Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടിനു സമീപം അൽപം മണ്ണു വീണു; നഷ്ടപരിഹാരം ലക്ഷങ്ങൾ!

fraud-after-flood പതിനായിരം രൂപയുടെ പോലും നഷ്ടം സംഭവിച്ചിട്ടില്ലാത്ത വീടുകളിൽ സംരക്ഷണഭിത്തി കെട്ടണമെന്നും മണ്ണു നീക്കണമെന്നും കാണിച്ചാണ് എൻജിനീയർ ലക്ഷങ്ങളുടെ നഷ്ടക്കണക്ക് എഴുതിച്ചേർത്തത്.

മണ്ണിടിച്ചിലി‍ൽ പോറൽപോലും ഏൽക്കാത്ത വീടിനു ദുരിതാശ്വാസ സഹായമായി അഞ്ചര ലക്ഷം രൂപ നൽകാൻ ശുപാർശ. മഞ്ചേരി തൃക്കലങ്ങോടു പഞ്ചായത്തിലാണു സംഭവം. വീടിനു പിറകിൽ മണ്ണിടിഞ്ഞുവീണെന്ന കാരണത്താൽ ഉടമസ്ഥന് 5.79 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ പഞ്ചായത്ത് അസി. എൻജിനീയർ റവന്യു അധികൃതർക്കു റിപ്പോർട്ട് നൽകി. സമീപത്തെ മറ്റൊരു വീടിന്റെ മുറ്റത്തു മണ്ണിടിഞ്ഞുവീണതിന് 3.47 ലക്ഷം രൂപയുടെ നാശനഷ്ടവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവം വിവാദമായതോടെ മന്ത്രി ഇ.പി. ജയരാജൻ അന്വേഷണം പ്രഖ്യാപിച്ചു. ക്രമക്കേടിനെക്കുറിച്ചുള്ള മനോരമ ന്യൂസ് വാർത്തയെത്തുടർന്നാണു തീരുമാനം.

പതിനായിരം രൂപയുടെ പോലും നഷ്ടം സംഭവിച്ചിട്ടില്ലാത്ത വീടുകളിൽ സംരക്ഷണഭിത്തി കെട്ടണമെന്നും മണ്ണു നീക്കണമെന്നും കാണിച്ചാണ് എൻജിനീയർ ലക്ഷങ്ങളുടെ നഷ്ടക്കണക്ക് എഴുതിച്ചേർത്തത്. മണ്ണിടിച്ചിലിൽ തകർന്ന മറ്റു വീടുകളിൽ ഇതുവരെ പരിശോധനയ്ക്കെത്തിയില്ലെന്നും പരാതിയുണ്ട്. 

കാലവർഷക്കെടുതിയിൽ നാശനഷ്ടം സംഭവിച്ച വീടുകൾ പരിശോധിച്ചു നഷ്ടം കണക്കാക്കേണ്ടതു തദ്ദേശസ്ഥാപനങ്ങളിലെ അസി. എൻജിനീയർമാരാണ്. ഇവർ റിപ്പോർട്ട് റവന്യു അധികൃതർക്കു കൈമാറും. 

പണം അനുവദിക്കുന്നതിനു മുൻപു നഷ്ടക്കണക്കു പരിശോധിക്കാൻ മറ്റൊരു പരിശോധന നടക്കുന്നില്ല. ഇതു ക്രമക്കേടിന് അവസരമൊരുക്കുന്നതായാണ് ആക്ഷേപം.