Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭവന ഇൻഷുറൻസ്; നഷ്ടപരിഹാരം എങ്ങനെ?

വെള്ളപ്പൊക്കം, പേമാരി, ഭൂകമ്പം തുടങ്ങിയ പ്രകൃതി ക്ഷോഭങ്ങളിൽ വീടുകൾക്കും വീട്ടുപകരണങ്ങൾക്കും നാശനഷ്ടമുണ്ടാകുമ്പോൾ സാമ്പത്തിക പരിരക്ഷ ലഭിക്കുന്ന ഭവന ഇൻഷുറൻസ് പോളിസികൾക്ക് വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല. ഓരോ പ്രദേശത്തും ഇതുവരെ സംഭവിക്കാത്ത രീതിയിലാണ് പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകുന്നത്. പ്രവചനം അസാധ്യമായിരിക്കുന്നു. ഓരോരുത്തരുടെയും ഏറ്റവും പ്രധാന ആസ്തിയായ വീടും അതിനുള്ളിലെ സാധനങ്ങളും ഇൻഷുർ ചെയ്യുന്നതിന് മുമ്പെന്നത്തേക്കാൾ പ്രസക്തിയുണ്ട്. വ്യത്യസ്ത രീതികളിൽ ഭവന ഇൻഷുറൻസ് പോളിസികൾ ലഭ്യമാണ്. 

കെട്ടിടത്തിനുമാത്രം പരിരക്ഷ

അടിസ്ഥാനപരമായി വീടിനു സംഭവിക്കുന്ന നഷ്ടങ്ങൾക്കു പരിരക്ഷ നൽകുന്നവയാണ് ഭവന ഇൻഷുറൻസ്. കെട്ടിടം നിൽക്കുന്ന ഭൂമിയുടെ വില ഇൻഷുറൻസ് പരിരക്ഷയ്ക്കായി കണക്കാക്കില്ല. കെട്ടിടത്തിന്റെ നിർമ്മാണച്ചെലവു കണക്കാക്കിയാണ് ‘സം ഇൻഷുവേഡ്’ തുക തീരുമാനിക്കുക. കെട്ടിടത്തിനു കാലപ്പഴക്കം വരുമ്പോൾ വില കുറയുന്ന രീതിയിലല്ല ഭവന ഇൻഷുറൻസ് എടുക്കേണ്ട‌ത്. ഒരു അത്യാഹിതം സംഭവിച്ചാൽ കെട്ടിടം പുതുക്കിപ്പണിയുന്നതിനോ കേടുപാടുകൾ തീർക്കുന്നതിനോ ആവശ്യമായത്ര തുക പരിരക്ഷയായി ലഭിക്കത്തക്ക രീതിയിൽ പോളിസിഎടുക്കണം. കെട്ടിട സമുച്ചയങ്ങളിൽ ഒരൊറ്റ ഫ്‌ളാറ്റിനു മാത്രം ഇൻഷുറൻസ് പോളിസി എടുത്തതുകൊണ്ടു പരിഹാരമുണ്ടാകുന്നില്ല. എല്ലാ ഫ്‌ളാറ്റുടമകളും ചേർന്ന് കെട്ടിട ഇൻഷുറൻസ് എടുക്കണം.

വീട്ടുപകരണങ്ങൾക്കും സാധനങ്ങൾക്കും

പ്രകൃതിക്ഷോഭം മൂലമോ തീപിടുത്തം, ഭവനഭേദനം തുടങ്ങി വിവിധ കാരണങ്ങളാലോ വീട്ടുസാധനങ്ങൾക്കു സംഭവിക്കുന്ന നഷ്ടം പരിഹരിക്കുന്ന ഭവന ഇൻഷുറൻസുമുണ്ട്. മേശ, കസേര തുടങ്ങിയ വീട്ടുപകരണങ്ങൾ ഫ്രിജ്, ടിവി തുടങ്ങിയ വൈദ്യുതോപകരണങ്ങൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവയൊക്കെ നഷ്ടപ്പെട്ടാൽ പുതിയവ വാങ്ങുന്നതിനോ റിപ്പയർ ചെയ്ത് എടുക്കുന്നതിനോ സഹായം നൽകുന്നു. പുറത്തുനിന്നു വരുന്ന വ്യക്തികൾ ഉണ്ടാക്കുന്ന കഷ്ടനഷ്ടങ്ങൾക്കും പരിരക്ഷ ലഭിക്കും. വൈദ്യുതോപകരണങ്ങൾ കേടാകുമ്പോൾ അവ പരിഹരിക്കുന്നതിനും ഭവന ഇൻഷുറൻസ് ഉപകരിക്കും. വാടക വീടുകളിൽ താമസിക്കുന്നവർക്ക് വീട്ടുപകരണങ്ങൾക്കു മാത്രമായി ഇൻഷുറൻസ് പോളിസി എടുക്കാവുന്നതാണ്.

സമഗ്ര പരിരക്ഷ

സ്വന്തം വീടുകളിൽ താമസിക്കുന്നവർ കെട്ടിടത്തിനും ഉള്ളിലുള്ള വസ്തുവകകൾക്കുംകൂടി  സമഗ്ര ഭവന ഇൻഷുറൻസ് പോളിസികൾ എടുക്കുന്നതാണു നല്ലത്. അടിസ്ഥാന പരിരക്ഷയ്ക്കു പുറമേ പല 'ആഡ് ഓൺ' പരിരക്ഷകളും ലഭ്യമാണ്.

പോളിസി വാങ്ങുമ്പോൾ

ഭവന ഇൻഷുറൻസ് പോളിസികൾ ഓൺലൈനായി വാങ്ങുന്നതിന് സൗകര്യമുണ്ട്. പൊതുമേഖലയിലും സ്വകാര്യ മേഖലയിലും പ്രവർത്തിക്കുന്ന എല്ലാ ജനറൽ ഇൻഷുറൻസ് കമ്പനികളും ഭവന ഇൻഷുറൻസ് വിൽക്കുന്നു. അഞ്ചുവർഷത്തിനുമേൽ പഴക്കമുള്ള ഉപകരണങ്ങൾക്കു നഷ്ടമുണ്ടായാൽ പുതിയവ വാങ്ങുന്നതിനുള്ള പരിരക്ഷ പല കമ്പനികളും അനുവദിക്കുന്നില്ല. നഷ്ടമുണ്ടായാൽ അതിന്റെ ഒരു ഭാഗം ഉടമ വഹിക്കണമെന്നും ബാക്കിത്തുക മാത്രമേ പരിരക്ഷയായി ലഭിക്കൂ എന്നും മറ്റുമുള്ള നിബന്ധനകളുമുണ്ട്. ഇത്തരം നിബന്ധനകൾ മുൻകൂട്ടി മനസ്സിലാക്കിയശേഷം പോളിസി എടുക്കണം.

ക്ലെയിം സമർപ്പിക്കുന്നതെങ്ങനെ

നഷ്ടം സംഭവിക്കുമ്പോൾ ഇൻഷുറൻസ് കമ്പനിയെ രേഖാമൂലം വിവരമറിയിക്കണം. ഇതിന് ഏഴു മുതൽ 15 ദിവസം വരെ കാലാവധി ലഭിക്കും. നഷ്ടം സംഭവിച്ചതിന്റെ വിവരങ്ങൾ തെളിവു സഹിതം വേണം ക്ലെയിം ഫോമിൽ ഉൾപ്പെടുത്താൻ. ഇൻഷുറൻസ് കമ്പനിയെ അറിയിക്കാതെയും അവർ നിയോഗിക്കുന്ന സർവേയറുടെ റിപ്പോർട്ട് ഇല്ലാതെയും സ്വന്തമായി റിപ്പയർ ചെയ്തും മറ്റും നഷ്ടം പരിഹരിച്ച ശേഷം ക്ലെയിം ആവശ്യപ്പെട്ടാൽ ലഭിക്കില്ല.