Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർഷകന്റെ നടുവൊടിച്ച് കുരുമുളക് വിലയിടിവ്

black-pepper

കുരുമുളകിന്റെ   വിലയിടിവ് കർഷകരെയും വ്യാപാരികളെയും. വെള്ളത്തിലാക്കി ഈ സീസണിൽ 700 രൂപവരെയെത്തിയ കുരുമുളക് വില 480ലേക്കു കൂപ്പുകുത്തി. നേരിയ ഉണർവ് പ്രകടിപ്പിച്ച് 495ലേക്കു വില ഉയർന്നിട്ടുണ്ടെങ്കിലും വരുംദിവസങ്ങളിൽ ഇതു തുടരുമോയെന്നതു പ്രവചനാതീതമാണ്.

കഴിഞ്ഞവർഷം വിപണിയിൽ കാര്യമായ പ്രതിസന്ധി ഉണ്ടാകാത്തതിനാൽ 730 രൂപ വരെ ലഭിച്ചിരുന്നതിനാൽ ഇത്തവണയും കർഷകർ ഏറെ പ്രതീക്ഷയിലായിരുന്നു.

ഇത്തവണ 700 രൂപയ്ക്കു മുകളിൽ എത്തുകയും ചെയ്തതോടെ റെക്കോഡ് വില ലഭിക്കുമെന്ന വിശ്വാസത്തിൽ ഭൂരിഭാഗം കർഷകരും ഉൽപന്നം വിൽക്കാതെ സൂക്ഷിച്ചുവച്ചു. എന്നാൽ കർഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് വിലയിടിവുണ്ടായി. ആഴ്ചയിൽ 30 രൂപയിലധികം വിലയിടിവ് ഉണ്ടാകുന്ന സാഹചര്യമാണിപ്പോൾ‌.

കാലാവസ്ഥാ വ്യതിയാനവും മഴക്കുറവുമെല്ലാം കുരുമുളക് ഉൽപാദനത്തെ കാര്യമായി ബാധിച്ചിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 30 ശതമാനത്തിന്റെ കുറവാണ് ഇത്തവണ ഉണ്ടായത്. ഇതിനെ മറികടക്കാനായി ഇറക്കുമതി വർധിപ്പിച്ചതാണ് വിപണിക്ക് കനത്ത ആഘാതമായത്.

കേരളത്തിലുൾപ്പെടെ ഉൽപാദനം കുറഞ്ഞതിനാൽ കുരുമുളക് വൻ തോതിലാണ് ഇറക്കുമതി ചെയ്യുന്നത്. ഗുണനിലവാരം കുറഞ്ഞ കുരുമുളക് വില കുറച്ച് ലഭ്യമായിത്തുടങ്ങിയതോടെ മികച്ച ഗുണനിലവാരം ഉണ്ടായിട്ടും കേരളത്തിൽ നിന്നുള്ള കുരുമുളകിനു ഡിമാൻഡില്ലാതായി.

വിയറ്റ്നാം, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നാണു കുരുമുളക് ഇറക്കുമതി ചെയ്യുന്നത്. ബ്രസീൽ കുരുമുളക് സെപ്റ്റംബറോടെ വിപണിയിൽ എത്തുമെന്നും പ്രതീക്ഷിക്കുന്നു. വിയറ്റ്നാമിൽ നിന്നുള്ള ഇറക്കുമതിയാണ് രാജ്യത്തെ കുരുമുളക് വിപണിയെ സാരമായി ബാധിച്ചത്.

വിയറ്റ്നാമിൽ നിന്ന് ഇന്ത്യയിലേക്ക് 56 ശതമാനം നികുതിയിൽ കുരുമുളക് ഇറക്കുമതി ചെയ്യാനാണ് അനുമതിയെങ്കിലും കൊളംബോയിലൂടെ എട്ടു ശതമാനം നികുതിയിൽ ഇറക്കുമതി ചെയ്യുകയാണ്. കേരളത്തെക്കാൾ കുറഞ്ഞ വിലയിൽ കർണാടകയിൽ നിന്ന് കുരുമുളക് വിപണിയിൽ എത്തുന്നതും തിരിച്ചടിയായി.