അതിഥിയുടെ വീട്ടുവിശേഷങ്ങൾ

മിനിസ്‌ക്രീനിലൂടെ ശ്രദ്ധേയയായ അതിഥി റായ് വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

ഞാൻ പകുതി മലയാളിയും പകുതി കന്നഡിഗയുമാണ്. അച്ഛൻ ഡൊമിനിക് ജോൺ, അമ്മ റീത്ത, എനിക്കൊരു സഹോദരി ആഗ്നസ് ബീന. അച്ഛന്റെ നാട് കോട്ടയമായിരുന്നു. അമ്മയുടേത് ബെംഗളൂരുവും. എന്റെ ശരിക്കുള്ള പേര് സിൽവിയ എന്നായിരുന്നു. പിന്നീട് സിനിമയിലെത്തിയ ശേഷമാണ് അതിഥി എന്നു പേരുമാറ്റിയത്. 

ബെംഗളൂരു ഡെയ്‌സ്...

ഞാൻ ജനിച്ചതും പഠിച്ചതും വളർന്നതും ബെംഗളൂരുവിലാണ്. ഞാൻ ഇപ്പോൾ താമസിക്കുന്നത് ബെംഗളൂരു കോറമംഗലയിലുള്ള ഫ്ലാറ്റിലാണ്. ഒരു 3 BHK ഫ്ലാറ്റാണ്. ഇന്റീരിയർ ഡിസൈൻ ഒക്കെ ചെയ്തതു ഞാൻ തന്നെയാണ്. വീടിന്റെ ബാൽക്കണിയാണ് എന്റെ ഫേവറിറ്റ് സ്‌പേസ്. അവിടെ വൈകിട്ട് നിന്നാൽ നഗരത്തിന്റെ കാഴ്ചകൾ കാണാം. ഷൂട്ട് ഒക്കെ കഴിഞ്ഞുവന്ന് ഒരു കപ്പ് കാപ്പിയുമായി ബാൽക്കണിയിൽ കാറ്റേറ്റ് കുറച്ചുനേരം നിന്നാൽ ടെൻഷൻ എല്ലാം മാറും.

വളരെ ചെറുപ്പത്തിൽ നാട്ടിൽ വന്ന ഓർമകൾ മാത്രമേയുള്ളൂ. അതല്ലാതെ അച്ഛന്റെ കുടുംബവീടുകളുമായി ബന്ധമില്ല. ആദ്യമൊക്കെ മെട്രോ നഗരത്തിന്റെ സൗകര്യങ്ങളും ജീവിതനിലവാരവുമൊക്കെ ഇഷ്ടമായിരുന്നു. ഞാൻ എംബിഎ വരെ പഠിച്ചതും മോഡലിങ്ങിൽ നിന്നും സിനിമയിലേക്ക് എത്തിയതും ഈ നഗരത്തിൽവച്ചാണ്. എന്നാലും നമ്മുടെ വേരുകൾ നഷ്ടമാകുന്നത് വിഷമമുള്ള കാര്യമാണ്. ഞാൻ ഇപ്പോഴും അമ്മയോട് ചോദിക്കാറുണ്ട്, 'എന്തിനാണ് നാട് വിട്ടു ബെംഗളൂരുവിൽ താമസമാക്കിയത്' എന്ന്... അമ്മ ഇപ്പോൾ വിദേശത്താണ്. നമ്മുടെ പ്രിയപ്പെട്ടവർ കൂടെ ഉള്ളപ്പോഴാണ് വീട് ശരിക്കും ഹോം ആകുന്നത്.

സ്വപ്നമാണ് ആ വീട്...

സിനിമ, സീരിയൽ ഷൂട്ടിങ്ങാണ് ഇപ്പോൾ എന്നെ കേരളവുമായി ബന്ധിപ്പിച്ച നിർത്തുന്നത്. ഒരിക്കൽ കേരളത്തിൽ ഒരു സിനിമയുടെ ഷൂട്ടിന് വന്നപ്പോഴാണ് കേരളശൈലിയിലുള്ള വീടുകളോട് ഇഷ്ടം മനസ്സിൽകൂടുന്നത്. ആ സിനിമയുടെ ഷൂട്ട് ഒരു പഴയ തറവാട്ടിലായിരുന്നു. ഓടുമേഞ്ഞ മേൽക്കൂരയുള്ള നടുമുറ്റവും കുളവും ചുറ്റിനും പച്ചപ്പും ചെടികളും മരങ്ങളുമുള്ള വീട്. ഭാവിയിൽ കേരളത്തിൽ അതുപോലെ ഒരു കൊച്ചുവീട് വാങ്ങി താമസമാക്കണം എന്നാണ് എന്റെ ആഗ്രഹം.