Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലക്ഷങ്ങളുടെ വീട് പണിയാം, ഇൻഷുറൻസ് എടുക്കാൻ മടി! ശ്രദ്ധിക്കുക

vastu

വീടിന് ഇൻഷുറൻസ് അത്യാവശ്യമാണോ? കഴിഞ്ഞ പ്രളയത്തിൽനേരിട്ട നാശനഷ്ടങ്ങൾക്കുശേഷം മിക്കവരും ആ ചോദ്യം ആവർത്തിക്കാൻ സാധ്യതയില്ല. വീടുകൾക്ക് ഇൻഷുറൻസ് എടുക്കാ‍ൻ കമ്പനികളെ സമീപിക്കുമ്പോൾ വീടിന്റെ അവസ്ഥ വിലയിരുത്തും. സാധാരണഗതിയിൽ ഭൂമികുലുക്കം അല്ലാതെയുള്ള പ്രകൃതിദുരന്തങ്ങളിൽ വീടിന്റെ തറയ്ക്ക് അധികം കേടുപാടുകൾ സംഭവിക്കാറില്ല. വീടിന്റെ തറയ്ക്കും അതിനു മുകളിലുള്ള ഭാഗത്തിനും പലതായി ഇൻഷുറൻസ് എടുക്കാം. 

എത്ര തുകയ്ക്കാണ് വീടിന് ഇൻഷുറസ് എടുക്കേണ്ടതെന്നത് അതിന്റെ റീ ഇൻസ്റ്റേറ്റ്മെന്റ് വാല്യു അടിസ്ഥാനമാക്കിയാണ്. വീടിന് നാശം സംഭവിച്ചാൽ പുതിയതായി നിർമിക്കുന്ന വീടിന് വേണ്ടിവരുന്ന ചെലവാണിത്. 20 ലക്ഷത്തിന്റെ വീട് നിർമിക്കാൻ 10 ലക്ഷം ഭവന വായ്പ എടുത്താൽ, വായ്പത്തുകയ്ക്ക് ഇൻഷുറൻസ് നിർബന്ധമാണ്. മിക്കവരും മറ്റ് ഇൻഷുറൻസ് പരിരക്ഷകൾ നോക്കുകയുമില്ല. ഇവിടെ ചെലവിന്റെ 50  മാത്രമാണ് പരിരക്ഷയിൽ വന്നത്. എന്തെങ്കിലും സംഭവിച്ച് ക്ലെയിം വേണ്ടിവന്നാൽ അതിന്റെ 50 % മാത്രമാകും അനുവദിച്ചുകിട്ടുക. വീടിന് ആകെ ചെലവായ തുകയ്ക്കെങ്കിലും ഇൻഷുറൻസ് എടുക്കുന്നതു നന്നാകും. 

പരിരക്ഷ പലവിധം

പലവിധ പോളിസികൾ ലഭ്യമാണ്. സ്റ്റാൻഡേർഡ് ഫയർ ആൻഡ് സ്പെഷൽ പെറിൽസ് പോളിസി മിന്നൽ, തീപിടിത്തം, പൊട്ടിത്തെറികൾ, കലാപങ്ങൾ–സമരങ്ങൾമൂലമുള്ള ഗുരുതര നാശനഷ്ടം, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, വീടിനു ചുറ്റും വെള്ളം കെട്ടിനിന്നുണ്ടാകുന്ന നാഷനഷ്ടം, പുറമേനിന്നുള്ള വസ്തുക്കൾ ശക്തമായി വീട്ടിൽ വന്നിടിച്ചുള്ള നാശനഷ്ടം, ഉരുൾ‌പൊട്ടൽ തുടങ്ങിയ സംഭവങ്ങളിൽ പരിരക്ഷ നൽകും. ഏകദേശം 12 കവറേജുകൾ ഇതിൽപെടുന്നു. 

House-insurance

സ്വയം ചൂടായി തീപിടിക്കുന്ന വസ്തുക്കൾ വീട്ടിൽ കൂട്ടിയിട്ടുണ്ടാകുന്ന നാശനഷ്ടത്തിൽ ക്ലെയിം ചെയ്യാൻ കഴിയില്ല. ഇൻഷുറൻസ് പരിരക്ഷയുള്ള വസ്തുക്കൾക്കു നാശമുണ്ടായാൽ പരമാവധി നഷ്ടം കുറയ്ക്കാൻ സ്വമേധയാ ശ്രമിക്കണം. ഇൻഷുറൻസ് ഉണ്ടല്ലോ അതങ്ങു നശിച്ചോട്ടെ എന്നു കരുതരുതെന്നു ചുരുക്കം. ഇൻഷുറൻസ് പദാവലിയിൽ ‘ഫയർ’ അപകടങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് തീനാളം (flame) മൂലമുള്ളത് എന്നാണ്. തീപിടിത്തം ഉണ്ടാവണം. ‘പുകഞ്ഞു’ എന്നാണെങ്കിൽ പരിരക്ഷ കിട്ടാനിടയില്ല. 

ഹൗസ് ഹോൾഡേഴ്സ  പോളിസി – വീടും വീട്ടിലെ ഉപകരണങ്ങളും വേർതിരിച്ച് ഇൻഷുർ ചെയ്യാവുന്ന പാക്കേജ് പോളിസികൾ പല കമ്പനികൾക്കുമുണ്ട്. വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ, സ്വർണാഭരണങ്ങൾ തുടങ്ങിയ കാര്യങ്ങളൊക്കെ പ്രത്യേകം ഇൻഷുർ ചെയ്യാം. വിവിധ പോളിസികൾ അടങ്ങുന്ന പാക്കേജാണ്. കൈവശമുള്ള സ്വർണാഭരണത്തിനാകും കൂടുതൽ പ്രീമിയം വരുന്നത്. വീട്ടിൽ വിവിധ ജോലികൾക്കു വരുന്നവർക്കു പരിരക്ഷ നൽകുന്ന (employees compensation) പോളിസിയും ചേർക്കാം. അധിക സൗകര്യങ്ങൾക്കുവേണ്ടിയുള്ള പോളിസികൾ കൂട്ടിച്ചേർക്കുമ്പോൾ ഇളവും ലഭിക്കും. വീട്ടുപകരണങ്ങൾക്കുണ്ടാകുന്ന നാശനഷ്ടങ്ങളും കവർ ചെയ്യാം. ബർഗ‌്ലറി ഇൻഷുറൻസ് – വീട്ടിൽ മോഷണം നടന്നാൽ സംഭവിക്കുന്ന നഷ്ടം നേരിടാൻ ഇത്തരം പോളിസികൾ സഹായിക്കും. മോഷണം എന്നുദ്ദേശിക്കുന്നത് ഭവനഭേദനമാണ്. തുറന്നിട്ട വീട്ടിൽനിന്നാണ് മോഷണം പോയതെങ്കിൽ അതു പരിരക്ഷയിൽ ഉൾ‌പ്പെടാറില്ല. മോഷണകാരണം വീട്ടുകാരുടെ അശ്രദ്ധയെങ്കിൽ ഇൻഷുറൻസ് കമ്പനിക്ക് ഒന്നും ചെയ്യാനാവില്ലെന്നു ചുരുക്കം. എന്നാൽ, വീട്ടുവാതിലിന്റെ ഒരു കുറ്റിയിളക്കി അകത്തുകടന്നാണ് കവർച്ചയെന്നു തെളിഞ്ഞാൽപോലും ക്ലെയിം വാദം ഉന്നയിക്കാം. 

safe-home

ഹോം ലോൺ സുരക്ഷാ പദ്ധതികൾ – 10 ലക്ഷം രൂപ ഭവന വായ്പയെടുത്ത് 2 ലക്ഷം രൂപ അടച്ചശേഷം, വായ്പയെടുത്തയാൾ അപകടത്തിലോ മറ്റോ മരിച്ചാൽ ബാക്കി തുക ആരടയ്ക്കും ? ഇത്തരം അവസ്ഥ ഒഴിവാക്കാനാണ് ഹോം ലോൺ സുരക്ഷാ പദ്ധതികൾ ആവശ്യമായിവരുന്നത്. ഇത്തരം അപൂർണ ഭവന വായ്പകൾ മാത്രം കവർ ചെയ്യുന്ന പദ്ധതിയാണിത്. 

ചെലവെത്ര ?

വീടിനുള്ള ഇൻഷുറൻസ് പരിരക്ഷയിൽ പ്രീമിയം ചെലവ് താരതമ്യേന കുറവാണ്. 1000 രൂപയ്ക്ക് ശരാശരി 30–50 പൈസയാണ് ചെലവിടേണ്ടത്. 20 ലക്ഷത്തിന്റെ ഒരു വീട് ഒരു വർഷത്തേക്ക് ഇൻഷുർ ചെയ്യാൻ ശരാശരി ചെലവ് 1000 രൂപ. ഒരു ദിവസം ശരാശരി ചെലവ് 2.74 രൂപ. നമ്മുടെ മറ്റു ദൈനംദിന ചെലവുകളുമായി താരതമ്യം ചെയ്താൽ അറിയാമല്ലൊ ഇതെത്ര കുറവാണെന്ന്. ഒരാളുടെ ഒരുദിവസത്തെ ജീവിത ച്ചെലവിന്റെ മൂന്നു ശതമാനത്തിൽ താഴെ മാത്രമാണ് ഇതിനായി ചെലവിടേണ്ടിവരുന്നുള്ളു. ദീർഘകാല പദ്ധതിയെങ്കിൽ പ്രീമിയത്തിൽനിന്ന് 50% വരെ കിഴിവ് പല ഇൻഷുറൻസ് സ്ഥാപനങ്ങൾ നൽകുന്നുമുണ്ട്. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പര്യാപ്തമായ തുകയ്ക്കാണോ ഇൻഷുറൻസ് എടുത്തിട്ടുള്ളത് എന്നത് ആദ്യംതന്നെ ശ്രദ്ധിക്കണം. ഇൻഷുർ ചെയ്യുമ്പോൾ വെറും കെട്ടിടം മാത്രമായിട്ടല്ല പരിഗണിക്കേണ്ടത്. കെട്ടിടവും അതിലെ വസ്തുക്കളും പലതായി തിരിക്കണം. കെട്ടിടത്തിന് പരിരക്ഷ നൽകുമ്പോൾ കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം പരിരക്ഷയിൽ വരില്ല. ഇൻഷുറൻസ് എടുക്കുന്നയാൾ എന്തെല്ലാം വിവരങ്ങൾ കൃത്യമായി കൊടുക്കുന്നോ അതാണ് ഇൻഷുറൻസ് സ്ഥാപനം പരിഗണിക്കുന്നത്. ഇൻഷുറൻസ് പരിരക്ഷയിൽ വരുന്ന കാര്യങ്ങൾ എന്തെല്ലാമാണ്, എന്തിനെല്ലാമാണ് എന്നതു കൃത്യമായി ചോദിച്ചു മനസ്സിലാക്കണം. നിയമവശങ്ങൾകൂടി വരുന്നതിനാൽ ക്ലെയിം വരുന്ന സമയത്തെ നൂലാമാലകളും ആശങ്കകളും തർക്കങ്ങളും ഒഴിവാക്കാൻ ഇതുപകരിക്കും. 

വീട് ഇൻഷുർ ചെയ്യുമ്പോൾ ചുറ്റുമതിലും ഗേറ്റും പ്രത്യേകമായി ഉൾപ്പെടുത്തണം. അല്ലെങ്കിൽ പരിരക്ഷ ലഭിക്കില്ല. ഇൻഷുറൻസ് ആവശ്യമുള്ള കാര്യങ്ങൾ പ്രത്യേകം കാണിക്കുന്നത് നന്നാകും. വിവരങ്ങൾ സമർപ്പിക്കുന്ന പ്രപ്പോസൽ അപേക്ഷയുടെ പകർപ്പ് നിർബന്ധമായും സൂക്ഷിക്കണം. 

വിവിധ അവസരങ്ങളിൽ ക്ലെയിം ആവശ്യമായി വരുമ്പോൾ അതുമായി ബന്ധപ്പെട്ട രേഖകളും അത്യാവശ്യമാണ്. മിക്ക സംഭവങ്ങളിലെയും പ്രധാനരേഖ പൊലീസ് റിപ്പോർട്ടാണ്. തീപിടിത്തവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ അഗ്നശമന സേനയുടെ റിപ്പോർട്ടും വേണം. 

അപകടങ്ങളും അത്യാഹിതങ്ങളും സംഭവിച്ചാ‍ൽ പൊലീസിൽ അറിയിക്കുന്നതുപോലെ ഇൻഷുറൻസ് കമ്പനിയെയും ഉ‍ടൻതന്നെ രേഖാമൂലം അറിയിക്കണം. പോളിസി നമ്പരും മറ്റും വ്യക്തമാക്കിയാവണമത്. പരാതി ഇൻഷുറൻസ് കമ്പനിയിൽ കിട്ടിയെന്നും ബോധ്യപ്പെടണം. 

വലിയ തിരക്കുകൾക്കു നടുവിൽ കഴിയുന്ന പലരും ഇൻഷുറൻസ് കാര്യങ്ങൾക്കു നേരിട്ടാണ് കമ്പനികളെ സമീപിക്കാറ്.  മറ്റൊരാളെ വിടാതെ അവർ നേരിട്ടുവരുന്നത്, അശ്രദ്ധയും അതുമൂലമുണ്ടാകുന്ന മറ്റു പ്രശ്നങ്ങളും ഒഴിവാക്കാനാണ്. സാധാരണ ഒരു പോളിസി എടുക്കുന്നവർപോലും ഇത്തരം ശ്രദ്ധ പുലർത്തേണ്ടതാണ്.

വിവരങ്ങൾ: 

വി.പി.രവി, 

സീനിയർ ഡിവിഷനൽ 

മാനേജർ, 

നാഷനൽ ഇൻഷുറൻസ് 

കമ്പനി ലിമിറ്റഡ്