മറിമായം മൊയ്തുവിന്റെ വീട്ടുവിശേഷങ്ങൾ

ജനപ്രിയ സീരിയലായ മറിമായത്തിലെ മൊയ്തുവിന്റെ വീട്ടുവിശേഷങ്ങൾ... ഭാര്യ ദേവുവിനൊപ്പം വിനോദ്...ചിത്രങ്ങൾക്ക് കടപ്പാട്- ഫെയ്സ്ബുക്

മിനിസ്‌ക്രീനിൽ കോഴിക്കോടൻ ഭാഷയ്ക്ക് ഇത്രയും ജനപ്രീതി നൽകിയത് വിനോദ് കോവൂരായിരിക്കും. നെറ്റി ചുളിക്കണ്ട...വിനോദ് കോവൂർ എന്ന് പറയുന്നതിനേക്കാൾ മറിമായത്തിലെ മൊയ്തു എന്ന് കേട്ടാൽ ഹള്ളാ, ഞമ്മടെ മൊയ്തുവൊ എന്നാരും ചോദിച്ചു പോകും. അത്രയ്ക്ക് ആഴത്തിലാണ് ഈ സീരിയലും കഥാപാത്രങ്ങളും മലയാളികളുടെ മനസ്സിൽ പതിഞ്ഞത്.

ജനങ്ങളെ നേരിട്ടു ബാധിക്കുന്ന പ്രശ്നങ്ങളിൽമേലുളള പ്രതികരണമാണ് ഓരോ എപ്പിസോ‍ഡും. നിത്യജീവിതത്തിൽ സാധാരണക്കാരനുണ്ടാകുന്ന അനുഭവങ്ങളിൽ നർമത്തിന്റെ മേമ്പൊടി ചേരുമ്പോൾ അത് രസക്കാഴ്ചകളാവുന്നു. ‘മറിമായം’ ജനപ്രിയമായത് അങ്ങനെയാണ്. കലയുടെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിനോദ് കോവൂർ തന്റെ വിദേശങ്ങൾ പങ്കുവയ്ക്കുന്നു.

കോഴിക്കോട് മെഡിക്കൽ കോളജിനും ചേവായൂരിനും ഇടയിൽ കുടുങ്ങിപ്പോയ ഒരു ചെറിയ സ്ഥലമാണ് കോവൂർ. ഇവിടെയുള്ള തറവാട് വീട്ടിലാണ് എന്റെ താമസം. ഒരു കൊച്ചു വീടാണ്. അച്ഛൻ, അമ്മ, രണ്ടു ചേട്ടന്മാർ എന്നിവരായിരുന്നു കുടുംബം. ചേട്ടന്മാർ ഇപ്പോൾ വിവാഹം കഴിഞ്ഞു വീടുവച്ചു മാറി. 

കലാരംഗത്ത് വന്നിട്ട് വർഷങ്ങളായെങ്കിലും ഒരു വീട് വയ്ക്കുക എന്നത് ഇത്രയും കാലം ഒരു സ്വപ്നമായി തന്നെ അവശേഷിക്കുകയായിരുന്നു. എന്റെ ഭാവനയിൽ ഒരു വീടുണ്ട്. കാറ്റും വെളിച്ചവും ഒക്കെ ലഭിക്കുന്ന അത്യാവശ്യം സൗകര്യങ്ങളുള്ള ഒരു ചെറിയ വീട്. സാമ്പത്തിക പ്രശ്ങ്ങൾ ഒക്കെ ഒന്നൊതുങ്ങിയതോടെ ഈ വർഷം അവസാനത്തോടെ ആ സ്വപ്നംതുടങ്ങി വയ്ക്കാനുള്ള പണിപ്പുരയിലാണ്. 

മറിമായം ടീം

വീട് എനിക്ക് ഭയങ്കര നൊസ്റ്റാൽജിയയാണ്. സ്റ്റേജ് ഷോകളുമായി ലോകമെങ്ങും സഞ്ചരിക്കുമ്പോഴും വീട്ടിലെ കിണറിൽ നിന്നും വെള്ളം കോരി കുളിക്കുന്നതിന്റെ സുഖം വേട്ടയാടാറുണ്ട്. സിനിമയിൽ കൂടുതൽ അവസരം കിട്ടണമെങ്കിൽ എറണാകുളത്തേക്ക് താമസം മാറണമെന്ന് പല സുഹൃത്തുക്കളും പറയാറുണ്ട്. വീടിനോടും നാടിനോടുമുള്ള ബന്ധം കാരണമാണ് അതിന് മടിച്ചു നിൽക്കുന്നത്. 

വീട്ടിൽ ഇപ്പോൾ അമ്മയും ഭാര്യയുമാണുള്ളത്. അമ്മ കുട്ടികാലം മുതലേ കലാരംഗത്ത് എന്നെ പിന്തുണച്ചിട്ടുണ്ട്. ഞാനും അമ്മയും ഒരുമിച്ച് നാടകവേദികളിൽ പ്രവർത്തിച്ചിട്ടുണ്ട്. 

കുഞ്ഞുണ്ണി മാഷുമായുള്ള ബന്ധവും എന്റെ കലാജീവിതത്തിൽ വഴിത്തിരിവായിരുന്നു. കോഴിക്കോട് വരുമ്പോഴൊക്കെ മാഷ് വീട്ടിൽ വന്നിരുന്നു. അച്ഛനും അമ്മയും സർക്കാർ ഉദ്യോഗസ്ഥരായിരുന്നു. അവർക്ക് എന്നെയും സർക്കാർ ഉദ്യോഗസ്ഥൻ ആക്കാനായിരുന്നു ആഗ്രഹം. മാഷാണ് 'അവൻ കലാകാരനാണ്, അവൻ കല കൊണ്ട് ജീവിച്ചുകൊള്ളും' എന്ന് പറഞ്ഞ് എന്നെ പിന്തുണച്ചത്. 

മറിമായം ടീം

എന്റെ ജീവിതത്തിൽ വഴിത്തിരിവായത് മറിമായം സീരിയൽ തന്നെയാണ്. മറിമായത്തിന്റെ ആദ്യ എപ്പിസോഡ് മുതൽ എന്റെ സാന്നിധ്യമുണ്ട്. മൊയ്തുവിന്റെ കോഴിക്കോടൻ ഭാഷയാണ് ആളുകൾ പെട്ടെന്ന് ശ്രദ്ധിക്കുന്നത്. ജീവിതത്തിൽ ആകാൻ സാധിക്കാഞ്ഞ ഒരുവിധം വേഷങ്ങളെല്ലാം അതിൽ അഭിനയിക്കാൻ കഴിഞ്ഞു. കള്ളൻ മുതൽ കലക്ടർ വരെ... 

പുതിയ വീട് യാഥാർഥ്യമാക്കി കഴിഞ്ഞശേഷം വിശേഷങ്ങൾ ഈ ചാനലിലെ സ്വപ്നവീട് പ്രോഗ്രാമിൽ നേരിൽ കണ്ടുപറയാം.