വേരുകൾ മറക്കാത്ത എന്റെ വീടുകൾ..: രഞ്ജിത്ത് ശങ്കർ

കഥാമൂല്യവും വിപണിമൂല്യവും സമന്വയിക്കുന്ന ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ രഞ്ജിത്ത് ശങ്കർ താൻ കടന്നുവന്ന വീടുകളുടെ ഓർമകൾ പങ്കുവയ്ക്കുന്നു...

ഞാനൊരു തൃശൂരുകാരനാണ്. എന്റെ മിക്ക സിനിമകൾക്കും തൃശൂര് പശ്‌ചാത്തലമായതും നാടിനോടുള്ള ഗൃഹാതുരത കൊണ്ടായിരിക്കാം. അച്ഛൻ ശങ്കരൻകുട്ടി, അമ്മ ശാന്തകുമാരി. ഇരുവരും സർക്കാർ ഉദ്യോഗസ്ഥരായിരുന്നു. എനിക്കൊരു സഹോദരി ജ്യോതി. ഇതായിരുന്നു കുടുംബം. തൃശൂർ ടൗണിൽ പടിഞ്ഞാറേക്കോട്ടയാണ് എന്റെ തറവാട്. തൊട്ടടുത്ത് തന്നെയാണ് അമ്മാവന്റെ വീടും. എൺപതുകളിൽ നിർമിച്ച ഏകദേശം 3000 ചതുരശ്രയടിയുള്ള ഇരുനില കോൺക്രീറ്റ് വീടായിരുന്നു. വിശാലമായ മുറികളായിരുന്നു വീടിന്റെ ഹൈലൈറ്റ്. 

ഇടവേള ബാബു ആദ്യമായി അഭിനയിച്ച ഇടവേള എന്ന ചിത്രമൊക്കെ വീട്ടിലാണ് ഷൂട്ട് ചെയ്തത്. അതിനായി വീട് പെയിന്റ് ചെയ്തു മിനുക്കിയതും അകത്ത് സെറ്റിട്ടതും ഇപ്പോഴും ഓർമയുണ്ട്. എതിർവശത്തു 'ബിന്ദു' തിയറ്ററാണ്. മിക്ക സിനിമകളും ആദ്യ ഷോയ്ക്ക് തന്നെ പോയി കാണുമായിരുന്നു. സിനിമയോടുള്ള മോഹം ഉള്ളിൽ ജനിപ്പിച്ചതിനു പിന്നിൽ ബാല്യത്തിലെ ഇത്തരം കാഴ്ചകൾക്ക് പ്രാധാന്യമുണ്ട്.

വർഷങ്ങൾ കടന്നു പോയി. തൃശൂർ നഗരം ഒരുപാടുമാറി. ഇപ്പോൾ വാണിജ്യപരമായി ഏറെ പ്രാധാന്യമുള്ള ഇടമായി വീടിരിക്കുന്ന ലൊക്കേഷൻ മാറി. കഴിഞ്ഞ 15 വർഷമായി അടച്ചിട്ടിരിക്കുകയാണ് വീട്. എങ്കിലും ഞാൻ ഇതുവരെ വീട് വാടകയ്ക്ക് കൊടുത്തിട്ടില്ല. പലരും മോഹവിലയ്ക്ക് വീടും സ്ഥലവും ചോദിച്ചു. എങ്കിലും ഞാൻ കൊടുത്തില്ല. എനിക്ക് വേരുകൾ പ്രധാനമാണ്. തൃശൂരിനെയും എന്നെയും തമ്മിൽ ബന്ധിപ്പിക്കുന്നത് ഈ വീടാണ്. അത് നഷ്ടമാകുന്നത് ഓർക്കാൻ കൂടി കഴിയില്ല. പരിപാലനത്തിനും സുരക്ഷയ്ക്കുമായി അവിടെ ആളുകളെ നിയോഗിച്ചിട്ടുണ്ട്.

കൊച്ചിയിലേക്ക് ചേക്കേറുന്നു...

സിനിമാമോഹങ്ങളുമായാണ് കൊച്ചിയിലേക്ക് ചേക്കേറുന്നത്. ആദ്യം കുറച്ചുകാലം വാടകയ്ക്കു താമസിച്ചു. 2005 ൽ വാഴക്കാല 1500 ചതുരശ്രയടിയുള്ള വീടും 13 സെന്റ് സ്ഥലവും മേടിച്ചു. അന്ന് ഈ റിയൽഎസ്റ്റേറ്റ് മൂല്യം ഒക്കെ തുടങ്ങുന്നതേയുള്ളൂ. 2007 ൽ കുറഞ്ഞ വിലയ്ക്ക് ഒരു ചെറിയ ഫ്ലാറ്റും ഞാൻ വാങ്ങിച്ചു. ഇതൊക്കെ സിനിമയിൽ എത്തുന്നതിനു മുൻപ് ലോൺ എടുത്തുവാങ്ങിച്ചതാണ്.

ഒരുപക്ഷേ പിൽക്കാലത്ത് എന്റെ സിനിമാമോഹങ്ങൾക്ക് സാമ്പത്തിക പിന്തുണയായി നിന്നത് ആ ഫ്ലാറ്റായിരിക്കും. ആദ്യ സിനിമയായ പാസഞ്ചർ നിർമിക്കാൻ പലരെയും സമീപിച്ചിട്ടും നടന്നില്ല. ഒന്നും നടന്നില്ലെങ്കിൽ വീടും സ്ഥലവും പണയം വയ്ക്കാം എന്നൊരു ധൈര്യം ഉണ്ടായിരുന്നു. കേറിക്കിടക്കാൻ മറ്റൊരു ഫ്ലാറ്റ് ഉണ്ടല്ലോ!..എന്തായാലും അതിന്റെ ആവശ്യം വന്നില്ല. ചിത്രത്തിന് നിർമാതാവിനെ ലഭിച്ചു. ഫ്ളാറ്റിപ്പോൾ എന്റെ സിനിമകളുടെ പ്രൊഡക്‌ഷൻ ഓഫീസായി പ്രവർത്തിക്കുകയാണ്.

വീട് പണിയാത്ത സിവിൽ എൻജിനീയർ!

ഞാൻ സിവിൽ എൻജിനീയറിങ്ങാണ് പഠിച്ചത്. പക്ഷേ അതുമായി യാതൊരു ധാരണയും ഇപ്പോഴില്ല. പഠനം കഴിഞ്ഞു കുറച്ചുകാലം ജോലി ചെയ്തത് ഐടി മേഖലയിലാണ്. അതുകഴിഞ്ഞു സിനിമയിലേക്കെത്തി.  ഭാര്യ സ്മിത സോഫ്റ്റ്‌‌വെയർ എൻജിനീയറാണ്. മകൾ താര ഒൻപതാം ക്‌ളാസിലും മകൻ തരുൺ ആറാം ക്‌ളാസിലും പഠിക്കുന്നു. കുട്ടികൾ വലുതായപ്പോൾ വീട്ടിൽ സ്ഥലപരിമിതി ഒരു പ്രശ്നമായി. അങ്ങനെ അടുത്തിടെ ഞാൻ വീടൊന്നു പുതുക്കിപ്പണിതു. മുറികൾ വിശാലമാക്കി. മുകളിൽ മുറികൾ കൂട്ടിച്ചേർത്തു. 4500 ചതുരശ്രയടിയുള്ള പുതിയ വീട്ടിൽ നാലു കിടപ്പുമുറികളുണ്ട്.

വാഴക്കാലയിലെ വീടിനു എതിർവശത്തുള്ള മറ്റൊരു വീടും സ്ഥലവും ഞാൻ മേടിച്ചിരുന്നു. വീട് പുതുക്കിപ്പണിയുന്ന സമയത്ത് അവിടെയായിരുന്നു താമസം. എങ്കിലും വീടിന്റെ നിർമാണകാര്യങ്ങളിലൊന്നും ഞാൻ ഇടപെട്ടിരുന്നില്ല. ഭാര്യയാണ് മേൽനോട്ടം വഹിച്ചത്. ഒരു ഹോം തിയറ്റർ വേണം എന്നുമാത്രമായിരുന്നു എന്റെ ആവശ്യം. അത് വീട്ടിൽ ഒരുക്കിയിട്ടുണ്ട്.

രാമന്റെ ഏദൻതോട്ടവും പ്രേതത്തിലെ വരിക്കാശ്ശേരി മനയും... 

സിനിമകളുടെ ലൊക്കേഷനുകൾ ഒരു നിയോഗം പോലെ തേടിയെത്തിയ അനുഭവമാണ് എനിക്കുള്ളത്. രാമന്റെ ഏദൻതോട്ടത്തിൽ ഒരുപാട് അന്വേഷണങ്ങൾക്ക് ശേഷമാണു വാഗമണ്ണുള്ള റിസോർട് കടന്നുവരുന്നത്. അത് ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്റെ ഭാര്യയുടെ നാട് ഒറ്റപ്പാലമാണ്. വരിക്കാശേരി മനയുമായി അകന്ന ബന്ധുതയുമുണ്ട്. എന്നെങ്കിലും വരിക്കാശ്ശേരി മനയിൽ ഒരു ചിത്രം ഷൂട്ട് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പ്രേതത്തിന്റെ രണ്ടാം ഭാഗത്തിന് കഥയെഴുതുമ്പോൾ മറ്റൊരു ഇടവും സങ്കൽപ്പിക്കാൻ ആകുമായിരുന്നില്ല. കഥാഗതിയുമായി അത്രയും ഇഴചേർന്നു നിൽക്കുകയാണ് വരിക്കാശേരി മന. അത് സിനിമ കാണുമ്പോൾ നിങ്ങൾക്ക് ബോധ്യമാകും.

പ്രിയം മമ്മൂക്കയുടെ വീട്...

മമ്മൂക്കയുടെ കൊച്ചിയിലുള്ള വീട് ഹൃദ്യമായ ഒരനുഭവമാണ്. അത് നിരവധി കാറുകളുള്ള ഗരാജുള്ളതുകൊണ്ടോ സ്മാർട് ഹോം സംവിധാനങ്ങൾ ഉള്ളതുകൊണ്ടു മാത്രമല്ല...അതിഥികളോടുള്ള ഇടപെടലുകൾ കൊണ്ടാണ്. ഒരു മെഗാസ്റ്റാറിന്റെ വീട്ടിൽ നമ്മൾ പ്രതീക്ഷിക്കുന്ന ഫൈവ്സ്റ്റാർ അന്തരീക്ഷമല്ല അവിടെയുള്ളത്.

വേരുകൾ മറക്കാത്ത മനുഷ്യനാണ് മമ്മൂക്ക. ഞാൻ അവിടെ പോയിട്ടുള്ളപ്പോഴൊക്കെ തികച്ചും സാധാരണക്കാരായ ബന്ധുക്കളും സുഹൃത്തുക്കളും മമ്മൂക്കയുടെ ജന്മനാടായ ചെമ്പിലെ നാട്ടുകാരുമൊക്കെ വീട്ടിൽ വരുന്നത് കണ്ടിട്ടുണ്ട്. ഏതെങ്കിലുമൊരു ലോക്കൽ ബേക്കറിയിൽ നിന്നും ഒരു കേക്കും വാങ്ങിയായിരിക്കും അവർ വരുന്നത്. പക്ഷേ ഒരു വിശിഷ്ട അതിഥി വരുമ്പോൾ നൽകുന്ന അതേ പരിഗണന മമ്മൂക്ക അവർക്കും നൽകുന്നത് ഞാൻ കണ്ടുനിന്നിട്ടുണ്ട്. ദുൽഖറും ഇതേ വിനയത്തിലാണ് വളർത്തപ്പെട്ടത്. താമസിക്കുന്ന ആളുകളുടെ മനോഭാവവും മൂല്യങ്ങളുമാണ് വീടിന്റെ ഭംഗിയിൽ പ്രതിഫലിക്കുന്നത് എന്നാണ് എന്റെ അഭിപ്രായം.