Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാപ്പി ഉൽപാദനം താഴേക്ക്

crop-coffee

ഇടുക്കി ജില്ലയിലെ കാപ്പി കർഷകർ രൂക്ഷമായ പ്രതിസന്ധിയിലേക്ക്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ കാപ്പിക്കുരു ഉൽപാദനം നേർപകുതിയായി കുറയുമെന്നാണ് ജില്ലയിലെ കാപ്പി കർഷകർ പറയുന്നത്. വിലക്കുറവിന് പിന്നാലെ ഉൽപാദനത്തിലെ കുറവും കർഷകർക്ക് വൻ തിരിച്ചടിയാണ് സമ്മാനിക്കുന്നത്.

ഇതോടെ ജില്ലയിലെ കർഷകർ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലെത്തി. ജില്ലയിൽ 5290 ഹെക്ടർ കാപ്പികൃഷിയാണ് നിലവിലുള്ളത്. 8000 കർഷകരാണ് കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നത്.

സമീപകാലത്തുണ്ടായ വിലത്തകർച്ച കാപ്പി കർഷകരെയും വ്യാപാരികളെയും ‍‍ഞെട്ടിച്ചിരിക്കുകയാണ്. 2016–17 കാലയളവിൽ ഹൈറേഞ്ച് മേഖലയിൽ 3818 മെട്രിക് ടൺ കാപ്പിക്കുരുവാണ് ഉൽപാദിപ്പിച്ചത്. ഇത്തവണ നേർപകുതിയാകുമെന്നാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.

തൊഴിലാളികളെ കിട്ടാനില്ല

കാപ്പി പൂക്കുന്ന സമയത്ത് ആവശ്യത്തിനു മഴ ലഭിക്കാതിരുന്നതാണ് ഉൽപാദനം കുറയുന്നതിന്റെ കാരണം. രോഗകീട ബാധകളും ഉൽപാദനം കുറയുന്നതിനു മറ്റൊരു കാരണമായി. റോബസ്റ കാപ്പിയാണു ജില്ലയിൽ കൂടുതൽ കൃഷി ചെയ്യുന്നത്.

റോബസ്റ്റ കാപ്പി വിലയാണു കുത്തനെ കുറയുന്നത്. പ്രാദേശിക വിപണികളിൽ കിലോഗ്രാമിന് 70 മുതൽ 80 രൂപവരെ ലഭിച്ചിരുന്നു. എന്നാൽ അറബി കാപ്പിക്കുരുവിനു 90 രൂപവരെ വില ലഭിക്കുന്നതായി വ്യാപാരികൾ പറയുന്നു.

ജില്ലയിൽ 8000 കുടുംബങ്ങളാണ് ഉപജീവനത്തിനു കാപ്പികൃഷിയെ ആശ്രയിക്കുന്നത്. 10 ഹെക്ടറിൽ താഴെ കൃഷിയുള്ളവരാണ് ഇവരിൽ 50 ശതമാനവും. ഉൽപാദനച്ചെലവും ഓരോ വർഷവും കൂടുകയാണ്. സ്ത്രീതൊഴിലാളികളാണു കാപ്പി വിളവെടുപ്പിൽ ഏർപ്പെടുന്നതിൽ അധികവും.

സ്ത്രീതൊഴിലാളിക്കു ഭക്ഷണച്ചെലവില്ലാതെ 250 രൂപയാണു ദിവസക്കൂലി. കളങ്ങളിൽ കാപ്പി ഉണക്കുന്നതും പരിപ്പാക്കുന്നതിനു ചാക്കുകളിലാക്കി മില്ലുകളിലെത്തിക്കുന്നതും മറ്റും പുരുഷ തൊഴിലാളികളാണ്. ദിവസം 300 രൂപയാണ് ഇവരുടെ കുറഞ്ഞ കൂലി.

ഉൽപാദനച്ചെലവുമായി തുലനം ചെയ്യുമ്പോൾ നിലവിലെ വില മുതലാകില്ലെന്നാണു കർഷകർ പറയുന്നത്. തൊഴിലാളി ക്ഷാമവും കർഷകരെ പ്രയാസത്തിലാക്കുന്നു. നേരത്തേ ഇടത്തരം തോട്ടങ്ങളിൽ വിളവെടുപ്പിന് ഇതരസംസ്ഥാനങ്ങളിൽ നിന്നു തൊഴിലാളികൾ എത്തിയിരുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ കൂലി കൂട്ടിയതോടെ തൊഴിലാളികളുടെ വരവു കുറഞ്ഞു.

ചെറുകിട കർഷകരിൽ പലരും സ്വന്തം നിലയ്ക്കാണ് ഇപ്പോൾ കാപ്പി വിളവെടുക്കുന്നത്. കാപ്പിക്കുരുവിന്റെ വിലത്തകർച്ചയും വിളവുകുറവും മൂലം കാപ്പികർഷകർ കുരുമുളകു പോലുള്ള കൃഷികളിലേക്കും തിരിഞ്ഞിട്ടുണ്ട്. എങ്കിലും വർഷങ്ങളുടെ അധ്വാനഫലമായ കാപ്പിച്ചെടി വെട്ടിക്കളയാൻ മടിച്ചു നിൽക്കുകയാണു കർഷകർ.