പൃഥ്വിയുടെ പുതിയ വീട്; ലൂസിഫറിന്റെ ഓഫീസ്!

പ്രമുഖ ബില്‍ഡറായ അസറ്റിന്റെ തേവരയിലെ കാസ ഗ്രാന്‍ഡെയിലൊരു ഫ്ലാറ്റ് സ്വന്തമാക്കിയതിന് സന്തോഷത്തിലാണ് പൃഥ്വിരാജ്. തന്റെ പുതിയ ഫ്ലാറ്റിന്റെ വിശേഷങ്ങൾ പൃഥ്വിരാജ് പങ്കുവയ്ക്കുന്നു.

"ഇത് ഒരുപക്ഷേ അറിയപ്പെടുക ലൂസിഫറിന്റെ ഓഫീസ് എന്ന പേരിലാകും.'' മീനമാസത്തിലെ കത്തുന്ന ചൂടിലും കായല്‍ കാറ്റേറ്റ് തണുപ്പുനിറഞ്ഞ പുതിയ ഫ്ലാറ്റിന്റെ അകത്തളത്തിലിരുന്ന് പൃഥ്വിരാജ് പറയുന്നു. പ്രമുഖ ബില്‍ഡറായ അസറ്റിന്റെ തേവരയിലെ കാസ ഗ്രാന്‍ഡെയിലെ നാലാം നിലയിലെ ഫ്ലാറ്റിന്റെ താക്കോല്‍ ഏറ്റുവാങ്ങാനെത്തിയതായിരുന്നു പൃഥ്വിരാജും ഭാര്യ സുപ്രിയയും. 

മോഹന്‍ലാലിനെ നായകനാക്കി ലൂസിഫര്‍ എന്ന സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നുവെന്ന ഔദ്യോഗിക പ്രഖ്യാപനം നടത്തിയതിന്റെ പിറ്റേന്നാണ് പൃഥ്വിരാജ് കാസ ഗ്രാന്‍ഡെയിലെ ഫ്ലാറ്റിലേക്ക് എത്തിയത്. 

''ഒരുപാട് ആഗ്രഹിച്ചാണ് ഈ വില്ല വാങ്ങുന്നത്. തേവരയിൽ തന്നെയാണു ഞങ്ങളുടെ ആദ്യ ഫ്ളാറ്റും. ആദ്യം ഇടപ്പള്ളിയിൽ ഫ്ളാറ്റ് വാങ്ങാൻ ആലോചിച്ചിരുന്നു. സുപ്രിയയാണു അവിടെ തിരക്കു കൂടും, വേണ്ടെന്നു പറഞ്ഞത്. തിരുവനന്തപുരത്തു ജനിച്ചു വളർന്ന ആളാണു ഞാൻ. ഇന്ദ്രജിത്തും അമ്മയും സുപ്രിയയുടെ കുടുംബവുമെല്ലാം ഇവിടെ അടുത്തായുണ്ട്. ഇതെന്റെ വര്‍ക്ക് പ്ലേസായിരിക്കും. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയെന്ന നിലയില്‍ വളരെ കുറച്ച് സമയം മാത്രമേ സ്വന്തം വീട്ടില്‍ ചെലവിടാന്‍ സാധിക്കാറുള്ളൂ. അതായത് ഭൂരിഭാഗം സമയവും ഞാനെന്റെ വര്‍ക്ക് പ്ലേസിലായിരിക്കും. ഇനി മുതല്‍ ഇവിടമായിരിക്കും എന്റെ വര്‍ക്ക് പ്ലേസ് എന്നുപറയുമ്പോള്‍ എന്റെ വായനയും ചിന്തയും എഴുത്തും എല്ലാം ഇവിടം കേന്ദ്രീകരിച്ചായിരിക്കും"... പൃഥ്വി പറയുന്നു. 

നടന്‍, നിര്‍മാതാവ്, ഗായകന്‍ എന്നീ നിലകളിലെല്ലാം തിളങ്ങിയ ശേഷമാണ് പൃഥ്വിരാജ് സംവിധാന രംഗത്തേക്ക് കാലെടുത്തുവെയ്ക്കുന്നത്. നിര്‍ണായകമായ ഈ ഘട്ടത്തില്‍ എന്തുകൊണ്ട് കാസ ഗ്രാന്‍ഡെ ഇഷ്ടതാവളമാക്കി എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയുണ്ട് പൃഥ്വിക്ക്. "വിസ്താരമുള്ള  സ്ഥലങ്ങളോടാണു എനിക്ക് താൽപര്യം. വെട്ടവും വെളിച്ചവും ആവശ്യത്തിനുണ്ടെന്നതാണ് ഈ ഫ്ളാറ്റിന്റെ  ഏറ്റവും വലിയ പ്രത്യേകത. ഒരു ഫ്ളോർ മുഴുവനുമായി ഒരു കുടുംബത്തിനു മാറ്റി വെയ്ക്കുന്നതിനാൽ ഒരു വലിയ അപാർട്ട്മെന്റിലെ തിരക്കിൽ താമസിക്കുന്ന പ്രതീതിയുണ്ടാകില്ല. എന്നെ കാണാൻ വരുന്നവരുടെ വാഹനങ്ങൾ‍ മറ്റുള്ളവർക്കു ബുദ്ധിമുട്ടാകരുതെന്ന ആഗ്രവും എനിക്കുണ്ടായിരുന്നു". 

കാസ ഗ്രാന്‍ഡെയിലെത്തുന്ന ആര്‍ക്കും പൃഥ്വിയുടെ തെരഞ്ഞെടുക്കല്‍ തെറ്റിയില്ലെന്ന് മനസിലാകും. ആഢംബരത്തിന്റെ മറുവാക്കാണ് കാസ ഗ്രാന്‍ഡെ. പന്ത്രണ്ട് നിലകളില്‍ തേവരയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഈ ഭവന സമുച്ചയം ക്രിസിലിന്റെ സെവന്‍ സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയിട്ടുണ്ട്. 

കായലിന്റെ സൗന്ദര്യം പൂര്‍ണമായും ആസ്വദിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് കാസ ഗ്രാന്‍ഡെയുടെ രൂപകല്‍പ്പന. സൂപ്പര്‍ ലക്ഷ്വറി വാട്ടര്‍ ഫ്രണ്ട് സ്‌കൈ വില്ല പദ്ധതിയായ ഇവിടെ ആകെ 12 ഫ്ലാറ്റുകൾ, ഓരോ നിലയിലും ഒന്നു മാത്രം. കാസ ഗ്രാന്‍ഡെയുടെ അകത്തളത്തിന്റെ വിശാലതയാണ് പൃഥ്വിരാജിനെ ഏറെ ആകര്‍ഷിക്കുന്ന ഘടകം. സ്ട്രക്ചറല്‍ ഡിസൈനിംഗില്‍ ഒരു മാറ്റവും തനിക്ക് നിര്‍ദേശിക്കേണ്ടി വന്നില്ലെന്ന് പൃഥ്വി പറയുന്നു. പൂര്‍ണമായും ഫര്‍ണിഷ് ചെയ്ത് കൈമാറുന്ന ഈ പദ്ധതിയുടെ അകത്തളം ഒരുക്കുന്ന ഓരോ ഘട്ടത്തിലും സുപ്രിയ ഇവിടെ നിത്യസന്ദര്‍ശകയായിരുന്നു. നിര്‍മാണത്തിനുപയോഗിച്ചിരിക്കുന്ന മെറ്റീരിയലുകളും ഫിറ്റിംഗുകളും ലോകോത്തരം തന്നെ. ഭൂരിഭാഗവും വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തത്. 

ഓരോ അപ്പാര്‍ട്ട്‌മെന്റിനും ടെറസ് ഗാര്‍ഡന്‍, പെറ്റ്‌സ് കോര്‍ണര്‍, 360 ഡിഗ്രി വാട്ടര്‍ വ്യൂ, സെന്‍സര്‍ അധിഷ്ഠിത ഡ്രിപ് ഇറിഗേഷന്‍ സൗകര്യം എന്നിവയെല്ലാമുണ്ട്. ഇവയ്ക്കു പുറമേ റൂഫ് ടോപ് പാര്‍ട്ടി ഏരിയ, സ്വിമിംഗ് പൂള്‍, ഹെല്‍ത്ത് ക്ലബ് എന്നിവയുമുണ്ട്.