Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെള്ളം കയറുന്ന പ്രദേശത്തെ വീടുകളിൽ ശ്രദ്ധിക്കാൻ

Rain Havoc - Alappuzha

കേരളം പ്രളയദുരന്തത്തിൽ നിന്നും കരകയറുന്ന സമയമാണ്. ഇനിയൊരു ദുരന്തത്തെ നേരിടാൻ നാം സജ്ജമാണോ? പ്രളയബാധിതമായ പ്രദേശങ്ങളിൽ താമസിക്കുന്നവരും വീടു പണിയുന്നവരും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്..ചില ആശയങ്ങൾ...

∙ വീടിന് ബെല്‍റ്റ്, ലിന്റൽ എന്നിവ ഉറപ്പോടെ പണിയുക. വീട് ഉലയാതിരിക്കാൻ സഹായിക്കും.

∙ വെള്ളം കയറാൻ സാധ്യതയുള്ള വീടുകളിൽ വോൾപേപ്പർ ഉപയോഗിക്കരുത്. വെള്ളം നനഞ്ഞാൽ പിന്നെ കീറിക്കളയുകയേ നിവൃത്തിയുള്ളൂ.

∙ പാർട്ടിക്കിൾ ബോർഡ് ഉപയോഗിച്ചുള്ള ഫർണിച്ചർ വേണ്ടെന്നു വയ്ക്കുക. ഇതിൽ ലാമിനേറ്റ് ചെയ്ത് വരുമ്പോൾ നല്ല ഭംഗി തോന്നുമെങ്കിലും വെള്ളം കയറിയാൽ പിന്നെ, ഒന്നിനും കൊള്ളുകയില്ല.

∙ വയറിങ്ങിന് നല്ല ഇൻസുലേഷനും ഗുണമേന്മയും ഉള്ള വയറുകൾ ഉപയോഗിക്കുക.

∙ മെയിൻ സ്വിച്ച് സ്റ്റെയർകെയ്സിന് അടിയിലോ മൂലയിലോ മറ്റോ സ്ഥാപിക്കാതിരിക്കുക. ഭിത്തിയിൽ ഒന്നര മീറ്ററെങ്കിലും പൊക്കി വയ്ക്കുന്നത് നല്ലതാണ്. താഴത്തെ ഇലക്ട്രിക് സ്വിച്ചുകൾക്ക് പ്രത്യേകം സർക്യൂട്ട് കൊടുക്കുക. ഇഎൽസിബി അങ്ങനെ കൊടുത്താൽ ട്രിപ്പിങ് ഒഴിവാക്കാം.

∙ തുറന്ന കിണറുകളിൽ സബ്മേഴ്സീവ് മോട്ടോറുകൾ ഉപയോഗിക്കുക.

∙ ഗാർഡൻ ലൈറ്റുകൾ തീരെ താഴ്ത്തിക്കൊടുക്കാതെ രണ്ടടി പൊക്കമുള്ള പോസ്റ്റുകളിൽ ഭംഗിയിൽ ഡിസൈൻ ചെയ്യുക.

∙ പുറത്തെ ലൈറ്റിങ്ങിന് വയർ, പൈപ്പ് എന്നിവയ്ക്കു പകരം അണ്ടർഗ്രൗണ്ട് ആർമേഡ് കേബിൾ ഉപയോഗിക്കാം.

∙ വയറിങ് ജംക്‌ഷനുകൾ താഴെ വയ്ക്കാതെ കുറച്ച് ഉയരത്തിൽ കൊടുക്കാം.

∙ പോർച്ചിലെ പ്ലഗ് തീരെ താഴ്ത്തിക്കൊടുക്കാതെ ഉയരത്തിൽ പെട്ടെന്നു കാണാത്ത രീതിയിൽ കൊടുക്കാം.

∙ എസിയുടെ ഔട്ട്ഡോർ യൂണിറ്റ് പുറത്ത് തീരെ താഴ്ത്തിക്കൊടുക്കുന്നവരുണ്ട്. സൺഷേഡ് ലെവലിലെങ്കിലും പിടിപ്പിക്കാന്‍ ഓർക്കുക.

∙ ഇൻവേർട്ടർ വയ്ക്കുന്ന സ്ഥലം രണ്ടാംനിലയിലേക്ക് മാറ്റുക. ട്രസ് വർക് ഉള്ള വീടുകളിൽ ട്രസ്സിനടിയിൽ വയ്ക്കാം. അല്ലെങ്കിൽ രണ്ടാം നിലയിലെ ഹാളിലോ മറ്റോ വയ്ക്കാനുള്ള സംവിധാനം ഒരുക്കാവുന്നതാണ്. ബാറ്ററിയിലെ ആസിഡിന്റെ ഗന്ധം വരാതിരിക്കുകയും ചെയ്യും.

∙ ഡ്രെയിനേജ് ടാങ്കിലെ വെള്ളം ബാത്റൂമിലൂടെ വീടിനകത്തേക്ക് പ്രവേശിക്കുന്നത് ചില വീടുകളിൽ പ്രശ്നമായിട്ടുണ്ട്. ബാത്റൂമിന്റെ ഫ്ലോർ പൊക്കി പണിയുന്നത് ഈ പ്രശ്നത്തിന് ഒരു പരിഹാരമാണ്. അല്ലെങ്കിൽ അവിടെ ഒരു വാൽവ് കൊടുക്കാൻ പറ്റുമോയെന്നും നോക്കാം.

∙ ഇന്റീരിയറിൽ താഴെ കൊടുക്കുന്ന ഫൂട്‌ലാംപുകൾ ആവശ്യമുണ്ടെങ്കിൽ മാത്രം കൊടുക്കുക.

∙ നല്ല ഗുണമേന്മയുള്ള തടി, മറൈൻ പ്ലൈവുഡ് എന്നിവ ഇന്റീരിയറിൽ ഉപയോഗിക്കുക.

∙ കൊതുകു കടക്കാതിരിക്കാനുള്ള നെറ്റ് വാതിലിനു പിടിപ്പിച്ചാൽ ഇഴജന്തുക്കളെയും പ്രാണികളെയും തടയാം.

∙ ഭക്ഷണാവശിഷ്ടങ്ങൾ വീടിനു ചുറ്റും കളയാതിരിക്കുക. ഇത് എലി, പെരുച്ചാഴി മുതലായ ജീവികളെ ക്ഷണിച്ചു വരുത്തും. ഇവ വീടിന്റെ തറയ്ക്ക് കേടുപാടുകൾ വരുത്താം. അതിനൊപ്പം വെള്ളം കയറുകയും ചെയ്താൽ ബലക്ഷയം സംഭവിക്കാം.

∙ കിണറുകളിൽ റിങ് ഇറക്കി മുകള്‍ഭാഗം നന്നായി പ്ലാസ്റ്റർ ചെയ്യുക. ചുറ്റുമതിലിന് ആവശ്യത്തിന് പൊക്കം കൊടുക്കാം.

∙ കിണറിൽ മോട്ടോർ വയ്ക്കുന്ന സ്ഥലത്തുള്ള സുഷിരങ്ങൾ സിമന്റ് വച്ച് അടയ്ക്കുക.

∙ ഒരുവിധം പഴയ കിടക്കകൾ, മോട്ടോറുകൾ, മറ്റു ഗൃഹോപകരണങ്ങൾ എന്നിവ മാറ്റി വാങ്ങുക.