മറിമായം ശീതളനും കോയയും പിന്നെ നിയാസും!

മറിമായം സീരിയലിൽ ശീതളൻ, കോയ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നിയാസ് കുടുംബവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

നിയാസ് ബക്കർ എന്ന് പേരുകേട്ടാൽ പലരും നെറ്റിചുളിക്കും. എന്നാൽ മറിമായത്തിലെ ശീതളൻ/കോയ എന്ന് പറഞ്ഞാലോ സകുടുംബമൊരു ചിരിക്ക് വകയുണ്ട്. ആറുവർഷമായി തമാശകൾ മൊത്തമായും ചില്ലറയായും കൊടുത്തുകൊണ്ടിരിക്കുകയാണ് ‘മഴവിൽ മനോരമ’ യിലെ ‘മറിമായ’മെന്ന ആക്ഷേപഹാസ്യ പരിപാടി. ജനങ്ങളെ നേരിട്ടു ബാധിക്കുന്ന പ്രശ്നങ്ങളിൽമേലുളള പ്രതികരണമാണ് ഓരോ എപ്പിസോ‍ഡും. നിത്യജീവിതത്തിൽ സാധാരണക്കാരനുണ്ടാകുന്ന അനുഭവങ്ങളിൽ നർമത്തിന്റെ മേമ്പൊടി ചേരുമ്പോൾ അത് രസക്കാഴ്ചകളാവുന്നു. ‘മറിമായം’ ജനപ്രിയമായത് അങ്ങനെയാണ്. ശീതളനെ അവതരിപ്പിക്കുന്ന നിയാസ് വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയാണ് നാട്. പിതാവ് അബൂബക്കർ നാടകനടനായിരുന്നു. മിമിക്രി താരം കലാഭവൻ നവാസ് സഹോദരനാണ്. താഴെ ഒരു സഹോദരനും കൂടിയുണ്ട്. നിസാമുദീൻ. മറിമായം കണ്ടു പലരും വിചാരിക്കുന്നത് ഞാൻ ന്യൂജെൻ നടനാണ് എന്നാണ്. എന്നാൽ 93 മുതൽ ഞാൻ സിനിമാരംഗത്തുണ്ട്. ഇപ്പോഴാണ് അൽപം ജനശ്രദ്ധ കിട്ടിയത് എന്നുമാത്രം. 

സഹോദരങ്ങൾ

ഇപ്പോൾ താമസിക്കുന്നത് ആലുവയിലാണ്. വീട്ടിൽ ഉമ്മ, ഭാര്യ രണ്ടു മക്കൾ എന്നിവരുണ്ട്. ഭാര്യ ഹസീന വീട്ടമ്മയാണ്. മകൾ ജസീല സിഎയ്ക്ക് പഠിക്കുന്നു. മകൻ താഹ ഒൻപതാം ക്‌ളാസിൽ പഠിക്കുന്നു. 1450 ചതുരശ്രയടിയുള്ള കൊച്ചുവീട്. വളരെ ചെറിയ പ്ലോട്ടിലാണ് വീട് നിർമിച്ചത്. ആവശ്യത്തിനുള്ള സൗകര്യങ്ങൾ മാത്രമേ ഇവിടെയുള്ളൂ. ഇപ്പോൾ ഷൂട്ടിന്റെ ഭാഗമായുള്ള യാത്രകൾ ഏറിയപ്പോൾ വീട് മിസ് ചെയ്യാറുണ്ട്.

മാള അരവിന്ദൻ ചേട്ടന്റെ നാടകസമിതിയിലൂടെയാണ് ഞാൻ അരങ്ങത്തേക്കെത്തുന്നത്. പിന്നെ ഞാനും നവാസും കൂടി മിമിക്രി പരിപാടികളും നടത്തുമായിരുന്നു. 1993 മുതൽ സിനിമാരംഗത്തുണ്ട്. ഭരതൻ സംവിധാനം ചെയ്ത വെങ്കലത്തിൽ ഒരു ചെറിയ വേഷം ചെയ്താണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

സ്‌നേഹയ്‌ക്കൊപ്പം

ദാരിദ്ര്യവും കഷ്ടപ്പാടുകളും നിറഞ്ഞതായിരുന്നു ചെറുപ്പകാലം. വിവാഹം കഴിഞ്ഞു പോലും ഒരു നല്ല വീട് സ്വപ്നം കാണാനാകാത്ത അവസ്ഥ ഉണ്ടായിരുന്നു. മറിമായം എന്ന സീരിയലാണ് എന്റെ കലാജീവിതത്തിൽ വഴിത്തിരിവായത്. മറിമായം ശരിക്കും ഒരു കൂട്ടായ്മയുടെ വിജയമാണ്. സാധാരണക്കാർ അനുഭവിക്കുന്ന അനുഭവിച്ചിട്ടുള്ള കാര്യങ്ങളാണ് അതിൽ വിഷയമാകുന്നത്. 

മഞ്ജുവിനൊപ്പം

എല്ലാ സാധാരണക്കാരനും സ്വന്തമായി ഒരു വീട് സ്വപ്നം കാണും. സാമ്പത്തിക പ്രശ്നങ്ങൾ ഒന്നൊതുങ്ങിയപ്പോൾ വീടിനു സമീപം കുറച്ചു സ്ഥലം വാങ്ങി പുതിയൊരു വീട് വയ്ക്കുന്നതിന്റെ തിരക്കിലാണ്. ചെറിയ ചെറിയ സ്വപ്നങ്ങൾ പുതിയ വീട്ടിൽ സാക്ഷാത്കരിക്കാനുള്ള പദ്ധതിയിലാണ്. ആഡംബര വീടൊന്നുമല്ല, കുറച്ചു കൂടി സ്ഥലമുള്ള അകത്തളങ്ങൾ ഇവിടെ കൊടുത്തിയിട്ടുണ്ട്. കാറ്റും വെളിച്ചവും കൂടുതൽ കടക്കുകയും ചെയ്യും. ഭാര്യയാണ് വീട്ടിലെ മന്ത്രി. അഞ്ചാറ് മാസത്തിനുള്ളിൽ പുതിയ വീട്ടിലേക്ക് താമസം മാറാനൊക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അപ്പോൾ വിശേഷങ്ങൾ ഈ ചാനലിലെ സ്വപ്നവീട് പ്രോഗ്രാമിൽ നേരിൽ കണ്ടുപറയാം.