450 സ്‌ക്വയർഫീറ്റിൽ സമീറയുടെ 'ലിറ്റിൽ ഹൗസ്'!

എന്തുകൊണ്ട് ഇത്ര ചെറിയ വീട് എന്ന് ചോദിച്ചാൽ ഉടനടി സമീറയുടെ ഉത്തരം വരും. ''സ്മാൾ ഈസ് ബ്യൂട്ടിഫുൾ''. അതെ, സമീറയുടെ വാക്കുകൾ പോലെ തന്നെ ചെറുതും മനോഹരവുമാണ് ഈ വീട്. 

വളരെ ക്രിയേറ്റിവ് ആയ, ഇളം നിറങ്ങളെ ഏറെ ഇഷ്ട്ടപ്പെടുന്ന ഒരു വ്യക്തിയുടെ വീട് എങ്ങനെ ആയിരിക്കണമോ അതിനുള്ള ഉത്തമ ഉദാഹരണമാണ് മലയാള സിനിമയുടെ പ്രിയപ്പെട്ട കോസ്‌റ്റ്യൂം ഡിസൈനർ സമീറ സനീഷിന്റെ വീട്. എറണാകുളം ജില്ലയുടെ ഭാഗമായ, എന്നാൽ ഗ്രാമത്തിന്റെ നൈർമല്യമുള്ള ഏരൂർ എന്ന സ്ഥലത്താണ് സമീറ സനീഷ് തനിക്ക് ജോലിയിൽ ഏറെ ക്രിയേറ്റിവിറ്റി നൽകുന്ന ഈ കുഞ്ഞു വീട് നിർമിച്ചിരിക്കുന്നത്.

'ലിറ്റിൽ ഹൗസ്' എന്നാണ് സമീറ ഈ വീടിന് പേരിട്ടിരിക്കുന്നത്. മൂന്നു സെന്റ് സ്ഥലത്ത് കേവലം 450 ചതുരശ്ര അടി വിസ്തീർണത്തിലാണ് സമീറ തന്റെ ഈ സ്വപ്നഭവനം നിർമിച്ചിരിക്കുന്നത്. എന്തുകൊണ്ട് ഇത്ര ചെറിയ വീട് എന്ന് ചോദിച്ചാൽ ഉടനടി ഉത്തരം വരും. ''സ്മാൾ ഈസ് ബ്യൂട്ടിഫുൾ''. അതെ, സമീറയുടെ വാക്കുകൾ പോലെ തന്നെ ചെറുതും മനോഹരവുമാണ് ഈ വീട്. 

രണ്ടു ചെറിയ കിടപ്പുമുറികൾ, ഹാൾ, ചെറിയൊരു വരാന്ത, കുഞ്ഞു ഡൈനിംഗ് റൂം, അടുക്കള... ഇതാണ് 'ലിറ്റിൽ ഹൗസിന്റെ ഉള്ളിലുള്ളത്. ഏകദേശം 12 വർഷങ്ങൾക്ക് മുൻപാണ് ഈ വീടും സ്ഥലവും സമീറ സ്വന്തമാക്കുന്നത്. അതിനുശേഷം തനിക്ക് ഇഷ്ടപ്പെട്ട രീതിയിൽ ഈ കുഞ്ഞു വീടിനെ മാറ്റിയെടുത്തു. ഇപ്പോൾ ഡിസൈനിങ് ചെയ്യാൻ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമായി ഈ വീട് മാറിയിരിക്കുന്നു എന്ന് സമീറ പറയുന്നു. 

''സൗകര്യങ്ങൾ വളരെ കുറവാണു എന്ന് പുറമെ നിന്നും വരുന്നവർക്ക് തോന്നും. എന്നാൽ ഞാനും സനീഷും കുഞ്ഞും ഇവിടെ വളരെ കംഫർട്ടബിൾ ആണ്. സനീഷിന്റെ വീട് എരമല്ലൂർ ആണ്. പ്രഫഷനലി അത്രദൂരെ വീടുണ്ടാകുന്നത് ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ഈ ലിറ്റിൽ ഹൗസിലേക്ക് ഞങ്ങൾ ചേക്കേറിയത്. എരമല്ലൂരിൽ മറ്റൊരു വീട് പണിതിട്ടുണ്ട്. എന്നാലും ഞങ്ങൾക്ക് പ്രിയം ഈ വീടിനോട് തന്നെയാണ്'' സമീറ പറയുന്നു. 

വീടിന്റെ നേരെ എതിർവശത്തായുള്ള 3 സെന്റ് പുരയിടവും ഒറ്റമുറി വീടും കൂടി വില്പനയ്ക്ക് വച്ചപ്പോൾ സമീറ അതുംകൂടി സ്വന്തമാക്കി. എന്നിട്ട്, സിമന്റ് സീലിംഗും വോൾ പാനലിംഗും ചെയ്ത് രണ്ടു വീടുകളും തമ്മിൽ ഒരു ഇടനാഴി തീർത്ത് ഒരുമിപ്പിച്ചു. അതോടെ സമീറയുടെ ലിറ്റിൽ ഹൗസിനു മറ്റൊരു മുഖമായി. അതിഥികൾ വരുമ്പോഴാണ് പ്രധാനമായും ആ ഭാഗം ഉപയോഗിക്കുക. 

ഇന്റീരിയറിന് ധാരാളം പ്രാധാന്യം നൽകിക്കൊണ്ടാണ് ലിറ്റിൽ ഹൗസ് ഒരുക്കിയിരിക്കുന്നത്. വീടിന്റെ എല്ലാ മുറികൾക്കും വെള്ള നിറമാണ് നൽകിയിരിക്കുന്നത്. വെള്ള കർട്ടനുകൾ ഉപയോഗിച്ചിരിക്കുന്നു. വളരെ കുറച്ചു ഫർണിച്ചറുകൾ മാത്രമാണ് വീടിനകത്ത് ഇട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ വീട്ടിൽ സ്ഥലപരിമിതി ഉള്ളതായി തോന്നുകയില്ല. ഇൻഡോർ ചെടികളും വീടിന് മനോഹാരിത വർധിപ്പിക്കുന്നു.

ചെടികൾ വയ്ക്കുന്നതിനോട്  ഏറെ താത്പര്യം ഉള്ളതിനാൽ നല്ലൊരു പൂന്തോട്ടം വീടിനോട് ചേർന്ന് ഒരുക്കിയിട്ടുണ്ട്. പുൽത്തകിടി വിരിച്ച ചെറിയ മുറ്റവും മരത്തടിയിൽ തീർത്ത ഇരിപ്പിടവും എല്ലാം ചേർന്ന് വീടിന് ആകർഷണീയതയും അഴകും വർധിപ്പിക്കുന്നു. ലളിതവും മനോഹരവും ആയതിനാൽ തന്നെ സിനിമ ഇൻഡസ്ട്രിയിൽ ഉള്ള ലാൽജോസ് ഉൾപ്പെടെയുള്ള സംവിധായകർ സമീറയുടെ ഈ ലിറ്റിൽ ഹൗസിനു ഗുഡ് മാർക്ക് നൽകിക്കഴിഞ്ഞു.