Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റബർത്തോട്ടത്തിൽ അധിക വരുമാനത്തിന് പച്ചക്കറി കൃഷി

rubber-pepper-plantation Representative image

റബർത്തോട്ടങ്ങളിൽ പച്ചക്കറികൃഷി വ്യാപിപ്പിക്കാനുള്ള റബർ ബോർഡിന്റെയും കൃഷി വകുപ്പിന്റെയും സംയുക്ത പ്രവർത്തനങ്ങൾക്കു തുടക്കമാകുന്നു. ജൂലൈയിൽ കൃഷി ആരംഭിച്ച് ഓണത്തിന് ആദ്യ ഘട്ട വിളവെടുക്കാനാണ് തീരുമാനം. കോട്ടയം പാമ്പാടി, മാടപ്പള്ളി, വാഴൂർ ബ്ലോക്കുകളിലെ കൃഷി വകുപ്പ് അധികൃതരും റബർബോർഡ് അധികൃതരുമായി ചേർന്ന് ഇതിനായി ശിൽപശാല നടത്തി.

റബർത്തോട്ടങ്ങളിൽനിന്നു കർഷകർക്ക് അധികവരുമാനം  ഒരുക്കുകയാണ് ലക്ഷ്യം. റബർ നട്ടു കഴിഞ്ഞതുമുതൽ മൂന്നു വർഷം വരെ മരങ്ങൾ വളർച്ചയെത്തിയ തോട്ടങ്ങളിലാണ് പച്ചക്കറികൃഷി നടത്താൻ സാധിക്കുക.

പാവൽ, പടവലം, വെണ്ട, ചീര, വെള്ളരി തുടങ്ങിയ കൃഷികളാണ് കൃഷി വകുപ്പ് മുന്നോട്ട് വച്ചിരിക്കുന്നത്. കൃഷി വകുപ്പ് സഹായം നൽകും. കർഷകർ ഉൽപാദിപ്പിക്കുന്ന വിളകൾ വിറ്റഴിക്കാനുള്ള ശ്രമങ്ങളും കൃഷി വകുപ്പ് ചന്തകൾ വഴി ഒരുക്കും.

റബർത്തോട്ടങ്ങളിലെ സാങ്കേതിക സഹായം റബർ ബോർഡാണ് നൽകുക. നിലവിലുള്ള റജിസ്റ്റേർഡ് റബർത്തോട്ടങ്ങളിൽ പുതുകൃഷിയോടൊപ്പം പച്ചക്കറികൃഷിയും നടത്താൻ താൽപര്യമുള്ളവർ ബന്ധപ്പെട്ട ആർപിഎസുമായോ റബർ ബോർഡുമായോ ബന്ധപ്പെടണമെന്ന് അധികൃതർ പറഞ്ഞു.