Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഴക്കുളത്തിന്റെ സ്വന്തം ജൈവ് സജീവമായി വിപണിയിൽ

jive-joozy

പൈനാപ്പിളിന്റെ യഥാർഥ രുചിയുമായി വിപണിയിലെത്തിയ വാഴക്കുളത്തിന്റെ സ്വന്തം ജൈവ് ഇപ്പോൾ തിരിച്ചുവരവിന്റ പാതയിലാണ്. ഒരു വർഷത്തോളം വിപണിയിൽ നിന്ന് അപ്രത്യക്ഷമായിരുന്ന ജൈവ് വ്യത്യസ്തമായ പുതിയ ഉൽപന്നങ്ങൾ പുറത്തിറക്കുന്നുണ്ട്. പഴച്ചാറുകളിലെ രുചിക്കൂട്ടുകളുടെ വൈവിധ്യത്തോടൊപ്പം ശുദ്ധമായ വെള്ളവും  ഇഞ്ചിയുടെ ഔഷധഗുണവും ആസ്വാദ്യകരമായ രുചിയിൽ നിറച്ച് ജിഞ്ചർ കാൻഡിയും താമസിയാതെ പുറത്തിറങ്ങും.

വാഴക്കുളത്തെ കർഷക കൂട്ടായ്മയിൽ രൂപംകൊണ്ട പൈനാപ്പിൾ ഫാക്ടറിയുടെ മൂല്യവർധിത ഉൽപന്നമായി പുറത്തിറങ്ങിയ ജൈവിനു വലിയ സ്വീകാര്യതയായിരുന്നു വിപണിയിൽ ലഭിച്ചത്. കേരളത്തിനു പുറമെ തമിഴ്നാട്ടിലും ആന്ധ്രയിലും, രാജ്യ തലസ്ഥാനത്തുമൊക്കെ ജൈവ് തരംഗം സൃഷ്ടിച്ചു. വിപണിയിലുള്ള മറ്റു ബ്രാൻഡുകളുമായി മൽസരിക്കാൻ മാങ്ങയുടെയും ആപ്പിളിന്റെയും മുന്തിരിയുടെയുമൊക്കെ ജ്യൂസ് ജൈവ് പുറത്തിറക്കി. ജൈവിന്റെ സുവർണ കാലഘട്ടത്തിലാണു നടുക്കര അഗ്രോ പ്രോസസിംങ് കമ്പനി സർക്കാർ ഏറ്റെടുക്കുന്നതും പുതിയ കമ്പനി രൂപീകരിക്കുന്നതുമൊക്കെ. പഴയ മാനേജ്മെന്റുമായുള്ള നിയമയുദ്ധം ആരംഭിച്ചതോടെ ജൈവ് വിപണിയിൽ നിന്ന് അപ്രത്യക്ഷമായി.

അരലക്ഷത്തിലേറെ പായ്ക്കറ്റ് ജ്യൂസാണ് ജൈവ് പ്രതിദിനം വിൽപന നടത്തിയിരുന്നത്. ഒന്നര കോടിയോളമായിരുന്നു പ്രതിമാസ വിറ്റുവരവ്. പെറ്റ് ബോട്ടിലുകളിലും ബോട്ടിലുകളിലുമൊക്കെ ജൈവിന്റെ ജ്യൂസുകൾ പുറത്തിറങ്ങി. തമിഴ്നാട്ടിലും ആന്ധ്രയിലുള്ള മാമ്പഴത്തോട്ടങ്ങളിൽ നിന്നു മാങ്ങ നേരിട്ടെത്തിച്ചായിരുന്നു പൾപ്പുണ്ടാക്കിയിരുന്നത്. പൈനാപ്പിൾ യഥേഷ്ടം വാഴക്കുളത്തു നിന്നു തന്നെ കിട്ടുമായിരുന്നു. മറ്റു ബ്രാൻഡുകളുമായുള്ള മൽസരത്തിൽ വിപണിയിൽ ശക്തമായ മുന്നേറ്റം നടത്താൻ കഴിഞ്ഞ ജൈവിന്റെ പിന്മാറ്റത്തോടെ വിപണി ആഗോള ഭീമന്മാർ കയ്യടക്കിയിരിക്കുകയാണ്. ഇവിടേക്കു വീണ്ടും പഴയകാല പ്രൗഢിയോടെ തിരിച്ചെത്താനാണു ജൈവിന്റെ ശ്രമം. മാർച്ച് 23 മുതൽ ജൈവ് വീണ്ടും വിപണിയിൽ സജീവമായിട്ടുണ്ട്. വലിയ സ്വീകാര്യതയും നേടിക്കഴിഞ്ഞു. 16 പായ്ക്കറ്റുകൾ അടങ്ങുന്ന വലിയ നാലായിരം പായ്ക്കറ്റുകളാണു പ്രതിദിനം ഇപ്പോൾ കമ്പനി വിപണിയിലെത്തിക്കുന്നത്.

ടെട്രാപായ്ക്കറ്റിലാണ് ജ്യൂസ് പ്രധാനമായും പുറത്തിറങ്ങുന്നത്. ഇതു കമ്പനിയിൽ തന്നെ പായ്ക്ക് ചെയ്യുന്നു. പെറ്റ് ബോട്ടിലുകളിലും വലിയ ബോട്ടിലുകളിലും ജ്യൂസ് ഇറങ്ങുന്നതു ചില സ്വകാര്യ സംരഭകരുടെ സഹായത്തോടെയാണ്. ആന്ധ്രയിൽ നിന്നാണു മാമ്പഴത്തിന്റെ പൾപ്പ് ഇപ്പോൾ എത്തിക്കുന്നത്. മുതലമടയിൽ നിന്നു നേരിട്ട് മാമ്പഴമെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. തമിഴ്നാട്ടിലെ മാമ്പഴ തോട്ടങ്ങളും പാട്ടത്തിനെടുക്കുന്നുണ്ട്. തമിഴ്നാട്ടിലും ഹൈദരാബാദിലും ജൈവ് വിപണിയിൽ മുന്നേറ്റം നടത്തുന്നുണ്ട്. സതേൺ റെയിൽവേയുടെ അംഗീകാരവും ജൈവിനു ലഭിച്ചു. റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനിലും ജൈവ് സജീവമാകുന്നതോടെ 50 ലക്ഷം രൂപയുടെ പ്രതിദിന വരുമാനമാണു കമ്പനി പ്രതീക്ഷിക്കുന്നതെന്നു വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിങ് കമ്പനി ചെയർമാൻ ബാബുപോൾ പറഞ്ഞു. പൈനാപ്പിളിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളും ജൈവ് ബ്രാൻഡിലൂടെ വിപണിയിലെത്തിക്കാനും കമ്പനി പദ്ധതി തയാറാക്കുന്നുണ്ട്.

ടി.എസ്. ദിൽരാജ്