സിനിമ പോലെ എന്റെ വീടുകളും: നദിയ മൊയ്തു

കാലം വെറും അക്കങ്ങളായി മാറുന്നത് ഒരുപക്ഷേ മമ്മൂട്ടിക്കും നദിയ മൊയ്തുവിനും മുൻപിലായിരിക്കാം. നോക്കെത്താ ദൂരത്തിൽ മോഹൻലാലിന്റെ നായികയായി നദിയ മൊയ്തു അരങ്ങേറിയത് 34 വർഷം മുൻപാണ്. എങ്കിലും ഇന്നും ആ കഥാപാത്രം നിത്യഹരിതമായി നിലനിൽക്കുന്നു. അടുത്തിടെ മോഹൻലാൽ ചിത്രം നീരാളിയിലൂടെ മടങ്ങിയെത്തിയപ്പോഴും നദിയയ്ക്ക് വലിയ മാറ്റങ്ങളൊന്നുമില്ല. നദിയ മൊയ്തു തന്റെ വീട് ഓർമകളും വിശേഷങ്ങളും പങ്കുവയ്ക്കുന്നു..

തിരിഞ്ഞു നോക്കുമ്പോൾ ശരിക്കും ഒരു സിനിമാക്കഥ പോലെയായിരുന്നു എന്റെ ജീവിതം. അതിൽ കൂടുതലും കോമഡിയും ട്വിസ്റ്റുകളുമാണ്. നിരവധി വീടുകൾ എന്റെ ജീവിതത്തിലേക്ക് വന്നിട്ടുണ്ട്. മുംബൈ മഹാനഗരത്തിന്റെ പ്രാന്തപ്രദേശമായ സിയോണിലാണ് ഞാൻ ജനിച്ചത്. ബാപ്പ തലശ്ശേരിക്കാരൻ എൻ കെ മൊയ്തു. ഉമ്മ തിരുവല്ലക്കാരി ലളിത. എനിക്കൊരു അനിയത്തി ഹസീന. ഇതായിരുന്നു കുടുംബം. അവധിക്കാലങ്ങളിൽ നാട്ടിലേക്കുള്ള യാത്രകളിലൂടെയാണ് ഉപ്പയുടെയും ഉമ്മയുടെയും വീടുകളുടെ ഓർമ തുടങ്ങുന്നത്. 

നാടും വീടും...

തിരുവല്ലയ്ക്കടുത്ത് കരുവാറ്റയായിരുന്നു ഉമ്മയുടെ നാട്. ഒരു തനി നാട്ടിൻപുറം. അവിടെ പരമ്പരാഗത ശൈലിയിലുള്ള ഒരു ചെറിയ തറവാട്. കൂട്ടുകുടുംബമായിരുന്നതുകൊണ്ട് വീട്ടിൽ എപ്പോഴും ധാരാളം ആളുകളുണ്ടാകുമായിരുന്നു. സമീപം വയലായിരുന്നു. ഒരു തവണ പ്രളയത്തിൽ വീടിനകം മുഴുവൻ മുങ്ങി. അന്ന് ഞങ്ങൾ നാട്ടിലുള്ള സമയമാണ്. അന്ന് പാടത്തുകൂടെ വന്ന വള്ളം അടുക്കളയിൽ കയറിയത് ഇപ്പോഴും ഓർമയുണ്ട്.

തലശ്ശേരിയിലുള്ള ഒരു യാഥാസ്ഥിതിക മുസ്‌ലിം തറവാടായിരുന്നു ഉപ്പയുടേത്. ഉപ്പയുടെ ഉപ്പ ചെറുപ്പത്തിലേ മരിച്ചു പോയി. ഉപ്പയെ വളർത്തിയത് മൂത്ത സഹോദരനാണ്. അദ്ദേഹമായിരുന്നു വീട്ടിലെ കാരണവർ. അവധിക്ക് നാട്ടിൽ പോകുമ്പോൾ മറ്റ് കുടുംബാംഗങ്ങൾക്ക് അദ്ദേഹത്തോടുള്ള ഭയഭക്തി ബഹുമാനങ്ങൾ കണ്ടാണ് ഞാൻ വളർന്നത്. 

ജോലിസംബന്ധമായി മുംബൈയിൽ എത്തിയ ശേഷമാണ് ഉപ്പയും ഉമ്മയും കണ്ടുമുട്ടുന്നത്. അന്നത്തെക്കാലത്ത് ഇരുമതത്തിൽ പെട്ടവരായിട്ടും യാഥാസ്ഥിതിക കുടുംബത്തിന്റെ മതിൽക്കെട്ടുകൾ മറികടന്നു ഇരുവരും ഒന്നായി. ആ സ്വാതന്ത്ര്യം ഉപ്പ ഞങ്ങൾ മക്കൾക്കും നൽകിയിരുന്നു. അതുകൊണ്ട് ചെറുപ്പത്തിൽത്തന്നെ വിവിധ സംസ്കാരങ്ങളുമായി അടുത്തിടപഴകാൻ എനിക്ക് കഴിഞ്ഞു.

മുംബൈ എന്ന മഹാനഗരത്തിലാണ് എന്റെ ബാല്യവും കൗമാരവും കടന്നുപോയത്. ഉപ്പയ്ക്ക് ടാറ്റയിലായിരുന്നു ജോലി. ആദ്യം കുറച്ചുകാലം കമ്പനി ക്വാർട്ടേഴ്സിലായിരുന്നു  താമസം. പിന്നീട് ഞങ്ങൾ മുംബൈയിൽ ഒരു വീട് മേടിച്ചു താമസംമാറി. എന്റെ ജീവിതപങ്കാളിയെ കണ്ടെത്തിയതും ഈ നഗരത്തിൽവച്ചുതന്നെ. അന്ന് എനിക്ക് 17 വയസ്സ്, അദ്ദേഹത്തിന് 20 വയസ്സ്. പിന്നീട് കുറച്ചു വർഷങ്ങൾ പ്രണയിച്ച ശേഷം ഞങ്ങൾ വിവാഹിതരായി. ഭർത്താവ് ശിരീഷ് ഗോഡ്‌ബോലെ ഇൻവെസ്റ്റ്‌മെന്റ് ബാങ്കറാണ്.  

വിദേശവീടുകൾ...

വിവാഹശേഷം ഞങ്ങൾ അമേരിക്കയിലേക്ക് പറന്നു. നഗരത്തിന്റെ ബഹളങ്ങളിൽ നിന്നും അൽപം ഒഴിഞ്ഞുമാറിയുള്ള ഒരു ഫ്ലാറ്റിലായിരുന്നു പിന്നീട് 12 വർഷങ്ങൾ ചെലവഴിച്ചത്. മക്കൾ ജനിക്കുന്നതും അവിടെവച്ചാണ്. അമേരിക്ക ഒരുപാട് അംബരചുംബികളുള്ള നഗരം മാത്രമല്ല, ചില കോളനികളിൽ ഒക്കെ പോയാൽ മരത്തിൽ നിർമിച്ച വീടുകൾ കാണാം. ചുറ്റിലും മരങ്ങളും ചെടികളും പച്ചപ്പും. കാണാൻ തന്നെ നല്ല രസമാണ്. നമ്മുടെ നാട്ടിലെ പോലെ ഒരായുഷ്കാലത്തിന്റെ സമ്പാദ്യം മുഴുവൻ വീട്ടിൽ നിക്ഷേപിക്കുന്ന പരിപാടിയൊന്നും അവർക്കില്ല. 

അതിനുശേഷം ഞങ്ങൾ യുകെയിലേക്ക്  ജീവിതം പറിച്ചുനട്ടു. അവിടെ ആറുവർഷങ്ങൾ താമസിച്ചു. മൻഹാട്ടനിലും ലണ്ടനിലുമായി ചെലവഴിച്ച 18 വർഷങ്ങളിൽ ഒരു വരം പോലെ കൂട്ടുകാരികളും അവരുടെ കുടുംബങ്ങളും അടുത്തടുത്തായി ഉണ്ടായിരുന്നു. അതുവഴിയാണ് നാട്ടിലെ വിശേഷങ്ങളും വാർത്തകളുമൊക്കെ അറിഞ്ഞിരുന്നത്. 

രണ്ടു പെണ്മക്കളാണ് എനിക്ക്. സനവും ജാനയും. ഇരുവരും അമേരിക്കയിലാണ് പഠിക്കുന്നത്. എനിക്ക് ലഭിച്ച സ്വാതന്ത്രം ഞാൻ എന്റെ മക്കളിലേക്കും കൈമാറുന്നു. പെൺകുട്ടികൾ എന്ന യാതൊരു അനാവശ്യനിയന്ത്രണങ്ങളും നൽകാതെയാണ് ഞങ്ങൾ അവരെ വളർത്തിയത്. അവർ ലോകം കണ്ടു. സ്വതന്ത്രരായി ജീവിക്കുന്നു.

മുംബൈ തിരിച്ചു വിളിക്കുന്നു...

യുകെയിൽ നിന്നും ഞങ്ങൾ വീണ്ടും മുംബൈയിലേക്ക് മടങ്ങിയെത്തി. മുംബൈയിലെ പാലിയിൽ ഒരു ഫ്ലാറ്റ് എടുത്തു താമസം തുടങ്ങി. ഇപ്പോൾ 11വർഷമായി. സമീപമുള്ള പാലി ഹിൽസിൽ നിരവധി ബോളിവുഡ് സെലിബ്രിറ്റികളുടെ വീടുകളുണ്ട്. കുട്ടികൾ വലുതായി എന്റെ ഉത്തരവാദിത്തങ്ങൾ ഒന്നൊതുങ്ങിയപ്പോൾ വീട് ഒരുക്കിവയ്ക്കുന്നതിലും ഇന്റീരിയർ ഡിസൈനിംഗുമൊക്കെ ഒരുകൈ നോക്കിയിരുന്നു. ഇപ്പോഴും ഫ്ലാറ്റിൽ ചെറിയ മാറ്റങ്ങൾ ഇടയ്ക്കിടയ്ക്ക് പരീക്ഷിക്കാറുണ്ട്. 

ചാനൽ ഷൂട്ടുകൾക്കും മറ്റുമായി കേരളത്തിൽ അപൂർവമായി എത്താറുണ്ട്. രണ്ടുമൂന്നു തിരക്കഥകൾ ചർച്ചാഘട്ടത്തിലാണ്. എല്ലാം വിചാരിച്ച പോലെ നടക്കുകയാണെങ്കിൽ 2019 ൽ വീണ്ടും സിനിസ്ക്രീനിൽ ഞാൻ തിരിച്ചെത്തും...