നിഗൂഢമായിരുന്നു ഹോക്കിങ്ങും ഒപ്പം ആ വീടും!

നക്ഷത്രങ്ങളുടെ രാജകുമാരനായിരുന്നു സ്റ്റീഫൻ ഹോക്കിങ്‌സ്. ശാരീരിക പരിമിതികൾ ഉയർച്ചയ്ക്കും വ്യക്തിഗത നേട്ടങ്ങൾക്കും തടസമല്ല എന്ന് ജീവിതം കൊണ്ട് തെളിയിച്ച പ്രതിഭ.

യുകെയിലെ ഓക്സ്ഫഡ‍ിൽ ഫ്രാങ് ഹോക്കിങ്ങിന്റെയും ഇസബലിന്റെയും മകനായ‍ി 1942 ജനുവരി എട്ടിനായിരുന്നു ഹോക്കിങ്ങിന്റെ ജനനം. ഓക്സ്ഫഡ് സർവകലാശാലയിൽ ബിരുദ പഠനത്തിനു ശേഷം കേംബ്രിജിൽ ഗവേഷണത്തിനുള്ള ഒരുക്കങ്ങൾക്കിടയിൽ 1962 ൽ ഇരുപത്തിയൊന്നാം വയസ്സിലാണ് മോട്ടോർ ന്യൂറോൺ രോഗബാധിതനാണെന്നു കണ്ടെത്തുന്നത്.

വീട്ടിലെ കോണിപ്പടികളിൽ നിന്നും വീഴുന്നതായിരുന്നു തുടക്കം. രണ്ടുവർഷത്തെ ആയുസ്സുമാത്രമാണ് ഡോക്ടർമാർ വിധിച്ചിരുന്നതെങ്കിലും കഴിഞ്ഞ ദിവസം തന്റെ 76–ാം വയസ്സിൽ വിട പറയുന്നതുവരെ ലോകത്തിനു മുന്നിൽ ഒരദ്ഭുതമായി ഹോക്കിങ് ജീവിച്ചു. 

രോഗം മൂർച്ഛിച്ച ശേഷം കമ്പ്യൂട്ടർ നിയന്ത്രിത ചക്രക്കസേരയിലായി അദ്ദേഹത്തിന്റെ ജീവിതം. ചക്രക്കസേരയിൽ ഇരുന്നു കൊണ്ട് ഗോളാന്തരങ്ങൾക്കും തമോഗർത്തങ്ങൾക്കുമപ്പുറം അദ്ദേഹം സ്വപ്നം കണ്ടു. ഹോക്കിങ്ങിന്റെ ശാരീരികപരിമിതികൾ മൂലം വീട് മുഴുവൻ ഓട്ടോമേഷൻ സാങ്കേതികവിദ്യയിലേക്ക് മാറ്റിയെടുത്തു. അന്ന് ഈ സാങ്കേതികവിദ്യ ശൈശവ അവസ്ഥയിൽ ആയിരുന്നു എന്നോർക്കണം. അദ്ദേഹത്തിന് തന്റെ ചക്രക്കസേരയിലിരുന്നു കൊണ്ട് മുറിയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ കഴിയുന്ന വിധമായിരുന്നു സാങ്കേതികവിദ്യ. പഠനകാലത്ത് ഹോക്കിങ് ഉപയോഗിച്ചിരുന്ന പുസ്തകങ്ങൾ ഒരു നിധി പോലെ അദ്ദേഹത്തിന് വേണ്ടി വീട്ടുകാർ മുറിയിൽ സൂക്ഷിച്ചു. 

അദ്ദേഹത്തിന്റെ വീടും കുടുംബജീവിതവും തമോഗർത്തങ്ങൾ പോലെ സങ്കീർണതകൾ നിറഞ്ഞതായിരുന്നു. 1965 ൽ അദ്ദേഹം പ്രണയിനി ജെൻ വൈൽഡിനെ വിവാഹം കഴിച്ചു. പക്ഷേ ആ ദാമ്പത്യത്തിന്റെ സന്തോഷങ്ങൾ അധികകാലം നീണ്ടുനിന്നില്ല. ഹോക്കിങ് രോഗാതുരനായി. വീടിന്റെയും കുട്ടികളുടെയും ഭർത്താവിന്റെയും ഉത്തരവാദിത്തങ്ങൾ ജെയ്‌നിന്റെ ചുമലിലായി.

ഇതിനിടെ തന്നെ പരിചയിച്ച  നഴ്സ് എലൈൻ മേസനുമായി ഹോക്കിങ് അടുപ്പത്തിലായി. ഇതിൽ മനംനൊന്ത് ജെയ്ൻ വീടുപേക്ഷിച്ചു പോയി. 1995 ൽ ഇരുവരും നിയമപരമായി വേർപിരിഞ്ഞു. ആ വർഷം തന്നെ ഹോക്കിങ് എലൈനെ വിവാഹം കഴിച്ചു. എന്നാൽ ആ ബന്ധവും അധികകാലം നീണ്ടുനിന്നില്ല. 2006 ൽ ഇരുവരും രഹസ്യമായി വിവാഹബന്ധം ഒഴിഞ്ഞു. ഹോക്കിങ് വീണ്ടും ആദ്യ ഭാര്യയായിരുന്ന ജെയ്‌നുമായും മക്കളുമായും കുടുംബവുമായും അടുത്തു. 2014 ൽ തിയറി ഓഫ് എവരിതിങ് എന്ന പേരിൽ ഹോക്കിങ്ങിന്റെ ജീവിതം സിനിമയായി അഭ്രപാളിയിലേക്കെത്തി.

കുറച്ചു നാളുകൾക്ക് മുൻപ് ഹോക്കിങ്ങിന്റെ ആവശ്യപ്രകാരം മുറിയിൽ ഒരു സെലസ്ട്രോൺ ടെലസ്കോപ്പും വീട്ടുകാർ ക്രമീകരിച്ചു. ഹോക്കിങ്ങിനെ തേടിയെത്തുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളുമായി സംവദിക്കാനായി ഒരു ക്‌ളാസ് മുറിയും ലൈബ്രറിയും അദ്ദേഹത്തിന്റെ ആവശ്യപ്രകാരം വീട്ടിൽ ഒരുക്കി.

അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം നിരവധി കെട്ടിടങ്ങൾക്ക് അദ്ദേഹത്തിന്റെ പേര് നൽകപ്പെട്ടു. എൽ സാവദോറിലെ സ്റ്റീഫൻ ഹോക്കിങ് സയൻസ് മ്യൂസിയം, കേംബ്രിഡ്ജിലെ സ്റ്റീഫൻ ഹോക്കിങ് ബിൽഡിങ്, കാനഡ സർവകലാശാലയിലെ സ്റ്റീഫൻ ഹോക്കിങ് സെന്റർ തുടങ്ങിയ അതിൽ ചിലതുമാത്രം.