കിളികൾ കൂടണയുന്ന വീട്

കിളികൾ കൂടണയുന്ന, കിളിവിഹാർ എന്ന് പേരുള്ള ആ ഭവനത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് താരാ കല്യാൺ.

നമുക്ക് എന്തുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. അനുഭവിക്കാനുള്ള യോഗം കൂടി വേണമെന്ന് പഴമക്കാർ പറയാറില്ലേ? എന്റെ കാര്യത്തിൽ അതക്ഷരം പ്രതി ശരിയാണ്. തിരുവനന്തപുരത്തെ സമ്പന്നമായ കുടുംബങ്ങളിലായിരുന്നു അമ്മയും അച്ഛനും ജനിച്ചത്. ദാനധർമ്മങ്ങൾ വഴിപാട് പോലെ നടത്തിയിരുന്നവരായിരുന്നു ഇരുകുടുംബങ്ങളും. അതുകൊണ്ടെന്താ, ഞാനും സഹോദരങ്ങളുമൊക്കെ ജനിച്ചു വീണത് വാടകവീട്ടിലാണ്. അതിപ്പോഴും തുടർന്ന് പോരുന്നു. ഇതുവരെ 30 വാടകവീടുകളിലെങ്കിലും താമസിച്ചിട്ടുണ്ടാകും.

ജീവിതത്തിലെ സന്ദിഗ്ധ ഘട്ടങ്ങളിലെല്ലാം ശ്രീപദ്മനാഭൻ തുണയായിട്ടുണ്ട്. ആര് മേൽവിലാസം ചോദിച്ചാലും ഞാൻ പറഞ്ഞിരുന്നത് കെയർ ഓഫ് ലോർഡ് ശ്രീപദ്മനാഭ എന്നായിരുന്നു. ആ അവകാശം യാഥാർഥ്യമാകാൻ കാലം കുറേ എടുത്തു. എന്റെ 29–ാം വയസ്സിലാണ് സ്വന്തമായിട്ടൊരു വീട് വാങ്ങുന്നത്. പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ വടക്കേനടയിൽ. മുമ്പേ പറഞ്ഞ യോഗക്കുറവ് അവിടെയും വില്ലനായി.

നേരേ വാ നേരേ പോ എന്ന സ്വഭാവമുള്ള ആൾക്കാർക്ക് ഈ ലോകത്ത് ജീവിച്ചു പോകാൻ വലിയ പാടാണ്. വഴക്കിനൊന്നും നിൽക്കാതെ ഒഴിഞ്ഞു പോകുന്നതാണ് എന്റെ രീതി. ഇതുകാരണം പലതും കയ്യില്‍നിന്ന് വഴുതിപ്പോയിട്ടുണ്ട്. ഇങ്ങനത്തെ ചില ബുദ്ധിമുട്ടുകൾ വരുമ്പോൾ അപ്പൂപ്പനോട് അൽപം ദേഷ്യം തോന്നും. എല്ലാം ദാനം ചെയ്യുന്ന കൂട്ടത്തിൽ മക്കളെയോ കൊച്ചുമക്കളെയോ ഓർത്തില്ല. പക്ഷേ അതിന്റെ ഗുണങ്ങളുമുണ്ട്. ഞാനും സഹോദരങ്ങളും സ്വന്തം നിലയ്ക്ക് അധ്വാനിച്ചാണ് ഇവിടെ വരെ എത്തിയത്. അതിന്റെ ഭാഗമായുണ്ടായ അനുഭവങ്ങൾ, പരിചയപ്പെട്ട വ്യക്തികൾ, അങ്ങനെ ജീവിതത്തിന്റെ നല്ലതും മോശവുമായ വശങ്ങളെല്ലാം കണ്ടറിഞ്ഞു.

ഉള്ളതുകൊണ്ട് ജീവിക്കാനാണ് അമ്മ ഞങ്ങളെ പഠിപ്പിച്ചത്. ജീവിതത്തിൽ പിന്നീട് മെച്ചപ്പെട്ട അവസ്ഥയിലെത്തിയെങ്കിലും എനിക്ക് ആഡംബരങ്ങളോട് ഒട്ടും ഭ്രമം തോന്നിയില്ല. ഇതിലൊന്നും കാര്യമില്ല എന്നപ്പോഴേക്ക് മനസ്സിലായി. ഇതുവരെ താമസിച്ച വീടുകൾ ഓരോന്നും പല കാരണങ്ങൾകൊണ്ട് ഇഷ്ടമാണ്. തിരുവനന്തപുരത്ത് പടിഞ്ഞാറേക്കോട്ട സ്വാതി നഗറിൽ ഞങ്ങളൊരു ഫ്ലാറ്റ് വാടകയ്ക്കെടുത്തിരുന്നു. അപാർട്മെന്റിന്റെ ഒരു മൂലയ്ക്കാണ് ഈ ഫ്ലാറ്റ്. ചുറ്റുപാടും ഒച്ചയും ബഹളവുമില്ലെങ്കിൽ എനിക്ക് വലിയ പാടാണ്. ഈ ഫ്ലാറ്റ് അതിനു പറ്റിയതായിരുന്നു. റോഡിലെ ഒച്ച മുഴുവൻ നമുക്ക് വീട്ടിൽ കേൾക്കാം. മനുഷ്യരെ കാണാം. സ്വർഗം പോലെയായിരുന്നു ഞാനാ വീട് നോക്കിയിരുന്നത്. പക്ഷേ, ഒരു ദിവസം എല്ലാം തകിടം മറിഞ്ഞു. സാനിട്ടറി പൈപ്പ് എവിടെയോ ബ്ലോക്ക് ആയി. തത്ഫലമായി ടോ‌യ്‌ലറ്റിലും ബ്ലോക്ക് വന്നു. ഹൊ അങ്ങനൊരവസ്ഥ എത്ര ഭീകരമാണെന്ന് പറയേണ്ടല്ലോ! എന്റെ ഫ്ലാറ്റിൽ മാത്രമേ ഈ പ്രശ്നമുള്ളൂ താനും. ഈ പരിപാടി ഇടയ്ക്കിടെ അരങ്ങേറാൻ തുടങ്ങിയപ്പോൾ ആ ഫ്ലാറ്റിനോട് ഗുഡ്ബൈ പറഞ്ഞു.

ചിലങ്ക കെട്ടിയ വീടുകൾ

അന്നും ഇന്നും എന്റെ ജീവശ്വാസം നൃത്തമാണ്. തിരുവനന്തപുരത്തെ നിരവധി പ്രമുഖരെ ഡാൻസ് പഠിപ്പിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. ജി. കാർത്തികേയൻ സാറിന്റെ മകനും അരുവിക്കര എംഎൽഎയുമായ ശബരീനാഥും എന്റെ ശിഷ്യരിലൊരാളായിരുന്നു. തിരുവനന്തപുരത്ത് കാർത്തികേയൻ സാറിന്റെ വീടിനടുത്ത് രമേശ് ചെന്നിത്തലയുടെ വീട് ഒഴിഞ്ഞു കിടപ്പുണ്ടായിരുന്നു. അവിടേക്ക് താമസം മാറിക്കൂടേ എന്ന് ചോദിക്കുന്നത് കാർത്തികേയൻ സാറാണ്. അതാണെങ്കിൽ കൊട്ടാരം പോലൊരു വീട്. അന്നത്തെ അവസ്ഥയിൽ അങ്ങനൊരു വീട് വാടകയ്ക്കെടുക്കുന്നത് ചിന്തിക്കാൻ പോലും വയ്യ. വാടകയൊന്നും കാര്യമാക്കേണ്ട, വിശ്വസിച്ച് ഏൽപിക്കാൻ ഒരാള് മതി എന്നും പറഞ്ഞ് രമേശ് സാർ താക്കോലെന്നെ ഏൽപിച്ചു. ആ വീട് എനിക്ക് തന്ന സൗഭാഗ്യങ്ങൾക്ക് കണക്കില്ല. ഡാൻസ് സ്കൂളിനും നല്ല വളർച്ചയുണ്ടായി. ജീവിതത്തിലൊന്ന് കരകയറാൻ സഹായിച്ചത് ആ വീടാണ്. 12 വർഷങ്ങൾക്കുശേഷം വീടൊഴിഞ്ഞപ്പോഴാണ് ഞാൻ രമേശ് സാറിനെ പിന്നീട് കാണുന്നത് തന്നെ.

മകളുടെ പഠനാവശ്യത്തിനാണ് ഞങ്ങള്‍ എറണാകുളത്തേക്ക് മാറുന്നത്. കടവന്ത്ര ജനത റോഡിലൊരു വീട് വാടകയ്ക്കെടുത്തു. ഡാൻസ് ക്ലാസും ഇവിടെത്തന്നെ. ഒരു വീട്ടിൽനിന്ന് മറ്റൊന്നിലേക്ക് മാറുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. പോസ്റ്റ് ഓഫിസ് മാറുന്നു. കണ്ടുമുട്ടുന്ന ആൾക്കാർ മാറുന്നു. ദിനചര്യകളിൽ വരെ മാറ്റമുണ്ടാകും. ഈ ബുദ്ധിമുട്ടുകൾക്ക് അറുതി വരുത്തണമെങ്കിൽ സ്വന്തമായി ഒരു വീട് വേണം. ആദ്യഘട്ടം എന്ന നിലയിൽ സ്വപ്നത്തിലതിന്റെ പ്ലാൻ പൂർത്തിയായി. ഓടിട്ട വീടുകളോട് പണ്ടേ പഥ്യമില്ല. അതിനാൽ എന്റെ സ്വപ്നഗൃഹം വാർത്ത ഒറ്റനിലയായിരിക്കും. മഴ കണ്ടിരിക്കാൻ ഒരു നടുമുറ്റം. മറ്റെന്ത് കാര്യത്തിൽ കോംപ്രമൈസ് ചെയ്താലും ഇക്കാര്യം നിർബന്ധമാണ്. ഈ നടുമുറ്റത്ത് ഒരു കിളിമരം കാണും. അതിൽ നിറയെ കിളികൾ വന്നിരിക്കണം. മരച്ചുവട്ടിൽ ഒരു കൃഷ്ണവിഗ്രഹവും തുളസിത്തറയും. നടുമുറ്റത്തിന് നേരെ മുന്നിലായി പൂജാമുറി. ഓപൻകിച്ചനും രണ്ട് കിടപ്പുമുറിയും. നൃത്തപഠനത്തിനൊരു ഹാൾ വേണം.

പഠിക്കാനെത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ഇരിക്കാനുള്ള സ്ഥലം, അവരുടെ വണ്ടി പാർക്ക് ചെയ്യാനുള്ള സ്ഥലം എന്നിങ്ങനെ പോകുന്നു ആഗ്രഹങ്ങളുടെ ലിസ്റ്റ്. മൃഗങ്ങളോട് വല്ലാത്തൊരിഷ്ടമുണ്ടെനിക്ക്. ഇപ്പോൾത്തന്നെ വീട്ടിൽ ഏഴ് പട്ടികൾ ഉണ്ട്. പശു, ആട്, പന്നി, കോഴി തുടങ്ങിയവയെയും ജോടിയായി വീട്ടുവളപ്പിൽ വളർത്തണമെന്നുണ്ട്. എന്നിട്ടും സ്ഥലം ബാക്കിയുണ്ടെങ്കിൽ അൽപം പച്ചക്കറി കൃഷി ചെയ്യണം. വിഷമില്ലാത്ത പാലും പച്ചക്കറിയുമൊക്കെ ഭക്ഷിച്ച്, കുറച്ച് അയൽക്കാർക്കും കൊടുത്ത് അങ്ങനെയൊരു ഇക്കോഫ്രണ്ട്‌ലി ജീവിതം!

വീടിന് പേരും കണ്ട് വച്ചിട്ടുണ്ട്. കിളിവിഹാർ. എന്നെ പ്രസവിച്ച വീടിന്റെ പേരും ഇതുതന്നെയായിരുന്നു. അമ്മയ്ക്കും എനിക്കും ആ പേരിനോട് പ്രത്യേകമായൊരിഷ്ടമുണ്ട്. അങ്ങനെ സ്വപ്നഗൃഹത്തിനും ആ പേര് തന്നെ നൽകി. പൂർവികരുടെ അനുഭവം മനസ്സിലുള്ളതുകൊണ്ട് കുറച്ച് സമ്പാദ്യമൊക്കെ കയ്യിലുണ്ട്. ഞങ്ങൾക്ക് നേരിടേണ്ടിവന്ന ദുരിതമൊന്നും മകൾ അനുഭവിക്കരുതല്ലോ! എന്നെങ്കിലും കിളിവിഹാറിലെ മരത്തിൽ കിളികൾ കൂടണയുമെന്നാണ് പ്രതീക്ഷ.

Read more on Celebrity House താരങ്ങളുടെ വീട്