സ്ക്രീനിലെ സൂപ്പർതാരം; ഒപ്പം കലക്കൻ ട്വിസ്റ്റുകളും!

ചെമ്പുമുക്കിലെ കുര്യൻസ് വീട്ടിൽ ഷൂട്ടിങ് തിരക്കൊഴിഞ്ഞ നേരമില്ല.

മുപ്പതോളം സിനിമകൾ, അൻപതോളം സീരിയലുകൾ, ഇരുന്നൂറിലധികം പരസ്യചിത്രങ്ങൾ! കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ കാക്കനാട് ചെമ്പുമുക്കിലെ കുര്യൻസ് വീട്ടിൽ ചിത്രീകരണം നടത്തിയവയുടെ കണക്കെടുത്താൽ ഏതാണ്ടിത്രയും വരും..

സംവിധായകരുടെയും താരങ്ങളുടെയുമെല്ലാം ഇഷ്ട ലൊക്കേഷനാണ് കുര്യൻസ് വീട്. ഒപ്പം ഭാഗ്യ ലൊക്കേഷനും. താരങ്ങളും അണിയറ പ്രവർത്തകരുമൊക്കെ കുടുംബാംഗങ്ങളെപ്പോലെയാണ് ഈ വീട്ടുകാർക്ക്.

ഷൂട്ടിങ് വന്ന വഴി

യാദൃച്ഛികമായാണ് കുര്യൻസ് വീട് സിനിമയിലെത്തിയത്! അപ്രതീക്ഷിതവും സംഭവബഹുലവുമായിരുന്നു പിന്നീടുള്ള വളർച്ച. കഥയുടെ രത്നച്ചുരുക്കം ഇങ്ങനെ.

വീട്ടുടമ ഷാജി കുര്യനാണ് നായകൻ. പന്ത്രണ്ട് വർഷം മുമ്പ് അദ്ദേഹം ചെമ്പുമുക്കിൽ പുതിയ വീട് പണിയുന്നു. കേരളീയശൈലിയിലുള്ള ഒറ്റനിലവീട്. അപ്പോഴാണ് തീർത്തും യാദൃച്ഛികമായി ഒരു സീരിയലിന്റെ ഷൂട്ടിങ്ങിന് വീട് നൽകുന്നത്. ബന്ധുവായ നടന്റെ നിർബന്ധപ്രകാരമായിരുന്നു അത്. അതേതായാലും പൊലിച്ചു. ഒന്നിനു പിറകേ ഒന്നായി ഷൂട്ടിങ് സംഘങ്ങൾ കുര്യൻസ് വീട്ടിലേക്കൊഴുകി.

ഇനിയാണ് കഥയിലെ ആദ്യ ട്വിസ്റ്റ്. ഷൂട്ടിങ്ങിന്റെ ട്രിക്കുകളും രീതികളുമൊക്കെ മനസ്സിലാക്കിയ ഷാജി ഉഗ്രനൊരു സാഹസം കാട്ടി. ഭരണങ്ങാനത്തെ നൂറ്റിപ്പത്തു വർഷത്തിലധികം പഴക്കമുള്ള തറവാട് വാങ്ങി അതേപടി വീട്ടുമുറ്റത്ത് സ്ഥാപിച്ചു!

ഒരു പൈസയും കഴിക്കാൻ കപ്പയും കഞ്ഞിയുമായിരുന്നു ഈ വീട് പണിത കാലത്ത് പണിക്കാരുടെ ദിവസക്കൂലി! ജനൽകമ്പിയും വിജാഗിരിയുമടക്കം സകല സാധനങ്ങളും തടികൊണ്ട് നിർമിച്ച തറവാട് ഓരോ തടിക്കഷണത്തിലും നമ്പർ ഇട്ട ശേഷമാണ് പൊളിച്ചത്. എല്ലാംകൂടി ടെംപോയിൽ കയറ്റി ചെമ്പുമുക്കിലെത്തിച്ച് കൂട്ടിയോജിപ്പിക്കുകയായിരുന്നു. ഷൂട്ടിങ്ങിന്റെ സൗകര്യമനുസരിച്ച് മുറികളുടെ ഘടനയിൽ ചെറിയ മാറ്റം വരുത്തി. ആവശ്യാനുസരണം സെറ്റ് ഒരുക്കാന്‍ പാകത്തിന് വലിയ ഹാൾ വരുംവിധമാണ് കൂട്ടിയോജിപ്പിച്ചത്. നിലവിലുള്ള വീടിനേക്കാൾ പൊക്കം കൂടാതിരിക്കാൻ ഒരടിയോളം പൊക്കം കുറയ്ക്കുകയും ചെയ്തു. പൂച്ചാക്കൽ നിന്നുള്ള വിദഗ്ധരായ പണിക്കാരാണ് വീട് അഴിച്ചെടുത്തതും തിരികെ കൂട്ടിയതും.

തടിവീടെത്തിയതോടെ ഷൂട്ടിങ് തിരക്ക് കൂടി. മലയാളിത്തമുള്ള സീനുകളെപ്പറ്റി ആലോചിക്കുമ്പോൾ സംവിധായകരുടെ മനസിലെത്തുന്ന ആദ്യ ചിത്രമായി കുര്യൻസ് വീട് മാറി.

ഇവിടെയാണ് കഥയിലെ രണ്ടാമത്തെ ട്വിസ്റ്റ്. ആദ്യംപണിത വീടിന് മുകളിലായി ഷാജി രണ്ടാമതൊരു നില കൂടി പണിതു. വെളുത്തുതുടുത്ത ഒരു കൊളോണിയല്‍ സുന്ദരി! യൂറോപ്പിലെയും അമേരിക്കയിലെയുമൊക്കെ രംഗങ്ങൾ കേരളത്തിൽ വച്ചുതന്നെ ചിത്രീകരിക്കാനുള്ള എളുപ്പവഴിയും അതോടെ തെളിഞ്ഞു. നിരവധി സിനിമകളിൽ അമേരിക്കയിലും ഇംഗ്ലണ്ടിലുമുള്ള വീടായി ‘കുര്യൻസ് വീട്’ മുഖം കാട്ടി. കണ്ടവരെല്ലാം അത് വിദേശത്തെ വീടു തന്നെയാണെന്നുറച്ചു വിശ്വസിച്ചു. അത്ര കൃത്യമായാണ് ഷാജി കൊളോണിയല്‍ സുന്ദരിയെ അണിയിച്ചൊരുക്കിയത്.

വിശാലമായ ബാൽക്കണി. ഡൈനിങ് സ്പേസും തുറന്ന അടുക്കളയും. ഒപ്പം രണ്ട് കിടപ്പുമുറികളും. ഇത്രയുമാണ് ഇവിടെയുള്ളത്. തൂവെള്ള നിറത്തിലുള്ള ചുവരും ഫർണിച്ചറും. തടികൊണ്ടുള്ള ഫ്ലോറിങ്. തനി കൊളോണിയല്‍ ശൈലിയിലാണ് എല്ലാം.

വൈകിയാണെങ്കിലും നായികയെപ്പറ്റി പറയാതിരിക്കാനാകില്ല. ഷാജിയുടെ ഭാര്യ റീത്തയാണ് കഥയിലെ നായിക. ഓരോ ഷൂട്ട് കഴിയുമ്പോഴും വീട് വൃത്തിയാക്കി പഴയപടിയാക്കുന്നതിന്റെയും ഒരേ ദിവസം ഒന്നിലധികം ഷൂട്ടിങ് ഉള്ളപ്പോൾ സമയക്രമം ഉറപ്പാക്കുന്നതിന്റെയുമെല്ലാം മേൽനോട്ടം റീത്തയ്ക്കാണ്. ബിസിനസ് ഉള്ളതിനാൽ അതിന്റെ തിരക്കിലായിരിക്കും ഷാജി.

വിദേശികുടുംബങ്ങൾക്ക് താമസവും ഭക്ഷണവും ഒപ്പം സുറിയാനി വിഭവങ്ങളുടെ പാചകപരിശീലനവും നൽകുന്ന ‘ല‍ഞ്ച് വിത്ത് ഫാമിലി’ എന്ന പരിപാടിയും റീത്തയുടെ മേൽനോട്ടത്തിൽ സമാന്തരമായി നടക്കുന്നുണ്ട്. മക്കളായ മറിയയും എലിസബത്തും കട്ട സപ്പോർട്ടായി കൂടെയുണ്ട്.

കഥയ്ക്കാകെ പൊലിമ കൂട്ടാൻ മറ്റൊന്നു കൂടിയുണ്ട് കുര്യന്‍സ് വീട്ടിൽ. കിടിലൻ ആന്റിക് ശേഖരം! തടിവീടിന്റെ മച്ചിലും കൊളോണിയൽ സുന്ദരിയുടെ രണ്ട് മുറികളിലുമായാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. ഇവിടെ എന്തുണ്ട് എന്നന്വേഷിക്കുന്നതിലും ഭേദം എന്തില്ല എന്ന് ചോദിക്കുകയായിരിക്കും. മറ്റെങ്ങും കിട്ടാത്ത പുരാവസ്തുക്കൾ തേടി സിനിമാക്കാരെത്തുന്നതും ഇവിടേക്കു തന്നെ. സ്ക്രീനിലെ സൂപ്പർതാരമായി വിലസുകയാണ് കുര്യൻസ് വീട്.

ഷാജി കുര്യനും കുടുംബവും

വീട്ടുകാർ പറയുന്നു: ഷൂട്ടിങ് തലവേദനയുണ്ടാക്കില്ല

വീട് ഷൂട്ടിങ്ങിന് എന്ന ആശയം തിരഞ്ഞെടുക്കാൻ കാരണം?

വീട് നശിപ്പിക്കും, പലതരം ശല്യങ്ങളുണ്ടാകും തുടങ്ങിയ പേടികൊണ്ടാണ് പലരും വീട് ഷൂട്ടിങ്ങിന് നൽകാത്തത്. ഇങ്ങനെയൊന്നും ഉണ്ടാകാത്ത രീതിയിൽ കാര്യങ്ങൾ നടത്തിക്കൊണ്ടു പോകാം എന്ന് ബോധ്യപ്പെട്ടതോടെയാണ് ഈ രംഗത്തിറങ്ങിയത്.

എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?

നമ്മുടെ ഭാഗത്തുനിന്നും പ്രഫഷനൽ സമീപനം വേണം. ഷൂട്ടിങ്ങിന്റെ രീതികൾ, ആവശ്യങ്ങൾ തുടങ്ങിയവയൊക്കെ കൃത്യമായി മനസ്സിലാക്കണം. സമയത്തിന്റെയും സാധനങ്ങളുടെയും വില മനസ്സിലാക്കണം.

എന്തൊക്കെ രീതിയിലാണ് മാർക്കറ്റിങ്?

ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടേതായ ഒരു നെറ്റ്‌വർക്ക് ഉണ്ട്. നമ്മൾ മികച്ച സേവനം നൽകിയാൽ പറഞ്ഞറിഞ്ഞ് ആൾക്കാരെത്തും.

ശ്രദ്ധിക്കേണ്ടത്..

ഷൂട്ടിങ് എത്ര സമയം നീളും, എന്തൊക്കെ സാധനങ്ങൾ ചിത്രീകരണത്തിനായി ഉപയോഗിക്കും തുടങ്ങിയ കാര്യങ്ങളിലെല്ലാം ആദ്യമേ തന്നെ കൃത്യമായ ധാരണ ഉണ്ടാക്കണം. കേടുപാടുകൾ വന്നാല്‍ നഷ്ടപരിഹാരം സംബന്ധിച്ച് കരാർ ഒപ്പുവയ്ക്കുന്നതും നല്ലതാണ്. വീട്ടുകാരും ഷൂട്ടിങ് ടീമും പരസ്പരം സ്വകാര്യതയില്‍ ഇടപെടാതിരിക്കുക. അനാവശ്യമായി ടെൻഷൻ ഉണ്ടാക്കാതിരിക്കുക.

പേര്: കുര്യൻസ് ഹോം

സ്ഥലം: ചെമ്പുമുക്ക്, കാക്കനാട്

പഴക്കം: 110 വർഷത്തിലധികം

ഇപ്പോഴുള്ള സൗകര്യങ്ങൾ: സിനിമ, സീരിയൽ, പരസ്യചിത്രങ്ങൾ എന്നിവയുടെ ഷൂട്ടിങ്ങിന് നൽകുന്നു. വിപുലമായ ആന്റിക് ശേഖരം. വിദേശികൾക്കായി ‘ലഞ്ച് വിത്ത് ഫാമിലി’.