ശ്രുതി രാമചന്ദ്രന്റെ വീട്ടുവിശേഷങ്ങൾ

ഞാൻ ജനിച്ചത് ചെന്നൈയിലാണ്. അഞ്ചു വയസ്സ് വരെ അവിടെയായിരുന്നു. അച്ഛനും അമ്മയും ചെന്നൈയിലാണ് ഏറെക്കാലവും ചെലവഴിച്ചത്. പിന്നീട് ഞങ്ങൾ കൊച്ചിയിലേക്ക് താമസം മാറി. എന്റെ സ്‌കൂൾ പഠനം മുഴുവൻ കൊച്ചിയിലായിരുന്നു. അച്ഛൻ രാമചന്ദ്രൻ എൻജിനീയറാണ്. അമ്മ അധ്യാപികയാണ്. എനിക്കൊരു അനിയത്തി കാവ്യ. ഇപ്പോൾ ചെന്നൈയിലാണ്. നൃത്തമാണ് മറ്റൊരു പാഷൻ. അതിലൂടെയാണ് സിനിമയിലേക്കെത്തുന്നത്.

ആർക്കിടെക്ട് സ്റ്റാർ...

ഞാൻ അഞ്ചാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് അച്ഛൻ വൈറ്റിലയിൽ ഫ്ലാറ്റ് മേടിക്കുന്നത്. അന്ന് ഓരോ സ്‌പേസുകളും രൂപപ്പെടുന്നത് ഞാൻ അദ്ഭുതത്തോടെ നോക്കിക്കണ്ടിട്ടുണ്ട്. അങ്ങനെയാണ് ആർക്കിടെക്ച്ചറിനോട് ഒരു താൽപര്യം ഉണ്ടാകുന്നത്. മൈസുരു സ്‌കൂൾ ഓഫ് ഡിസൈനിലായിരുന്നു പഠനം. പിന്നീട് മാസ്റ്റേഴ്സ് ബാഴ്സിലോണയിലെ ഐഎഎസി യിലും. 

പഠനം കഴിഞ്ഞു കുറച്ചു വർഷങ്ങൾ മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ ജോലി ചെയ്തു. കുറച്ച് നല്ല പ്രോജക്ടുകളുടെ ഭാഗമാകാനായി. കൂടുതലും പബ്ലിക് ബിൽഡിങ്ങുകളായിരുന്നു ചെയ്തത്. ഗാന്ധിനഗറിലുള്ള ഗാന്ധി മന്ദിറിന്റെ നിർമാണത്തിൽ പങ്കാളിയാകാൻ സാധിച്ചത് നല്ല അനുഭവമായിരുന്നു. ഇടയ്ക്ക് കുറച്ചുകാലം അധ്യാപികയായിരുന്നു. ഇപ്പോഴും ചെറിയ പ്രോജക്ടുകൾ സ്വന്തമായി ചെയ്യുന്നുണ്ട്. ചെന്നൈയിൽ വച്ചാണ് ഞാൻ ഭർത്താവ് ഫ്രാൻസിസ് തോമസിനെ കണ്ടുമുട്ടുന്നത്. ഫ്രാൻസിസ് മൈത്രി ആഡ് ഏജൻസിയിൽ ക്രിയേറ്റിവ് ഹെഡ് ആണ്.  

കൊച്ചി വീട്.... 

ഞങ്ങളുടെ ഞാൻ ഏറെക്കാലം ചെലവഴിച്ചത് വൈറ്റിലയിലുള്ള ഫ്ലാറ്റിലാണ്. ഒരു ഫ്ലാറ്റിന്റെ ഇടുക്കം അനുഭവപ്പെടാത്ത വിശാലമായ, നല്ല വെന്റിലേഷൻ ലഭിക്കുന്ന ഇടങ്ങളാണുള്ളത്. ലീനിയർ ശൈലിയിലാണ് ഫ്ലാറ്റ്. ഒരുവശം നിറയെ ജനാലകളാണ്. ആ ഫ്ലാറ്റിന്റെ ഡിസൈൻ ഒരു ആർക്കിടെക്ട് എന്ന നിലയിൽ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.

വീട് ഓർമകൾ... 

അച്ഛന്റെ തറവാട് തൃശൂരാണ്. അമ്മയുടേത് തിരുവനന്തപുരത്തും. ആറ്റിങ്ങലുള്ള അമ്മവീടിനെക്കുറിച്ച് വളരെ നേരിയ ഓർമകൾ മാത്രമാണുള്ളത്. വലിയ പറമ്പിനും മരങ്ങൾക്കുമിടയിൽ ഓടിട്ട വീട്. പിന്നെ ഓർമ അടുക്കളയെ കുറിച്ചാണ്. അമ്മൂമ്മയുടെ വിറകടുപ്പുള്ള അടുക്കളയിലിരുന്നു ഭക്ഷണം കഴിച്ചത്...അതിന്റെ ആംബിയൻസ്..ഇപ്പോഴും മനസ്സിലുണ്ട്.

ഇന്റീരിയർ ഡിസൈൻ... 

മുംബൈയിൽ ആർക്കിടെക്ച്ചറിനേക്കാളും സാധ്യത ഇന്റീരിയർ ഡിസൈനിങ്ങിനാണ്. കുറെ ഫ്‌ളാറ്റുകളുടെ ഇന്റീരിയർ ചെയ്തു കൊടുത്തിട്ടുണ്ട്. അപ്പോഴെല്ലാം എന്റെ മനസ്സിൽ ഉണ്ടായിരുന്നത്, കൊച്ചിയിൽ ഞാൻ വളർന്ന ഫ്ലാറ്റിന്റെ അനുഭവങ്ങളാണ്.

ഡ്രീം ഹോം...

സ്വയംപര്യാപ്തമായ കെട്ടിടങ്ങൾ എന്ന വിഷയത്തിലാണ് ഞാൻ മാസ്റ്റേഴ്സ് ചെയ്തത്. ഭാവിയിൽ ഞാൻ നിർമിക്കാൻ ആഗ്രഹിക്കുന്ന വീടും അപ്രകാരമായിരിക്കും. ധാരാളം ഓപ്പൺ സ്‌പേസുകൾ ഉണ്ടാകണം. കാറ്റും വെളിച്ചവും നന്നായി കയറുന്ന അകത്തളങ്ങൾ ഉണ്ടാകണം..ഇതൊക്കെയാണ് ആഗ്രഹങ്ങൾ...

സിനിമ/ ആർക്കിടെക്ചർ...

മലയാളത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത 'ഞാൻ' എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് പ്രേതം, ചാണക്യതന്ത്രം, സൺഡേ ഹോളിഡേ, നോൺസെൻസ്..തുടങ്ങിയ ചിത്രങ്ങൾ...ഇപ്പോൾ തമിഴിലും തെലുഗുവിലും ഓരോ ചിത്രങ്ങൾ ചെയ്യുന്നു. സിനിമയും ആർക്കിടെക്ച്ചറും ഒരുമിച്ചു കൊണ്ടുപോകാനാണ് താൽപര്യം.