സർപ്രൈസുകൾ നിറയുന്ന എന്റെ വീട്: ജ്യുവൽ മേരി

തൃപ്പൂണിത്തുറയാണ് എന്റെ സ്വദേശം. പപ്പ സെബി ആന്റണി, മമ്മി റോസ് മേരി. എനിക്ക് രണ്ടു സഹോദരങ്ങൾ. ജിബിനും ജീവയും. ഇത്രയുമായിരുന്നു എന്റെ കുടുംബം. പപ്പ എഫ്എസിടി ഉദ്യോഗസ്ഥനായിരുന്നു. ചെറുപ്പകാലം കൂടുതലും ഞാൻ ചെലവഴിച്ചത് ആലുവയിലുള്ള എഫ്എസിടി ക്വാർട്ടേഴ്‌സിലായിരുന്നു. അച്ഛന്റെ പാരന്റ്സിനും ഇവിടെ ക്വാർട്ടേഴ്‌സ് അനുവദിച്ചിരുന്നു. 

ഒരു ചെറിയ ടൗൺഷിപ് തന്നെയായിരുന്നു ഇവിടം. പാർക്കും സ്‌കൂളും ഹോസ്പിറ്റലും തിയറ്ററും എല്ലാമുണ്ടായിരുന്നു. പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ഇടങ്ങളായിരുന്നു ക്വാർട്ടേഴ്‌സുകൾ. അതുകൊണ്ട് എല്ലാവരും തമ്മിൽ മാനസികമായി ഇഴയടുപ്പം ഉണ്ടായിരുന്നു. ഇപ്പോൾ ടൗൺഷിപ്പിന്റെ  പഴയ പ്രതാപം ഒക്കെ പോയി. എങ്കിലും പഴയ ഓർമകൾ എനിക്ക് ഇപ്പോഴും പ്രിയപ്പെട്ടതാണ്.  

എട്ടാം ക്‌ളാസിനു ശേഷം ഞാൻ തൃപ്പൂണിത്തുറയിലുള്ള അച്ഛന്റെ വീട്ടിലേക്കു മാറി. ഓടിട്ട ഒരു കൊച്ചു വീടായിരുന്നു. പക്ഷേ നഗരത്തിരക്കിൽ നിന്നെല്ലാം മാറി ശാന്തതയുള്ള ഒരു പ്രദേശമായിരുന്നു. മരങ്ങൾക്കിടയിൽ ഒരു കൊച്ചു വീട്. 6 വർഷം മുൻപ് പഴയ വീട് പുതുക്കിപ്പണിതു. മുകളിൽ മുറികൾ കൂട്ടിച്ചേർത്തു.

സ്‌കൂൾ കാലഘട്ടത്തിൽ ഞാൻ ചെറിയ നാടകങ്ങൾ രചിച്ച് സംവിധാനം ചെയ്യുമായിരുന്നു. പിന്നീട് മഴവിൽ മനോരമയോയിലെ ഡി 4 ഡാൻസ് ആങ്കർ ചെയ്തു. അങ്ങനെയാണ് പത്തേമാരി എന്ന സിനിമയിൽ മമ്മൂക്കയുടെ നായികയാകുന്നത്. മഴവിൽ മനോരമയിൽ വച്ചാണ് ജെൻസനെ കണ്ടുമുട്ടുന്നത്. കക്ഷി അവിടെ പ്രൊഡ്യൂസറാണ്. പരിചയം പ്രണയമായി. വിവാഹത്തിലെത്തി.

ഫ്ലാറ്റ് ജീവിതം...

ഞങ്ങൾ ഇപ്പോൾ തൃപ്പൂണിത്തുറയിൽ ഒരു ഫ്ലാറ്റ് വാടകയ്‌ക്കെടുത്താണ് താമസിക്കുന്നത്. 3 BHK ഫ്ലാറ്റാണ്. വാടക വീടാണെങ്കിൽ അവിടെ ഞങ്ങൾ ഞങ്ങളുടേതായ ഒരു ഇടം സൃഷ്ടിച്ചിട്ടുണ്ട്.  അത്യാവശ്യം ഇന്റീരിയർ ചെയ്തിട്ടുണ്ട്. ചെറിയൊരു ലൈബ്രറി സ്‌പേസ്, പ്രെയർ ഏരിയ, എനിക്ക് കിട്ടിയ ചെറിയ ട്രോഫികൾ വയ്ക്കാൻ ഷെൽഫ്, യാത്ര പോകുമ്പോൾ മേടിച്ച ക്യൂരിയോകൾ സൂക്ഷിക്കാൻ ഡിസ്പ്ളേ റാക്ക്..ഇതൊക്കെ സെറ്റ് ചെയ്തിട്ടുണ്ട്. ഫ്ലാറ്റിലെത്തുന്ന സുഹൃത്തുക്കളൊക്കെ ഞങ്ങളുടെ അലങ്കാരപ്പണികൾ കണ്ടു സർപ്രൈസ് ആകാറുണ്ട്.

ഫേവറിറ്റ് കോർണർ...

രണ്ടു വർഷമായി ഗാർഡനിങ് തലയ്ക്കു പിടിച്ചിട്ട്. ഞങ്ങളുടെ ബാൽക്കണി ഞാൻ ചെറിയൊരു ഏദൻതോട്ടമാക്കി മാറ്റിയിട്ടുണ്ട്. ബാൽക്കണി തന്നെയാണ് ഇഷ്ട ഇടം. ഇവിടെ നിന്നാൽ സമീപം പുഴ കാണാം. അവിടെ ചെറിയ വള്ളത്തിൽ മീൻ പിടിക്കാൻ പോകുന്നവരെ കാണാം. ജനിച്ചു വളർന്ന വീടിന്റെ ഓർമകളുടെ ഒരു പുനർജനനമാണ് ഇവിടെ നിന്നാൽ ലഭിക്കുക.

ഭർത്താവിന്റെ വീട്..

ജെൻസന്റെ വീട് ചങ്ങനാശേരിയാണ്. കക്ഷിയുടെ വീട്ടിൽ ഒരുപാട് വളർത്തു മൃഗങ്ങളുണ്ട്. പ്രാവ്, തത്ത, പൂച്ച, പട്ടി, കോഴി...അങ്ങനെ നീളുന്നു.  ഞാൻ വിവാഹം കഴിഞ്ഞു ചെന്നപ്പോൾ 'നീ കൂടി എത്തിയതോടെ കോറം തികഞ്ഞു' എന്നു പറഞ്ഞു ജെൻസൺ എന്നെ കളിയാക്കാറുണ്ട്. ശരിക്കും ഒരു അവധിക്കാല വസതിയുടെ മൂഡാണ് കൊച്ചിയിൽ നിന്നും അവിടേക്ക് പോകുമ്പോൾ.