു സവിശേഷത. മുറിക്കുള്ളിലെ തണുപ്പ് നിലനിർത്താൻ സഹായിക്കും എന്നതിനാൽ എയർ കണ്ടീഷനർ ഉപയോഗിക്കുന്ന ഇടങ്ങളിലും ഇവ അനുയോജ്യമാണ്.

വിവരങ്ങൾക്കു കടപ്പാട്:

എ.എം. മുഹമ്മദ് ഉസ്മാൻ ആൻഡ് ബ്രദർ,

ബ്രോഡ്‌വേ, എറണാകുളം

മോണിയർ റൂഫിങ് പ്രൈവറ്റ് ലിമിറ്റഡ്,

എൻഎച്ച് ബൈപാസ്, പാലാരിവട്ടം, കൊച്ചി

കീർത്തി റൂഫിങ്സ്, കോട്ടയം

റൂഫ്കോ, കലൂർ, കൊച്ചി

ജോയ് അസോഷ്യേറ്റ്സ്, ചെങ്ങരൂർ, മല്ലപ്പള്ളി

ട്രയം മാർക്കറ്റിങ് ആൻഡ് കൺസൽറ്റന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്,

കാരിക്കാമുറി ക്രോസ് റോഡ്, കൊച്ചി