കണ്ണീരിന്റെ നനവുള്ള ഇന്ദ്രൻസിന്റെ കളിവീട്

മലയാളികളുടെ ചിരിയാണ് ഇന്നും ഇന്ദ്രൻസ്. സിനിമയിലെത്തിയിട്ട് മുപ്പത്തിമൂന്നു വർഷമാകുന്നു. രണ്ടു വാക്കുകളിലാണ് ഇന്ദ്രൻസ് തന്റെ ജീവിതത്തെ വിശേഷിപ്പിക്കുന്നത്... മറ്റൊരു ലോകാത്ഭുതം...!!

കണ്ണീരിൽ നിന്നാണ് നല്ല ചിരിയുണ്ടാവുന്നത്. ചാർലി ചാപ്ലിന്റെ ജീവിതമാണ് അതിന് ഉദാഹരണം. ഇന്ദ്രൻസ് എന്ന നടന്റെ ജീവിതത്തിലും ഇത് ഏറെക്കുറെ ശരിയാണ്...

ഓണത്തിനും ദീപാവലിക്കുമായിരുന്നു സുരേന്ദ്രന്റെ വീട്ടിൽ പലഹാരമുണ്ടാക്കിയിരുന്നത്. മിക്കവാറും ഈ ദിവസങ്ങളിൽ മാത്രമേ ഈ കുട്ടി രാവിലെ ഭക്ഷണം കഴിച്ചിരുന്നുള്ളൂ. എല്ലാ വീടുകളിലും അങ്ങനെയാണെന്നും എല്ലാ കുട്ടികളും രാവിലെ ഭക്ഷണം കഴിക്കാത്തവരാണെന്നും സുരേന്ദ്രൻ വെറുതെ വിശ്വസിച്ചിരുന്നു. പാലവിള വീട്ടിൽ കൊച്ചുവേലു മകൻ സുരേന്ദ്രൻ പിന്നീട് നല്ലൊരു തുന്നൽക്കാരനായി. സിനിമാക്കാർക്കു വസ്‌ത്രങ്ങളൊരുക്കി, സിനിമയിൽ അഭിനയിച്ചുതുടങ്ങി, സുരേന്ദ്രൻ എന്ന പേരു മാറി ഇന്ദ്രൻസ് ആയി. ഇപ്പോഴിതാ മികച്ച നടനുളള സംസ്ഥാന അവാർഡും തേടിയെത്തിയിരുന്നു....

മലയാളികളുടെ ചിരിയാണ് ഇന്നും ഇന്ദ്രൻസ്. സിനിമയിലെത്തിയിട്ട് മുപ്പത്തിമൂന്നു വർഷമാകുന്നു. രണ്ടു വാക്കുകളിലാണ് ഇന്ദ്രൻസ് തന്റെ ജീവിതത്തെ വിശേഷിപ്പിക്കുന്നത്... മറ്റൊരു ലോകാത്ഭുതം...!! 

ഓലമേഞ്ഞ ഒറ്റമുറി വീട്ടിലായിരുന്നു ഏഴെട്ടുപേർ ഉൾപ്പെട്ട അദ്ദേഹത്തിന്റെ കുടുംബംകഴിഞ്ഞത്. ചിലർ വരാന്തയിൽ കിടക്കും. ചിലർ അടുക്കളയിലും. അപ്പോഴൊന്നും അതൊരു കുറവായി തോന്നിയിരുന്നില്ല. മഴ പെയ്‌താൽ ചോർന്നൊലിക്കുന്ന വീട്. പിന്നെ ആ രാത്രി ഉറങ്ങാൻ കഴിയില്ല. ഇതുപോലെ എത്രയോ രാത്രികളുണ്ട് അദ്ദേഹത്തിന്റെ ജീവിതത്തിൽ. അപ്പോഴൊന്നും ജീവിതത്തെ നോക്കി കരഞ്ഞില്ല. അയ്യോ ദൈവമേ ഞങ്ങളുടെ ജീവിതം എന്താ ഇങ്ങനെ എന്നൊന്നും ചോദിച്ചില്ല. ഇപ്പോൾ മഴ പെയ്‌താൽ ചോരാത്ത വീട്ടിൽ കിടന്നുറങ്ങുമ്പോഴും അതൊക്കെ ഓർക്കാറുണ്ട് ഇന്ദ്രൻസ്. 

സിനിമയിലെ മുപ്പതു വർഷത്തെ സമ്പാദ്യം കൊണ്ടാണ് കുമാരപുരത്ത് ഇന്ദ്രൻസ് 'കളിവീട്' വയ്ക്കുന്നത്. പുതിയകാലശൈലിയിലുള്ള ഒരു ഇരുനില വീട്. നീളൻ മുറ്റം കടന്നാണ് പച്ചപ്പിനുള്ളിൽ മറഞ്ഞിരിക്കുന്ന വീട്ടിലേക്ക് എത്തുന്നത്. അകത്തും അമിത ആർഭാടങ്ങൾ ഒന്നുമില്ല. താരത്തെ പോലെ തന്നെ ലളിതമാണ് വീടും.

സിനിമയിൽ വസ്ത്രാലങ്കാരം  ചെയ്തിരുന്ന സമയത്ത് ഒരുപാട് ദിവസങ്ങൾ വീട് വിട്ടു നിൽക്കേണ്ടി വരും. എങ്ങനെയെങ്കിലും വീട്ടിൽ പോകണം എന്ന് തോന്നുമ്പോൾ കോസ്റ്റ്യൂമിനുള്ള തുണി തിരുവനന്തപുരത്തേ കിട്ടുകയുള്ളൂ എന്ന് പറഞ്ഞു ഇന്ദ്രൻസ് മുങ്ങുമായിരുന്നു. വീട്ടിലെത്തി മുറ്റത്തൊക്കെ കുറച്ചു നേരം ഇറങ്ങി നടന്നു, അയൽക്കാരെ ഒക്കെകണ്ടു വർത്തമാനം പറയുമ്പോൾ മനസ്സിന് ലഭിച്ചിരുന്ന ആശ്വാസം വളരെ വലുതായിരുന്നു എന്ന് ഇന്ദ്രൻസ് ഓർക്കുന്നു.

ഈ നടനെ വ്യത്യസ്‌തനാക്കുന്നതും ഇതേ മനോഭാവമാണ്. പുതിയജീവിതം കെട്ടിയുയർത്തിയപ്പോഴും പഴയതൊന്നും മറന്നില്ല. കോമാളി വേഷം കെട്ടി മലയാളികളെ ചിരിപ്പിച്ചപ്പോഴും തന്നിലെ നല്ല നടനെ മലയാളികൾക്കു കാണിച്ചുകൊടുത്തു ഇന്ദ്രൻസ്. അടൂർ ഉൾപ്പടെയുള്ള വലിയ സംവിധായകരുടെ സിനിമകളിൽ അഭിനയിച്ചു. ഇപ്പോൾ സംസ്ഥാന അവാർഡും അർഹിച്ച പ്രതിഭയ്ക്കുള്ള അംഗീകാരമായി തേടിയെത്തുന്നു...