ശ്രീകുമാറിന്റെ വീട്ടുവിശേഷങ്ങൾ

മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനായ ശ്രീകുമാർ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു...

മഴവിൽ മനോരമയിലെ ഹാസ്യപരമ്പരയായ മറിമായത്തിലൂടെ മലയാളികളെ ഒരുപാട് ചിരിപ്പിച്ച നടനാണ് ശ്രീകുമാർ. അവസരത്തിലും അനവസരത്തിലും വിടരുന്ന ചിരിയുമായി എത്തിയ ലോലിതൻ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു. എബിസിഡി എന്ന ചിത്രത്തിൽ കൊച്ചിക്കാരൻ ബ്രോയായി എത്തിയ ശ്രീകുമാർ മെമ്മറീസ് എന്ന ചിത്രത്തിൽ വില്ലൻ വേഷം അവതരിപ്പിച്ചു ഞെട്ടിക്കുകയും ചെയ്തു. ശ്രീകുമാർ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു... 

വീട്, കുടുംബം...

തിരുവനന്തപുരം വഞ്ചിയൂരാണ് സ്വദേശം. അച്ഛൻ ശ്രീധരൻ നായർ. അമ്മ പഷ്‌മള. അച്ഛൻ പട്ടാളത്തിൽ നിന്ന് റിട്ടയർ ചെയ്തു. അമ്മ വീട്ടമ്മയാണ്. എനിക്കൊരു സഹോദരി ശ്രീകല, യൂണിവേഴ്‌സിറ്റി കോളജിൽ പ്രഫസറാണ്. ഒരു ഇടത്തരം മലയാളി കുടുംബമാണ് എന്റേത്. ചെറുപ്പത്തിൽ ഓടിട്ട ഒരുനില വീടായിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുൻപ് പുതുക്കിപ്പണിതു. സൗകര്യങ്ങൾ കൂട്ടിച്ചേർത്തു. 

പഠനം തിരുവനന്തപുരം സെന്റ്.ജോസഫ് സ്‌കൂളിലും സ്വാതി തിരുനാൾ സംഗീത കോളജിലുമായിരുന്നു. അതുകൊണ്ട് ഹോം സിക്ക്നസ് ഒന്നുമുണ്ടായിരുന്നില്ല. കോളജ്കാലം മുതലേ അഭിനയമോഹമുണ്ടായിരുന്നു. കോമഡി പരിപാടികളിലൂടെ മിനിസ്ക്രീനിലെത്തി. അവിടെനിന്നു സിനിമയിലേക്കും...ഇപ്പോൾ ഷൂട്ടിനായി ദിവസങ്ങളോളം വീട്ടിൽനിന്നു മാറി നിൽക്കാറുണ്ട്.

വീട് വാടകയ്ക്ക്...താമസം വാടകയ്ക്ക്

ഇവിടെ മണ്ണന്തലയിൽ ഞാനൊരു മെൻസ്‌വെയർ ഷോപ് നടത്തുന്നുണ്ട്. കടയുടെ കാര്യങ്ങൾ നോക്കിനടത്താനുള്ള സൗകര്യത്തിനു ഞാനും കുടുംബവും ഇപ്പോൾ പരുത്തിപ്പാറയിൽ വാടകവീട്ടിലാണ് താമസിക്കുന്നത്. ഞങ്ങളുടെ വീട് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. അമ്മയാണ് വീട്ടിലെ അടുക്കിപ്പെറുക്കലും അലങ്കരിക്കലുമൊക്കെ കൈകാര്യം ചെയ്യുന്നത്.

സ്വപ്നവീട്..

ഭൂമി മേടിക്കുക, സ്വന്തമായി വീടുവയ്ക്കുക ഇതൊക്കെ എല്ലാ മലയാളികളെയും പോലെ എന്റെയും ആഗ്രഹങ്ങളാണ്. ചെറിയ സമ്പാദ്യങ്ങളൊക്കെ കൂട്ടിവയ്ക്കുന്നുണ്ട്. സമയമാകുമ്പോൾ ഞാനും എന്റെ മനസ്സിലെ ആഗ്രഹങ്ങൾ പോലെ ഒരു വീട് പണിയും.