പൊന്നമ്മ ബാബുവിന്റെ വീട്ടുവിശേഷങ്ങൾ

നടി പൊന്നമ്മ ബാബു വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു...

കോട്ടയം ഭരണങ്ങാനത്താണ് ഞാൻ ജനിച്ചത്. അപ്പനും അമ്മയ്ക്കും കൃഷിയായിരുന്നു തൊഴിൽ. എനിക്ക് രണ്ടു സഹോദരങ്ങളും ഉണ്ടായിരുന്നു. സാമ്പത്തികമായി താഴെത്തട്ടിലുള്ള കുടുംബമായിരുന്നു. എങ്കിലും പരാതിയോ പരിഭവങ്ങളോ ഇല്ലാതെ സ്നേഹമുള്ള ജീവിതമായിരുന്നു. അന്ന് ടിവിയൊന്നും നാട്ടിൽ എത്തിയിട്ടില്ല. റേഡിയോ ആണ് ഏക ആശ്രയം. ചെറുപ്പത്തിൽ നാടക ശബ്ദരേഖകൾ കേൾക്കാനായി ഞങ്ങൾ കുട്ടികൾ അടുത്തുള്ള വീട്ടിൽ ഒത്തുകൂടുമായിരുന്നു. 

കുടുംബം...

പതിനാറാമത്തെ വയസ്സിൽ വിവാഹം കഴിഞ്ഞു. പ്രേമവിവാഹമായിരുന്നു. ബാബുവിന് നാടകസമിതിയുണ്ടായിരുന്നു. നാടകവും നൃത്തവുമായിരുന്നു പിന്നീട് എന്റെ തട്ടകം. വർഷങ്ങൾ അതിൽ പയറ്റിയ ശേഷമാണ് സിനിമയിലേക്കെത്തുന്നത്.

ഭർത്താവിന്റെ വീട് ആലപ്പുഴയായിരുന്നു. ഞങ്ങൾ അവിടെ അധികകാലം താമസിച്ചില്ല. അത്യാവശ്യം സാമ്പത്തിക പശ്‌ചാത്തലമുള്ള കുടുംബമായിരുന്നു  ഭർത്താവിന്റേത്. പക്ഷേ പിന്നീട് ബിസിനസ് ചെയ്തു കുറച്ചു നഷ്ടങ്ങൾ സംഭവിച്ചു. ഞങ്ങൾക്ക് മൂന്നു മക്കളാണ്. ദീപ്തി, മാത്യു, പിങ്കി. ദീപ്തിയും പിങ്കിയും കുടുംബസമേതം ഓസ്‌ട്രേലിയയിലാണ് സ്ഥിരതാമസം. ഇരുവരും നഴ്‌സാണ്. മാത്യു ലണ്ടനിൽ ജോലി ചെയ്യുന്നു.

കൊച്ചി വീട്...

വിവാഹം കഴിഞ്ഞു കുറച്ചു വർഷങ്ങൾക്കുള്ളിൽ ഞങ്ങൾ കൊച്ചി വെണ്ണലയിൽ ഒരു വീട് നിർമിച്ചു. കുറെ വർഷങ്ങൾ അവിടെയായിരുന്നു താമസം. പിന്നീട് അത് വിറ്റു കുരീക്കാട് മറ്റൊരു വീട് വാങ്ങി. അവിടെയാണ് ഇപ്പോൾ താമസിക്കുന്നത്. 3000 ചതുരശ്രയടിയുള്ള ഇരുനില വീടാണ്. അഞ്ചു കിടപ്പുമുറികളുണ്ട്.

മക്കളൊക്കെ ഒപ്പമുണ്ടായിരുന്ന സമയത്ത് വലിയ വീട് രസമായിരുന്നു. അവരുടെ ചിരിയും കളിയും ഒക്കെയായിട്ട് സജീവമായിരുന്നു. എല്ലാവരും അവരുടെ ജീവിതം കരുപ്പിടിപ്പിക്കാൻ പോയതോടെ വീട്ടിൽ ഞാനും ഭർത്താവും മാത്രമായി. വീടുറങ്ങി. ഇപ്പോൾ വലിയ വീട് ഒരു ബാധ്യതയാണ്. തൂത്തു തുടച്ചിടണ്ടേ?...