'പെട്ടെന്ന് ഒന്നുമല്ലാതായി പോകുന്ന അനുഭവമായിരുന്നു' : ധർമജൻ

അപ്രതീക്ഷിത പ്രളയത്തിൽ ധർമജൻ ബോൾഗാട്ടിയുടെ വരാപ്പുഴയിലുള്ള വീട്ടിലും വെള്ളം കയറിയിരുന്നു. ധർമജൻ പ്രളയാനുഭവങ്ങൾ വിവരിക്കുന്നു.

മുളവുകാടായിരുന്നു എന്റെ തറവാട് വീട്. ഓടിട്ട ആ വീട്ടിൽ മഴക്കാലമാകുമ്പോൾ ചോർന്നൊലിക്കാൻ തുടങ്ങും. നമ്മൾ പാത്രം ഒക്കെ വച്ച് ചോരുന്ന കൂരയ്ക്ക് കീഴിൽ ഇരിക്കും. അതിൽ ഒതുങ്ങിയിരുന്നു പണ്ടത്തെ എന്റെ മഴക്കാല ദുരിതങ്ങൾ. പക്ഷേ ഇത്തവണത്തെ പ്രളയം എല്ലാം മാറ്റിമറിച്ചു. 

സിനിമയിൽ സജീവമായി തുടങ്ങിയ ശേഷം ലഭിച്ച പണം കൊണ്ട് നാലു വർഷം മുൻപാണ് വരാപ്പുഴയിൽ ഞാൻ പുതിയ വീട് വയ്ക്കുന്നത്. കനത്ത മഴക്കാലത്ത് പോലും വീട്ടിൽ വെള്ളം കയറിയ അനുഭവം സമീപവീട്ടുകാരുടെ ഓർമയിലും ഇല്ല. മനുഷ്യൻ പെട്ടെന്ന് ഒന്നുമല്ലാതായി പോകുന്ന ഒരനുഭവമായിരുന്നു ഈ പ്രളയം. അത് മനസ്സിലാക്കണമെങ്കിൽ അത് അനുഭവിക്കുക തന്നെ വേണം.

14 നു രാവിലെ തന്നെ കനത്ത മഴ തുടങ്ങിയിരുന്നു. അടുത്ത ദിവസം ഉച്ചയായപ്പോഴേക്കും റോഡിൽ വെള്ളം കയറി തുടങ്ങി. അപ്പോഴും വീട്ടിൽ വെള്ളം കയറില്ല എന്ന പ്രതീക്ഷയായിരുന്നു. ഇരുട്ടി തുടങ്ങിയതോടെ ഓരോ മിനിട്ടിലും വെള്ളം ഉയർന്നു തുടങ്ങി.  മുറ്റത്തേക്ക് ഇറങ്ങി നോക്കി. കഴുത്തറ്റം വെള്ളം! ഇത് പന്തികേടാകുമെന്നു തോന്നി, ഉടൻ വീട്ടുകാരെയും കൊണ്ട് മുകൾനിലയിലേക്ക് മാറി. രാത്രിയായതോടെ സമീപ വീടുകളിൽ നിലവിളിയായി. രണ്ടു ദിവസമായി കറന്റ് ഇല്ലാത്തതു കാരണം ഫോണും സ്വിച്ച് ഓഫ് ആകാറായി.

മുറ്റത്തു പാർക്ക് ചെയ്ത കാർ മാറ്റിയിടാനോ, താഴത്തെ നിലയിലെ സാധനങ്ങൾ മാറ്റി വയ്ക്കാനോ ഉളള സമയം പോലും കിട്ടിയില്ല. ഇടയ്ക്ക് താഴേക്കിറങ്ങി നോക്കിയപ്പോൾ ഹാൾ നിറയെ വെള്ളം. 

രാത്രിയായപ്പോഴേക്കും വള്ളത്തിൽ രക്ഷാപ്രവർത്തകരെത്തി സമീപവീടുകളിൽ നിന്നും ആളുകളെ രക്ഷിച്ചു തുടങ്ങി. അവർ തിരിച്ചു വരുന്നതും നോക്കി നമ്മൾ കാത്തിരുന്നു. മണിക്കൂറുകൾ കടന്നു പോയി. ആരെയും കാണുന്നില്ല. ഇനി എല്ലാവരെയും രക്ഷപ്പെടുത്തി എന്ന് കരുതി അവർ പോയതായിരിക്കുമോ എന്ന് മനസ്സ് മന്ത്രിച്ചു. സകല ദൈവങ്ങളെയും പ്രാർഥിച്ചു. ഭാര്യയും അമ്മയും കുട്ടികളുമെല്ലാം പേടിച്ചു പോയിരുന്നു.

ഞങ്ങളുടെ പ്രാർഥന കേട്ടിട്ടെന്ന പോലെ രാത്രി ഏകദേശം ഒൻപതു മണിയായപ്പോഴേക്കും ഒരു വള്ളത്തിൽ ആളുകളെത്തി. വീട്ടിൽ ശബ്ദം കേട്ട് അവർ മുറ്റത്തേക്ക് ബോട്ട് കയറ്റി. ഞങ്ങൾ കയറിക്കഴിഞ്ഞപ്പോഴാണ് ഞാൻ ധർമജനാണെന്നു അവർക്ക് മനസ്സിലായത്.

രണ്ടു ദിവസം ഭാര്യയുടെ വീട്ടിൽ താമസിച്ചു. കഴിഞ്ഞ കുറച്ചു ദിവസമായിട്ട് വീടിനടുത്തുള്ള ഒരു സുഹൃത്തിന്റെ വീട്ടിലാണ് താമസം. ഇവിടെ നിന്നും പോയി വീട് വൃത്തിയാക്കാനും സൗകര്യമാണ്. വെള്ളം ഇറങ്ങിക്കഴിഞ്ഞു വീട്ടിൽ തിരിച്ചു പോയി നോക്കി. വാതിൽ തുറന്നപ്പോൾ ലഭിച്ച അവാർഡുകളും പ്രശസ്തിപത്രവുമൊക്കെ ഒഴുകിനടക്കുന്നു. അതുകണ്ടപ്പോൾ ചങ്ക് തകർന്നുപോയി. താഴത്തെ ഫർണിച്ചറുകൾ എല്ലാം ചെളിയടിഞ്ഞു നശിച്ചു. കാറും വെള്ളം കയറി ഉപയോഗശൂന്യമായി. ചുറ്റുപാടും കനത്ത ദുർഗന്ധവും. കഴിഞ്ഞ മൂന്ന് ദിവസമായി വൃത്തിയാക്കൽ നടക്കുകയാണ്. ഇപ്പോൾ നാലു പ്രാവശ്യം വീട് വൃത്തിയാക്കിക്കഴിഞ്ഞു. എന്നിട്ടും ദുർഗന്ധം പൂർണമായി മാറിയിട്ടില്ല.  രണ്ടു ദിവസത്തിനുള്ളിൽ താമസം മാറാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.

കുറച്ച് നഷ്ടങ്ങൾ ഉണ്ടായെങ്കിലും ജീവൻ തിരിച്ചു കിട്ടിയല്ലോ എന്ന സന്തോഷത്തിലാണ് ഞാനും കുടുംബവും. നമ്മുടെ സമീപപ്രദേശങ്ങളിലൊക്കെ ഉള്ളതൊക്കെ കൂട്ടിവച്ച് പണിത വീട് തകർന്നു പോയവർ ഒരുപാടുണ്ട്. ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നവരുണ്ട്. ഞാൻ കുറച്ച് ക്യാംപുകൾ സന്ദർശിച്ചിരുന്നു. വളരെ വിഷമമുള്ള കാഴ്ചയാണ്. എല്ലാം പെട്ടെന്ന് ശരിയാകട്ടെ എന്ന് ഞാനും പ്രാർഥിക്കുന്നു.