മെസ്സിയുടെ അയൽക്കാരനായി സ്വാരെസ്; ചങ്കാണീ സൗഹൃദം!

മൽസരങ്ങളുടെ ഇടവേളകളിൽ വീട്ടിലെത്തുമ്പോൾ ഇരുകുടുംബങ്ങളും ഒത്തുചേരും. പലപ്പോഴും ഇരുവരുടെയും പരിശീലനവും ഒരുമിച്ചായിരിക്കും.

ലോകകപ്പ് ഫുട്‍ബോളിന്റെ ആവേശം കൊടുമ്പിരികൊണ്ടിരിക്കുകയാണ്. എതിർടീമുകളിൽ കളിക്കുമ്പോഴും മൈതാനത്തിനു പുറത്ത് സൗഹൃദം സൂക്ഷിക്കുന്ന രണ്ടു പേരാണ് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയും യുറഗ്വായ് താരം ലൂയി സ്വാരെസും. രണ്ടു രാജ്യങ്ങളിൽ ജനിച്ചുവെങ്കിലും  ഇരുവരെയും ഒരുമിപ്പിച്ചത് ബാർസിലോന ക്ലബിന് വേണ്ടിയുള്ള കളികളാണ്. ഒരേ പശ്ചാത്തലത്തിൽ വളർന്നു വന്നവരാണ് ഇരുവരും. ഇതിന്റെ തുടർച്ചയെന്നോണമാണ് ബാർസിലോനയിൽ മെസ്സിയുടെ വീടിനു സമീപം സ്വാരെസ് വീട് വാങ്ങിയത്. 

10000 ചതുരശ്രയടിയിലാണ് ആഡംബര വില്ല.  രണ്ടു നിലകളുള്ള വില്ലയിൽ വിശാലമായ വരാന്തയും, ഉദ്യാനവും, ഗരാജുമുണ്ട്. കുന്നിൻമുകളിലാണ് വീട്. മുകൾനിലയിൽ നിന്നാൽ ദൂരെ കാസ്റ്റൽ ഡിഫെൽസ് ബീച്ച് കാണാം. കുട്ടികളോടൊപ്പം കളിച്ചുല്ലസിക്കാനായി രണ്ട് ഔട്ഡോർ പൂളുകൾ നിർമിച്ചിരിക്കുന്നു. 2.9  മില്യൺ യൂറോയാണ് വില. അതായത് ഏകദേശം 23 കോടി രൂപ. 

യുറഗ്വായിലെ സാൾറ്റോയിലാണ് സ്വാരെസ് ജനിച്ചത്. ഏഴ് മക്കളിൽ നാലാമൻ. ഒൻപത് വയസുള്ളപ്പോൾ മാതാപിതാക്കൾ വേർപിരിഞ്ഞു. പിന്നെ കഠിന ദാരിദ്ര്യത്തിന്റെ കാലം. തെരുവുകളിൽ ഫുട്‍ബോൾ കളിച്ചു വളർന്നു. തൂപ്പുകാരന്റെ ജോലി ചെയ്തു. ചെറിയ ക്ലബുകളിൽ കളിച്ചു പടിപടിയായാണ് യുറഗ്വായ് ദേശീയ ടീമിലേക്ക് താരം എത്തിയത്.

കളിക്കളത്തിൽ തീപ്പൊരി താരമാണെങ്കിലും നല്ലൊരു ഫാമിലി മാൻ ആണ് സ്വാരെസ് എന്നതിന് താരത്തിന്റെ ഇൻസ്റ്റഗ്രാം തെളിവ്. ബാല്യകാലസഖിയായിരുന്ന സോഫിയയെയാണ് സ്വാരെസ് വിവാഹം കഴിച്ചത്. ഇവർക്ക് രണ്ടു മക്കൾ. ഡെൽഫിനയും ബെഞ്ചമിനും. മൽസരങ്ങളുടെ ഇടവേളയിൽ വീട്ടിലെത്തി കുട്ടികളുമായി കളിച്ചുല്ലസിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയും താരത്തിന്റെ ഇൻസ്റ്റഗ്രാം പേജിൽ കാണാം. മെസ്സി വീട്ടിൽ ഉള്ളപ്പോൾ ഇരുകുടുംബങ്ങളും ഒത്തുചേരും. പലപ്പോഴും പരിശീലനവും ഒരുമിച്ചായിരിക്കും. ഇതല്ലേ സൗഹൃദം.