അധ്വാനിച്ചു പണിത വീട്; ട്രാൻസ്ജൻഡർ മോനിഷയ്ക്ക് സ്വപ്നസാഫല്യം

ലിംഗനീതിയുടെ പുത്തൻ ചരിത്രമെഴുതി കേരളത്തിൽ ആദ്യമായി ഒരു ട്രാൻസ്ജൻഡർ സ്വന്തമായി അധ്വാനിച്ച് നിർമിച്ച ഭവനം മലപ്പുറം ഇടിമുഴിക്കലിൽ. സ്വന്തം സമ്പാദ്യംകൊണ്ട് പണികഴിച്ച വീടിന്റെ പാലുകാച്ചൽ നാട്ടുകാരെയും ട്രാൻസ്ജൻഡർ സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ചുകൂട്ടി ആഘോഷമായി കൊണ്ടാടി മോനിഷയെന്ന ട്രാൻസ് കലാകാരി.

ജനിച്ചനാടും വീടും ഉപേക്ഷിച്ചു ട്രാൻസ് സമൂഹം തെരുവിൽ അഭയം തേടുമ്പോൾ മോനിഷ എല്ലാവർക്കും ഒപ്പം സ്വന്തം വീട്ടിൽ. അമ്മയും ചേച്ചിമാരും കുടുംബക്കാരും മോനിഷയുടെ ഗൃഹപ്രവേശനം ആഘോഷമാക്കി, നാട്ടുകാരുടെ സഹായസഹകരണം എടുത്തു പറയണം. ആരും മോനിഷയെ നാട്ടിൽ നിന്നും ആട്ടിയോടിച്ചില്ല, പകരം ആവുംവിധം ഒപ്പം നിന്നു. മേക്കപ്പ് ജോലിക്കുപോയും കുടുംബശ്രീ പ്രവർത്തനങ്ങളിലുടെയും മോനിഷ സ്വന്തം വീടെന്ന സ്വപ്നം സാക്ഷാൽകരിച്ചു.

മോനിഷയുടെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ട്രാൻസ് ആക്ടിവിസ്റ്റുകൾക്കും സുഹൃത്തുക്കൾക്കും അതിശയവും സന്തോഷവും അടക്കാനായില്ല.

തെരുവിൽ അലഞ്ഞും പിച്ച എടുത്തും ജീവിതം കഴിച്ചിരുന്ന ട്രാൻസ് സമൂഹത്തിന്റെ സാമൂഹിക പുരോഗതിയുടെ അഭിമാനസ്തംഭം ആയിരിക്കും എക്കാലവും ഈ വീട്. ഈ കാഴ്ചകൾ കേരളത്തിന്റെ കണ്ണുതുറപ്പിക്കട്ടെ...