ഇത് നിങ്ങളറിയാത്ത അപർണ ബാലമുരളി!

തന്റെ പഠനമേഖലയായ ആർക്കിടെക്ച്ചറിനെ കുറിച്ചും വീടുകളെ കുറിച്ചുള്ള ഇഷ്ടങ്ങളെക്കുറിച്ചും അപർണ മനസ്സ് തുറക്കുന്നു...

മഹേഷിന്റെ പ്രതികാരത്തിലെ ജിംസിയായി സിനിമയിലേക്ക് കടന്നുവന്ന് പിന്നീട് ബോൾഡ് & ബ്യൂട്ടിഫുൾ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന അപർണ ബാലമുരളിയെയാണ് കൂടുതൽ പേർക്കും പരിചയം. മനോരമ ഓൺലൈൻ അവതരിപ്പിക്കുന്ന സെലിബ്രിറ്റി കലണ്ടർ ആപ്പിൽ വ്യത്യസ്തമായ ഗെറ്റപ്പിൽ അപർണ പ്രത്യക്ഷപ്പെടുന്നുണ്ട്.

സെലിബ്രിറ്റി പരിവേഷത്തിനപ്പുറം അപർണയ്ക്ക് മറ്റൊരു മുഖമുണ്ട്. ആർക്കിടെക്ച്ചർ വിദ്യാർഥി എന്ന പഠിപ്പിസ്റ്റ് മുഖം! തന്റെ പഠനമേഖലയായ ആർക്കിടെക്ച്ചറിനെ കുറിച്ചും വീടുകളെ കുറിച്ചുള്ള ഇഷ്ടങ്ങളെക്കുറിച്ചും മനസ്സ് തുറക്കുന്നു...

എങ്ങനെ ആർക്കിടെക്ച്ചർ?..

ചെറുപ്പം മുതലേ ക്രിയേറ്റിവ് ആയി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹമുണ്ടായിരുന്നു. അത്യാവശ്യം വരയ്ക്കുകയും ചെയ്യുമായിരുന്നു. നല്ല വീടുകളോടും ഇഷ്ടമുണ്ട്. അങ്ങനെയാണ് ഉപരിപഠനത്തിനു ആർക്കിടെക്ച്ചർ തിരഞ്ഞെടുത്തത്. പാലക്കാട് ഗ്ലോബൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ആർക്കിടെക്ച്ചറിൽ മൂന്നാം വർഷ വിദ്യാർത്ഥിയാണ് ഞാൻ.

ആർക്കിടെക്ച്ചറിൽ നിന്നും സിനിമയിലേക്ക്?... 

തിരക്കഥാകൃത്ത് ശ്യാം പുഷ്‌കറിന്റെ ഭാര്യ ഉണ്ണിമായ (മഹേഷിന്റെ പ്രതികാരത്തിലെ ചിൽ സാറ ചിൽ) ആർക്കിടെക്റ്റും എന്റെ ടീച്ചറുമാണ്. മായ ടീച്ചറിലൂടെയാണ് എനിക്ക് സിനിമയിലേക്കുള്ള വഴി തുറന്നുകിട്ടിയത്.

വീട്?...

തൃശൂർ പൂങ്കുന്നമാണ് സ്വദേശം. ഇവിടെ ഒരു ഫ്ലാറ്റിലാണ് ഇപ്പോൾ കുടുംബമായി താമസം. അടുത്തു തന്നെ വീട് പണിയാനുള്ള ആശയങ്ങളുടെ പണിപ്പുരയിലാണ് ഞങ്ങൾ.

ഇന്റീരിയർ ഡിസൈനിങ്?...

ഞാൻ പഠിക്കുന്ന ആർക്കിടെക്ച്ചർ കോഴ്‌സിൽ തന്നെ ഒരു ഉപവിഭാഗമായി ഇന്റീരിയർ ഡിസൈനിങ് പഠിക്കുന്നുണ്ട്. പഠനത്തിന്റെ ഭാഗമായുള്ള പ്രോജക്ടുകളുടെ ഭാഗമായി ഇന്റീരിയർ ഡിസൈനിങ് ചെയ്യാറുണ്ട്. ഇപ്പോൾ താമസിക്കുന്ന ഫ്ലാറ്റിൽ ഇന്റീരിയർ ഡിസൈൻ ചെയ്യാനുള്ള സ്ഥലവും സാഹചര്യവും കുറവാണ്. അതിന്റെ കുറവ് പുതിയ വീട് പണിതുകഴിയുമ്പോൾ തീർക്കാനാണ് പ്ലാൻ. 

കേരളത്തിലെ ആർക്കിടെക്ച്ചർ മേഖല?..

നല്ല കോംപറ്റീഷനുളള മേഖലയാണ് കേരളത്തിലെ ആർക്കിടെക്ച്ചർ ഫീൽഡ്. കേരളത്തിലെ മികച്ച ആർക്കിടെക്ടുകളുടെ വർക്കുകളൊക്കെ ശ്രദ്ധിക്കാറുണ്ട്. ആർകിടെക്ട് വിനു ഡാനിയൽ കൊച്ചിയിൽ നിർമിച്ച മണ്ണുകൊണ്ടുള്ള പള്ളി വളരെ ഇഷ്ടപ്പെട്ടു. ആർക്കിടെക്ച്ചർ ഹിസ്റ്ററി എനിക്ക് പ്രിയപ്പെട്ട മേഖലയാണ്. അതും ശ്രദ്ധിക്കാറുണ്ട്.

സ്വപ്നവീട്?...

എനിക്ക് ധാരാളം കാറ്റും വെളിച്ചവുമൊക്കെ കടന്നു ചെല്ലുന്ന തുറന്ന അകത്തളങ്ങളുള്ള വീടുകളോടാണ് പ്രിയം. പ്രിയപ്പെട്ട ഇടങ്ങൾക്കൊക്കെ അത്യാവശ്യം സ്വകാര്യതയും ഉണ്ടാകണം. ഏതെങ്കിലും ഒരു ശൈലിയോടുമാത്രം താല്പര്യമില്ല, എല്ലാ ശൈലികളിൽ നിന്നും നല്ല അംശങ്ങൾ  തിരഞ്ഞെടുത്ത ഒരു വീടാണെന്റെ സ്വപ്നം. പ്ലാൻ വരയ്ക്കാനും മേൽനോട്ടം നൽകാനും മറ്റൊരാളെ വയ്‌ക്കേണ്ട എന്ന ഗുണവുമുണ്ടേ..എന്റെ ക്രിയേറ്റീവ് കഴിവുകൾ എല്ലാം പുതിയ വീടിന്റെ നിർമാണത്തിൽ വാരിക്കോരി വിതറാനാണ് പ്ലാൻ. 

ആർക്കിടെക്റ്റോ ഫിലിം സ്റ്റാറോ?

സിനിമയിൽ തുടർന്നും നല്ല വേഷങ്ങൾ ലഭിച്ചാൽ ഫിലിം സ്റ്റാർ. അല്ലെങ്കിൽ ആർക്കിടെക്ട്...

**************************

കലണ്ടര്‍ ആപ് ആൻഡ്രോയിഡിൽ സൗജന്യമായി ഡൗൺലോഡ് ചെയ്യാം

കലണ്ടര്‍ ആപ് ഐഒഎസിൽ ഡൗൺലോഡ് ചെയ്യാം