ശ്രീനിഷിന്റെ വീട്ടുവിശേഷങ്ങൾ

മിനിസ്‌ക്രീനിലൂടെ ശ്രദ്ധേയനായ ശ്രീനിഷ് വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

അച്ഛന്റെയും അമ്മയുടെയും നാട് പാലക്കാട് ഒറ്റപ്പാലമാണ്. അച്ഛൻ അരവിന്ദ് നായർ ചെന്നൈയിൽ പ്രൊഡക്‌ഷൻ കൺട്രോളറാണ്. അമ്മ ലക്ഷ്മി കുമാരി വീട്ടമ്മയും. പിന്നെ അച്ഛൻ ജോലി സംബന്ധമായി ചെന്നൈയിലേക്ക് മാറിയതോടെ അവിടെ ഫ്ലാറ്റെടുത്തു. ഞാൻ ചെന്നൈയിലാണ് ജനിച്ചതും വളർന്നതും. എനിക്ക് രണ്ടു ചേച്ചിമാരുമുണ്ട്. അവരും കുടുംബമായി ഇപ്പോൾ ചെന്നൈയിൽ താമസമാക്കി. ചെറുപ്പത്തിൽ അവധിക്കാലത്ത് ഞങ്ങൾ നാട്ടിലെത്തുമായിരുന്നു. തറവാട്ടിലെ ഒത്തുചേരലുകൾ ഇപ്പോഴും ഓർമയിലുണ്ട്. ഓടിട്ട പഴയ വീടായിരുന്നു. പിന്നിൽ കാടുപോലെ മരങ്ങൾ തിങ്ങിവളർന്നിരുന്നു. ഇടയ്ക്ക് അസൗകര്യങ്ങൾ കൂടിയപ്പോൾ ആ വീട് പുതുക്കിപ്പണിതു. ഇപ്പോഴും ഇടയ്ക്ക് പാലക്കാട് പോകാറുണ്ട്.

അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പം പാലക്കാട് വീട്ടിൽ.

ചെന്നൈ ഊര്... 

വൽസരവാക്കത്താണ് ഞങ്ങളുടെ 3 BHK ഫ്ലാറ്റ്. അച്ഛനാണ് വീടിന്റെ ഇന്റീരിയർ കാര്യങ്ങൾ ഒക്കെ മേൽനോട്ടം വഹിച്ചത്. അമ്മയാണ് അടുക്കളയിലെ താരം. അമ്മയ്ക്ക് നല്ല കൈപുണ്യമാണ്‌. വീടിനെ കുറിച്ചുള്ള ഏറ്റവും രസകരമായ ഓർമ അടുക്കളയിലാണ്. ഊണുമുറി ഒക്കെ ഉണ്ടെങ്കിലും അടുക്കളയിലിരുന്നു ഭക്ഷണം കഴിക്കാനാണ് ഞങ്ങൾക്കിഷ്ടം. അമ്മ ചൂടോടെ ഭക്ഷണം ഉണ്ടാക്കുമ്പോൾ വശത്തെ പാതകത്തിൽ കയറിയിരുന്നു ഞാനും ചേച്ചിമാരും ഭക്ഷണം മത്സരിച്ചു കഴിച്ചുതീർക്കുമായിരുന്നു. ഇപ്പോൾ അവർ വിവാഹം കഴിച്ചു പോയതോടെ ആ കലാപരിപാടി നിന്നു.

സഹോദരിമാരോടും അവരുടെ മക്കളോടുമൊപ്പം

എങ്കൾ ചെന്നൈ...

ആർക്കിടെക്ച്ചർ ഭംഗിയുള്ള എത്ര കെട്ടിടങ്ങളാണ് ഇവിടെയുള്ളത്! ചെന്നൈ സെൻട്രൽ റെയിൽവേ, മദ്രാസ് ഹൈക്കോടതി, വിക്ടോറിയ ഹാൾ...നമ്മൾ എന്നും കാണുന്നതുകൊണ്ട് വലിയ അദ്ഭുതമായി തോന്നാറില്ല. കൂട്ടുകാരുമായി കറങ്ങി നടക്കുമ്പോൾ ഏറ്റവും ആകർഷിച്ചിട്ടുള്ളത് മഹാബലിപുരത്തെ ക്ഷേത്രങ്ങളാണ്. സ്‌കൂളിൽ പഠിക്കുമ്പോൾതന്നെ സിനിമയോട് താൽപര്യമുണ്ടായിരുന്നു. അങ്ങനെയാണ് കോളജ് കഴിഞ്ഞു സിനിമ പഠിക്കാൻ പോയത്. മോഡലിങ് വഴി മിനിസ്ക്രീനിലേക്കെത്തി. 

കേരളവീട് റൊമ്പ പുടിക്കും...

വീട്ടിലെ ഇളയമകനായി വളർന്നതുകൊണ്ട് ഞാൻ അത്യാവശ്യം ഹോംസിക്കായിരുന്നു. ഇപ്പോൾ അതുമാറി വരുന്നുണ്ട്. ഷൂട്ടിങ് സംബന്ധമായാണ് ഞാൻ കേരളത്തിലേക്ക് വരുന്നത്. മഴവിൽ മനോരമയിലെ അമ്മുവിന്റെ അമ്മ എന്ന സീരിയലിൽ ഞാൻ അഭിനയിച്ചിരുന്നു. കൂടുതൽ അവസരങ്ങൾ ലഭിക്കുകയാണെങ്കിൽ കേരളത്തിൽ ഒരു വീട് മേടിച്ചു താമസമാക്കണം എന്നാണ് എന്റെ ആഗ്രഹം. പഴയ തറവാടിന്റെ ഓർമകൾ ഉള്ളതുകൊണ്ട് അതുപോലെ ഒരു വീട് മേടിച്ചാൽ കൊള്ളാമെന്നുണ്ട്.