പാഷാണം ഷാജിയുടെ വീട്ടുവിശേഷങ്ങൾ

മിമിക്രി ആർട്ടിസ്റ്റും നടനുമായ സാജു നവോദയ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു...

കൊച്ചി ഉദയംപേരൂരാണ് ഞാൻ ജനിച്ചത്. അച്ഛൻ തങ്കപ്പൻ, അമ്മ മങ്ക. ഇരുവരും കർഷകരായിരുന്നു. ഞങ്ങൾ പത്തു മക്കളായിരുന്നു. ദാരിദ്ര്യവും പട്ടിണിയും അനുഭവിച്ചാണ് ബാല്യം കടന്നുപോയത്. സൗകര്യങ്ങൾ കുറവായിരുന്നെങ്കിലും പരസ്പര സ്നേഹത്തിനു കുറവൊന്നും ഇല്ലായിരുന്നു. 

രണ്ടു മുറികളുള്ള ഒരു കൊച്ചു വീടായിരുന്നു ഞങ്ങൾക്കുണ്ടായിരുന്നത്. എല്ലാവരും ഹാളിലാണ് നിരന്നു കിടന്നുറങ്ങിയിരുന്നത്. രാത്രി എല്ലാവർക്കുമുള്ള ഭക്ഷണം തയാറായി വരുമ്പോൾ മിക്കവാറും പതിനൊന്നു മണി കഴിയുമായിരുന്നു. വീടിനു തൊട്ടു മുൻപിലുള്ള സ്‌കൂളിലായിരുന്നു പഠനം. സ്‌കൂൾ കാലഘട്ടത്തിൽ മിമിക്രി ചെയ്യുമായിരുന്നു. അങ്ങനെയാണ് പിന്നീട് ട്രൂപ്പിലേക്കെത്തുന്നത്. 

വിപ്ലവ പ്രണയം...

ഭാര്യ രശ്മി നർത്തകിയാണ്. ഞങ്ങൾ പ്രണയിച്ചു വിവാഹം കഴിച്ചതാണ്. അന്ന് ഞാൻ ട്രൂപ്പിലൊക്കെ സജീവമായി വരുന്നതേയുള്ളൂ. സ്ഥിരജോലിയില്ല, വരുമാനമില്ല. അവൾക്ക് വീട്ടിൽ വിവാഹം ആലോചിക്കുന്നത് അറിഞ്ഞു വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. എന്റെ ചേട്ടന്റെ വിവാഹത്തിന്റെ പിറ്റേന്ന് ഞാനും രശ്മിയും വിവാഹിതരായി!

വാടകമുറിയിൽ ജീവിതം...

കുമ്പളത്തുള്ള ഒരു വാടകമുറിയിലായിരുന്നു പിന്നെയങ്ങോട്ട് ജീവിതം. മനോജ് ഗിന്നസിന്റെ ഒപ്പം ട്രൂപ്പുകളിൽ തുടങ്ങി. പിന്നെ നവോദയയിൽ സജീവമായി. അതിനെ പേരിനൊപ്പം ചേർത്തു. വരുമാനം കൂടുന്നതിന് അനുസരിച്ച് വാടക കൂടുതലുള്ള വീടുകളിലേക്ക് മാറി. പതിയെ സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തു തുടങ്ങി.

സ്വപ്നവീട്...

രണ്ടു വർഷം മുൻപാണ് പനങ്ങാട് സ്വന്തമായി വീടു വയ്ക്കുന്നത്. സമകാലിക ശൈലിയിലുള്ള രണ്ടുനില വീടാണ്. ശ്രീവിനായകം എന്നാണ് വീടിന്റെ പേര്. ചെറിയ സ്ഥലത്തു പരമാവധി സൗകര്യങ്ങൾ ഒരുക്കിയാണ് വീടു പണിതത്.

നാലു കിടപ്പുമുറികളുണ്ട്. വെള്ള നിറത്തോട് പ്രത്യേക ഇഷ്ടമുണ്ട്. അതുകൊണ്ട് പുറംചുവരുകളിലും അകത്തും കൂടുതലും വെള്ള നിറമാണ് നൽകിയത്. സ്വീകരണമുറിയിൽ എനിക്ക് കിട്ടിയ ചെറിയ പുരസ്‌കാരങ്ങൾ വച്ചിട്ടുണ്ട്. ഭാര്യയുടെ ഇഷ്ടങ്ങൾക്ക് മുൻ‌തൂക്കം നൽകിയാണ് വീടിന്റെ അകത്തളങ്ങൾ ഒരുക്കിയത്. ഒറ്റമുറി വീട്ടിലും കൂടെ നിന്നത് അവളായിരുന്നല്ലോ....