പന്തിരുകുലത്തിന്റെ ചരിത്രം മയങ്ങുന്ന കോടനാട്ട് മന

മൂന്നു നിലകളിലായി 4000 ചതുരശ്രയടിയിലധികം വിസ്‌തീർണമുള്ള മനയ്ക്കുള്ളിൽ 32 മുറികളുണ്ട്. ചിത്രങ്ങൾക്ക് കടപ്പാട്- സുദീപ് ഇ എസ്


പറയിപെറ്റ പന്തിരുകുലത്തിലെ മേഴത്തൂർ അഗ്നിഹോത്രിയുടെ പിന്മുറക്കാരായി വിശ്വസിക്കപ്പെടുന്ന കോടനാട്ട് നമ്പൂതിരിമാർക്ക് കൊച്ചി മഹാരാജാവ് നിർമിച്ചു നൽകിയ സമ്മാനം. തൃശൂർ ജില്ലയിലെ കോടനാട്ട് മനയുടെ ചരിത്രം അവിടെത്തുടങ്ങുന്നു. 250 വർഷത്തിലധികം പഴക്കമുണ്ടെന്നാണ് കോടനാട്ട് മനയെക്കുറിച്ചുള്ള കേൾവി. മൂന്നു നിലകളിലായി 4000 ചതുരശ്രയടിയിലധികം വിസ്‌തീർണമുള്ള മനയ്ക്കുള്ളിൽ 32 മുറികളുണ്ട്.

തെക്കിനി, വടക്കിനി, കിഴക്കിനി, പടിഞ്ഞാറ്റിനി എന്നിവയും വിസ്തൃതമായ പൂമുഖം വേറെയും. മച്ചാട് മലനിരകളിലുണ്ടായിരുന്ന ലക്ഷണമൊത്ത തേക്കുമരങ്ങൾ മുറിച്ചുകൊണ്ടുവന്നായിരുന്നു മേൽക്കൂരയുടെ തട്ടും മേൽക്കൂരയും നിർമിച്ചത്.

പ്രതാപകാലത്ത് വാല്യക്കാരും കാര്യസ്ഥരും പൂജാരികളും വെപ്പുകാരുമടക്കം അറുപതോളം പേർ മനയ്ക്കുള്ളിൽ താമസിച്ചിരുന്നു. യാത്രയ്ക്കായി നമ്പൂതിരിമാർ ഉപയോഗിച്ചിരുന്ന മഞ്ചൽ(ഡോലി), താക്കോൽ ഉപയോഗിച്ച് തുറക്കുമ്പോൾ ക്രമം തെറ്റിയാൽ കയ്യിൽ പരിഹരിക്കുന്ന ഇരുമ്പു ദണ്ഡോടുകൂടിയ ലോക്കർ, ഇവയൊക്കെ മനയ്ക്കുള്ളിലെ കൗതുകമാണ്. വെള്ളറക്കാട് ശ്രീരാമക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ പണ്ടുകാലത്ത് ഈ ലോക്കറിലാണ് സൂക്ഷിച്ചിരുന്നത്.

ഭീമാകാരമായ ഉരുളികൾ, ചരക്കുകൾ, ഭരണികൾ ഇവയെല്ലാം ഇന്നും മനയ്ക്കുള്ളിലെ കൗതുക കാഴ്ചകളാണ്. കുടുംബസമേതം, ശക്തൻ തമ്പുരാൻ, സൂര്യകിരീടം തുടങ്ങി ഒട്ടേറെ സിനിമാ ചിത്രീകരണങ്ങൾക്കും കോടനാട് മന വേദിയായിട്ടുണ്ട്.

 

മനയുടെ പ്രത്യേകതകൾ

  • മേഴത്തൂർ അഗ്നിഹോത്രിയുടെ പിൻതലമുറക്കാർക്ക് കൊച്ചി രാജാവ് നിർമിച്ചു നൽകിയതെന്ന് ചരിത്രം.
  • പന്ത്രണ്ടുകെട്ടായിരുന്നു നിർമാണം. പിന്നീട് നാലുകെട്ട് പൊളിച്ചുനീക്കി. ഇപ്പോൾ എട്ടുകെട്ടായി നിലനിർത്തിയിരിക്കുന്നു.
  • മൂന്നര ഏക്കറിലധികം വരുന്ന മനപ്പറമ്പിൽ മൂന്നു കുളങ്ങൾ.