മേഘ്‌നയുടെ വീട്ടുവിശേഷങ്ങൾ

മിനിസ്ക്രീൻ അഭിനേത്രി മേഘ്ന വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു....

ഇടക്കൊച്ചിയിലെ ഒരു ഗ്രാമപ്രദേശത്താണ് ഞാൻ ജനിച്ച വീട്. രണ്ടു കിടപ്പുമുറികളും, ഹാളും, കിച്ചനും അടങ്ങുന്ന ഒരു ഇടത്തരം വീടായിരുന്നു. പപ്പ വിൻസന്റ്, അമ്മ നിമ്മി. ചെറുപ്പത്തിൽ വീട്ടിലിരിക്കുക എന്നൊരു പരിപാടിയേ ഉണ്ടായിരുന്നില്ല. സമയം കിട്ടിയാൽ കൂട്ടുകാരോടൊപ്പം പാടത്തും പറമ്പിലും കറങ്ങി നടക്കും, ചൂണ്ടയിടും...ഞങ്ങൾ പെൺകുട്ടികൾ ചേർന്നൊരു കുട്ടിപ്പട്ടാളം തന്നെയുണ്ടായിരുന്നു. അതുകൊണ്ട് വീടുകളോട് അങ്ങനെ പ്രത്യേകിച്ച് അടുപ്പമൊന്നുമില്ല...

മിനിസ്‌ക്രീനിൽ സജീവമായി തുടങ്ങിയപ്പോൾ ഞാൻ കൊച്ചി വൈറ്റിലയിൽ ഒരു ഫ്ലാറ്റിലേക്ക് താമസം മാറി. മണ്ണിൽ ചവിട്ടി വളർന്നതുകൊണ്ട് ആദ്യമൊക്കെ ആകാശത്തെ താമസം വിഷമകരമായിരുന്നു. പിന്നെ അഡ്ജസ്റ്റായി.  സ്ഥിരതാമസമില്ലാത്തതിനാൽ ഇന്റീരിയർ ഒന്നും അധികം ചെയ്തിട്ടില്ല.

ഭർത്താവ് ഡോൺ ടോണിയുടെ നാട് തൃശൂരാണ്. പുള്ളി ബിസിനസുകാരനാണ്. ഭംഗിയായി പണിത് അകത്തളങ്ങൾ ചിട്ടപ്പെടുത്തിയ വീടാണ് ഡോണിന്റേത്. 2000 ചതുരശ്രയടിയുള്ള അത്യാവശ്യം സൗകര്യങ്ങളുള്ള വീടാണ്. ഞാൻ ഷൂട്ടുമായി യാത്രകളിലായതിനാൽ വീട്ടുകാര്യങ്ങളൊക്കെ ഡോണും വീട്ടുകാരുമാണ് നോക്കുന്നത്. 

ഞാനിപ്പോൾ ചെന്നൈയിൽ പൊന്മകൾ വന്താൽ എന്നൊരു സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. മൂന്നു മാസമായി ഇവിടെ ഹോസ്റ്റലിലാണ് താമസം. ഇടയ്ക്ക് അവധി കിട്ടുമ്പോൾ കൊച്ചിയിലേക്കും തൃശൂരിലേക്കും ഓട്ടപ്രദക്ഷിണം നടത്തും. ഉള്ള വീട്ടിലും സൗകര്യങ്ങളിലും ഞാൻ തൃപ്തയാണ്. അതുകൊണ്ട് ഇനിയൊരു വീട് പണിയാൻ സാധ്യതയില്ല.