ക്വീൻ സാനിയയുടെ വീട്ടുവിശേഷങ്ങൾ

ക്വീൻ സിനിമയിലൂടെ താരമായ സാനിയ അയ്യപ്പൻ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു...

കൊച്ചിയിലാണ് ഞാൻ ജനിച്ചു വളർന്നത്. അച്ഛൻ അയ്യപ്പന്റെ സ്വദേശം തമിഴ്നാടാണ്. അമ്മ സന്ധ്യയുടെ നാട് കൊടുങ്ങല്ലൂരും. എനിക്കൊരു ചേച്ചിയുണ്ട്. സാധിക. ഇപ്പോൾ ചെന്നൈയിൽ പിജി ചെയ്യുന്നു. ഞാൻ നാഷണൽ ഓപ്പൺ സ്‌കൂൾ വഴിയാണ് പഠിക്കുന്നത്. ഇപ്പോൾ പതിനൊന്നാം ക്‌ളാസിലാണ്. ഞാൻ മിനിസ്‌ക്രീനിലെ ഒരു ഡാൻസ് ഷോയിലൂടെയാണ് സിനിമയിലേക്കെത്തിയത്.  

ഓർമയിലെ വീട്...

അച്ഛന്റെ ചെന്നൈയിലെ തറവാടുമായി അധികം ഓർമകളില്ല, ഉള്ളത് അമ്മയുടെ മാതാപിതാക്കളുടെ വീടുകളെക്കുറിച്ചാണ്. അപ്പൂപ്പന്റെ വീട് കൊടുങ്ങല്ലൂരാണ്. അറയും പുരയും മച്ചുമൊക്കെയുള്ള വീടാണ്. ഞങ്ങൾ കുട്ടികൾ തട്ടുമ്പുറത്തേക്ക് കയറാതിരിക്കാൻ അവിടെ പാമ്പും പഴുതാരയുമൊക്കെയുണ്ടെന്നു പറഞ്ഞു പേടിപ്പിച്ചിരുന്നു അപ്പൂപ്പൻ.

അമ്മൂമ്മയുടെ വീട് കടവന്ത്രയായിരുന്നു. ഒരുപാട് മുറികളും ഇടനാഴികളും ധാരാളം മരങ്ങൾ നിറഞ്ഞ പറമ്പും ഒക്കെയുള്ള വീടായിരുന്നു. അമ്മൂമ്മയ്ക്ക് 12 ആങ്ങളമാരായിരുന്നു. ഓണത്തിനും വിഷുവിനും സ്‌കൂൾ അവധിക്കാലത്തുമൊക്കെ എല്ലാവരും അവിടെ ഒത്തുകൂടിയിരുന്നു. ആ തറവാട് ഇപ്പോൾ പൊളിച്ചു കളഞ്ഞു.

കൊച്ചി വീടുകൾ...

അച്ഛൻ തമ്മനത്താണ് ആദ്യം വീടു പണിതത്. ഒരു സാദാ രണ്ടുനില വീടായിരുന്നു. ഞാൻ സിനിമയിലേക്കെത്തിയപ്പോൾ ഞങ്ങൾ ചക്കരപ്പറമ്പിൽ മറ്റൊരു വീടു വാങ്ങി താമസം മാറി. ഇപ്പോൾ തമ്മനത്തെ വീടു വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. ഹോളിഡേ ഇൻ ഹോട്ടലിന്റെ പിൻവശത്തായാണ് ഇപ്പോൾ താമസിക്കുന്ന വീട്. 4 നാലു കിടപ്പുമുറികളുള്ള ഒരു വില്ല പ്രൊജക്ടായിരുന്നു. മേടിച്ച ശേഷം ഞങ്ങൾ വേണ്ട മാറ്റങ്ങൾ വരുത്തുകയായിരുന്നു.

ഫേവറിറ്റ് കോർണർ...

എന്റെ മുറി തന്നെയാണ് ഇഷ്ടഇടം. റോഡിനടുത്താണ് മുറി. വാഹങ്ങൾ പോകുന്നത് ഒക്കെ കണ്ടുകൊണ്ട് കിടക്കാം. പിന്നെ മുറിയോട് ചേർന്ന് ഒരു മാവുണ്ട്. വേണമെങ്കിൽ മുറിയിൽ നിന്നും കൈനീട്ടി മാങ്ങ പറിക്കാം. എന്റേതായ ചില കുരുത്തക്കേടുകളൊക്കെ ഞാൻ മുറിയിൽ കാട്ടിയിട്ടുണ്ട്. വോൾ പേപ്പറും, സ്റ്റിക്കറുകളുമൊക്കെ...

ഹോം സിക്ക്...

യാത്രകൾ ഇഷ്ടമാണ്. പക്ഷേ ഇറങ്ങിപ്പുറപ്പെടുന്ന ആവേശം രാത്രിയാകുമ്പോൾ ഉണ്ടാകില്ല. എങ്ങനെയെങ്കിലും വീട്ടിൽ എത്തിയാൽ മതിയെന്നാകും. രണ്ടു പട്ടികുട്ടികളെ ഞാൻ വളർത്തുന്നുണ്ട്. ഷൂട്ടിന് പോകുമ്പോൾ അവയെ പിരിഞ്ഞിരിക്കുന്നതാണ് ഏറ്റവും വിഷമം.

ഡ്രീം ഹോം...

ഞാനിപ്പോൾ പ്രേതം 2 സിനിമയിലാണ് അഭിനയിക്കുന്നത്. ഷൂട്ടിങ് വരിക്കാശ്ശേരി മനയിലാണ്. എന്തു ഭംഗിയാണ് ആ മന കാണാൻ! ഒരു ദിവസം ഷൂട്ടിങ് സമയത്ത് മഴ പെയ്തു. അപ്പോൾ അകത്തെ നടുമുറ്റത്ത് ഇരുന്നു മഴ കാണുമ്പോൾ കിട്ടിയ ഒരു ഫീൽ...മച്ചാനേ...പറഞ്ഞാൽ കിട്ടില്ല!...

അതിനുശേഷം എനിക്കും ഭാവിയിൽ നടുമുറ്റത്തിരുന്നു മഴ കാണാൻ കഴിയുന്ന ഒരു വീട് വേണം എന്നായി ആഗ്രഹം. ഭാവിയിൽ ഞാൻ അത് സാധ്യമാക്കുമായിരിക്കും...