ഒരുങ്ങാം, വീടൊരുക്കാൻ

വീട് എന്ന സ്വപ്നം കെട്ടിപ്പൊക്കാൻ മനുഷ്യൻ ഒഴുക്കുന്ന വിയർപ്പും അധ്വാനവും മുടക്കുന്ന പണവും ലക്ഷ്യത്തിലെത്തുക വീട്ടുകാരുടെ സന്തോഷവും ചിരിയും വീട്ടിൽ നിറയുമ്പോഴാകും.

ലോകത്ത് എവിടെയൊക്കെ പറന്നുനടന്നാലും ഇങ്ങുതാഴെ സ്വന്തം വീടിന്റെ ഇഷ്ടയിടങ്ങളിൽ കാലുനീട്ടി, നല്ലൊരു ശ്വാസമെടുത്ത് കണ്ണടച്ചുള്ള ആ ഇരിപ്പുണ്ടല്ലോ... 27 നിലയിൽ പടർന്നു കയറിയ മുകേഷ് അംബാനിയുടെ ‘ആന്റിലിയ’യും കിങ് ഖാൻ ഷാരൂഖിന്റെ ‘മന്നത്തും’ അല്ലെങ്കിലും സ്വന്തമെന്നു പറയാവുന്ന ഒരുകുഞ്ഞു ‘കിളിക്കൂട്’ സ്വപ്നം എല്ലാവരിലുമുണ്ട്. ആ സ്വപ്നക്കൂട് ഒരുക്കുമ്പോൾ ആദ്യഘട്ടത്തിൽതന്നെ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം ? 

കുടുംബാംഗങ്ങളുടെ അഭിപ്രായം തേടാം 

വീട് നിർമാണത്തിന് പണം ആരു മുടക്കിയാലും, വീട്ടിൽ അൽപം കൂടുതൽ കരുതൽ കാട്ടുന്നത് സ്ത്രീജനങ്ങളാകും. വീടിന്റെ നിർമാണഘട്ടത്തിൽ കൂടുതൽ ഫലം കിട്ടണമെങ്കിൽ അവരുടെ ഐഡിയകൂടി തടസ്സമില്ലാതെ വേണമെന്നു ചുരുക്കം. നിർമിക്കാൻ പോകുന്ന വീടിനെക്കുറിച്ച് ഉടമസ്ഥന് ഭാവന വേണമെന്ന് ആർക്കിടെക്റ്റുകൾ പറയുന്നു. ആർക്കിടെക്റ്റുകളെ സമീപിക്കുന്ന മിക്കവരും ഇപ്പോൾ എത്തുന്നത് സ്വന്തം നിലയിൽ ശേഖരിക്കുന്ന കട്ടിങ്ങുകളും റഫറൻസുകളും ശേഖരിച്ചാണ്. കുടുംബാംഗങ്ങളുടെ എണ്ണം, കുട്ടികൾ ഉണ്ടെങ്കിൽ അവരുടെ ആവശ്യം, വയോധികർ കൂടെയുണ്ടെങ്കിൽ ശുചിമുറിയുടെ തറയിൽ ഇടേണ്ട ടൈൽ മുതൽ അവർക്ക് സുഗമമായി ദിനചര്യകൾ നടത്താൻ വേണ്ട സൗകര്യം വരെ ചിന്തിക്കണം. മതപരമായ വിശ്വാസമുള്ളവർക്ക് അതിനായുള്ള സൗകര്യങ്ങൾ ഒരുക്കേണ്ടിവരും. 

പ്ലാൻ മാത്രം പോര, പ്ലാനിങ്ങും വേണം 

കൃത്യമായ പ്ലാൻ രൂപപ്പെടുത്തി മുന്നോട്ടു പോയാൽ വീടു നിർമാണം ആസ്വദിക്കാം എന്നാണ് വിദഗ്ധർ പറയുന്നത്. ബജറ്റ്, ആവശ്യങ്ങൾ എന്തെല്ലാം (അത്യാഗ്രഹങ്ങൾ ഒഴിവാക്കാം), ചെലവിടാവുന്ന പണം എത്ര, ബാങ്ക് ലോൺ എങ്കിൽ എത്രയാവാം, ജോലിയുടെ സ്വഭാവം, ശമ്പളം, വായ്പയിലേക്കു മാസത്തിരിച്ചടവു തുക എത്ര, നിലവിൽ മറ്റു വായ്പകൾ ഉണ്ടെങ്കിൽ അത്, വീടിന്റെ വിസ്തീർണം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത നല്ലതാണ്. 

നഗരപ്രദേശങ്ങളിൽ താമസിക്കാൻ താൽപര്യപ്പെടുന്നവർ ജോലി, കുട്ടികളുടെ വിദ്യാഭ്യാസം, വയോധികരുടെ ചികിത്സ എന്നിവയാകും പ്രധാനമായും ശ്രദ്ധിക്കുക. ദമ്പതികൾ രണ്ടുപേരും ജോലിക്കാരാണെങ്കിൽ, വലിയൊരു വീട് നിർമിച്ചാൽ അതൊന്നു വൃത്തിയാക്കുന്നത് ആലോചിച്ചുനോക്കൂ. കയ്യിലുള്ള പണത്തിന് നിലവിൽ നിർമാണത്തിന്റെ ഒരു ഘട്ടം പൂർത്തിയാക്കാം. 

കുട്ടികൾ മുതിർന്ന ശേഷം, അവരുടെ ആവശ്യങ്ങൾക്ക് ഉപകാരപ്പെടുംവിധം തുടർ നിർമാണമായാൽ വായ്പാ ബാധ്യതയെന്ന കെണിയിൽനിന്നു മാറിനിൽക്കുകയും ചെയ്യാം. നഗരപരിധിയിൽനിന്നു വിട്ട് വീട് നിർമിക്കുന്നവർ പ്രധാനമായും കൃഷി, രണ്ടാമതൊരു വീട് എന്ന ആവശ്യം മുൻനിർത്തിയാകും മുന്നിട്ടിറങ്ങുന്നത്. നോട്ടു നിരോധനത്തിനും ഗൾഫ് രാജ്യങ്ങളിലെ സ്വദേശവൽക്കരണത്തിനും ശേഷം വിദേശമലയാളികൾ ഉൾപ്പെടെ ബജറ്റ് നിയന്ത്രിച്ചുതുടങ്ങിയെന്ന് ആർക്കിടെക്റ്റുകൾ പറയുന്നു. ചുരുക്കിപ്പറഞ്ഞാൽ, വീടു നിർമാണത്തിന് ആഗ്രഹം വേണം, അത്യാഗ്രഹം ഒഴിവാക്കിയാൽ സന്തോഷത്തോടെ ജീവിക്കാം. ലോകത്ത് എവിടെയൊക്കെ പറന്നുനടന്നാലും ഇങ്ങുതാഴെ സ്വന്തം വീടിന്റെ ഇഷ്ടയിടങ്ങളിൽ കാലുനീട്ടി, നല്ലൊരു ശ്വാസമെടുത്ത് കണ്ണടച്ചുള്ള ആ ഇരിപ്പുണ്ടല്ലോ... 

ആർക്കിടെക്റ്റ്

സിന്ധു.വി,

സിന്ധു വി ടെക്, കോഴിക്കോട്