കരൺ ജോഹറിന്റെ സൂപ്പർഹിറ്റ് വീട്! വില കേട്ടാൽ ഞെട്ടും

വാടക ഗർഭപാത്രത്തിലൂടെയാണ് കരൺ രണ്ടു കുട്ടികളുടെ പിതാവായത്. വീട്ടിൽ ഏറ്റവും ശ്രദ്ധാപൂർവം ഡിസൈൻ ചെയ്തിരിക്കുന്നതും നഴ്‌സറി തന്നെ. ചിത്രങ്ങൾക്ക് കടപ്പാട്- ഇൻസ്റ്റഗ്രാം

ബോളിവുഡിലെ സൂപ്പർ സംവിധായകന്റെ മുംബൈയിലെ വീട് ഒരു സൂപ്പർഹിറ്റ് സിനിമയുടെ ചേരുവകൾ എല്ലാം ചേർന്നതാണ്. ഷാരൂഖ് ഖാന്റെ ഭാര്യയും സെലിബ്രിറ്റി ഡിസൈനറുമായ ഗൗരിയാണ് വീട് അണിയിച്ചൊരുക്കിയത്. ഫ്ളാറ്റിലെ ഒരു മുറി കരണിന്റെ ഇരട്ടക്കുട്ടികളായ യാഷിനും ഹീരുവിനും വേണ്ടി നഴ്‌സറിയാക്കി മാറ്റിയതും ഗൗരി തന്നെ. 

നഗരഹൃദയത്തിൽ 8000 ചതുരശ്രയടിയിൽ ഒരുക്കിയ ഡുപ്ലെയ്‌ ഫ്ലാറ്റിൽ മിക്കപ്പോഴും ഒത്തുചേരലുകളുടെ ബഹളമായിരിക്കും. വീടിന്റെ ടെറസ്സ് വിശാലമായ പാർട്ടി സ്‌പേസാക്കി മാറ്റിയതും ഗൗരിയുടെ  ബുദ്ധിയാണ്. ടെറസിൽ ഫ്ളോറിങ് ചെയ്ത് ഫർണിച്ചറുകളും ഇട്ടതോടെ പാർട്ടി സ്‌പേസ് റെഡി. ഒത്തുചേരലുകൾക്ക് മറ്റിടം അന്വേഷിക്കേണ്ട കാര്യമില്ല. ഷാരൂഖ് ഖാൻ, ഹൃതിക് റോഷൻ, വരുൺ ധവാൻ, കരിഷ്മ കപൂർ, ആലിയ ഭട്ട് തുടങ്ങി സന്ദർശകരുടെ നീണ്ട നിര തന്നെ മിക്കപ്പോഴുമുണ്ടാകും. 

വാടക ഗർഭപാത്രത്തിലൂടെ (surrogacy) യാണ് കരൺ രണ്ടു കുട്ടികളുടെ പിതാവായത്. വീട്ടിൽ ഏറ്റവും ശ്രദ്ധാപൂർവം ഡിസൈൻ ചെയ്തിരിക്കുന്നതും നഴ്‌സറി തന്നെ. വൈറ്റ്, ക്രീം തീമിലാണ് മുറിയും തൊട്ടിലുകളുമെല്ലാം. നിലത്ത് വുഡൻ ഫ്ളോറിങ് ചെയ്തു. ആവശ്യമുള്ളപ്പോൾ മുറിയിൽ സാന്ദ്രമായ സംഗീതം മുഴങ്ങും. ലൈറ്റുകളുടെ തീവ്രത ആവശ്യാനുസരണം ക്രമീകരിക്കുകയുമാകാം. കരണിന്റെ അമ്മയാണ് വീടിന്റെ ഗൃഹനാഥ. 30 കോടിയിലേറെ രൂപയാണ് ഫ്ലാറ്റിന്റെ മൂല്യം. 

അന്ധേരിയിലുള്ള ധർമ്മ പ്രൊഡക്ഷൻസിന്റെ ഓഫിസും ഒന്ന് കാണേണ്ട കാഴ്ചയാണ്. വിരസമായ പതിവ് ഓഫിസ് കാഴ്ചകൾക്കപ്പുറം സിനിമയുടെ വർണലോകം നിറയുന്ന അകത്തളങ്ങളാണ് ഇവിടെ ഒരുക്കിയത്.