Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർഷിക മൊത്തവ്യാപാര വിപണി ഇനി സ്വകാര്യമേഖലയിലും

market

എത്ര മികച്ച രീതിയിൽ ഉൽപാദിപ്പിച്ചാലും വിപണിയിൽ നല്ല വില ലഭിക്കാത്തതാണ് ഇന്നും കർഷകർ നേരിടുന്ന പ്രധാന പ്രശ്നം. ഉൽപാദനം കൂടുന്ന വർഷങ്ങളിൽ വിലയിടിയുന്നതിനാൽ കർഷകർ പഴം–പച്ചക്കറികളും മറ്റു കാർഷികോൽപന്നങ്ങളും പാതകളിൽ വലിച്ചെറിഞ്ഞു പ്രതിഷേധിക്കുന്നതു പതിവു ചിത്രമാണ്. ഇതിന്റെ ഉഗ്രരൂപമാണ് കഴിഞ്ഞ മാസം മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമൊക്കെ അരങ്ങേറിയത്. ഉപഭോക്താക്കൾ നൽകുന്ന വിലയുടെ പകുതിപോലും പലപ്പോഴും ഉൽപാദകരായ കർഷകർക്കു ലഭിക്കുന്നില്ല. കാർഷിക വിപണികളിലെ സുതാര്യമല്ലാത്ത ഇടപാടുകൾ കാരണം ലാഭവിഹിതം ഇടത്തട്ടുകാരിലേക്കും കമ്മിഷൻ ഏജന്റുമാരിലേക്കും മൊത്തവ്യാപാരികളിലേക്കും കൈമറിഞ്ഞെത്തുന്നു.

രാജ്യത്തെ വലിയ നിയന്ത്രിത കാർഷിക വിപണികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയ കാർഷിക വിപണി കഴിഞ്ഞ വര്‍ഷം ഏപ്രിൽ 14ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു. രാജ്യത്തെ കാർഷിക വിപണികളെ ഓൺലൈനിലൂടെ സംയോജിപ്പിക്കുന്ന ഇലക്ട്രോണിക് പ്ലാറ്റ്ഫോമായ ഇ–നാം (E-NAM - E- National Agricultural Market) ഒരു വർഷം പൂർത്തിയാക്കുമ്പോൾ കാർഷിക വിപണിയിൽ അടുത്ത ഘട്ടം പരിഷ്കാരങ്ങൾക്കു കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുകയാണ്. നിലവിലുള്ള കാർഷിക വിപണന നിയമങ്ങളിൽ സമഗ്രമായ പരിഷ്കാരങ്ങൾ നിർദേശിക്കുന്ന 2017ലെ മാതൃകാ എപിഎംസി നിയമം പോയ ഏപ്രിൽ മാസത്തില്‍ കേന്ദ്ര കൃഷി– സഹകരണ കർഷക ക്ഷേമ വകുപ്പ് പ്രസിദ്ധീകരിക്കുകയുണ്ടായി.

വായിക്കാം ഇ - കർഷകശ്രീ

അറുപതുകളുടെ ആരംഭം മുതൽ അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റിങ് കമ്മിറ്റി ആക്ട് (എപിഎംസി ആക്ട്) മിക്ക സംസ്ഥാനങ്ങളിലും നിലവിലുണ്ട്. എപിഎംസി നിയമം നിലവിലുള്ള സംസ്ഥാനങ്ങളില്‍ നിയന്ത്രിത കാർഷികവിപണിക്കു പുറത്ത് ഉൽപന്നങ്ങളുടെ വിൽപനയും വാങ്ങലും അനുവദനീയമല്ല. ആദ്യകാലങ്ങളിൽ എപിഎംസി നിയന്ത്രിത വിപണികൾ കർഷകർക്കു സഹായകമായിരുന്നെങ്കിലും പിന്നീട് ഇവയും ഇടത്തട്ടുകാരുടെയും കമ്മിഷൻ ഏജന്റുമാരുടെയും പിടിയിലായി. സാമ്പത്തിക– വിപണി ഉദാരീകരണ നയങ്ങൾ നടപ്പാക്കിയപ്പോഴും പുതിയ സാമ്പത്തിക പരിഷ്കാരങ്ങളുടെ മെച്ചം കർഷകർക്കു ലഭിക്കുന്നില്ലെന്നു ബോധ്യപ്പെട്ടതിനെ തുടർന്ന് 2003ൽ പരിഷ്കരിച്ച മാതൃകാ എപിഎംസി നിയമത്തിനു കേന്ദ്രം രൂപം നൽകിയിരുന്നു. 2007ൽ ഇതിന്റെ ചട്ടങ്ങളും പുറത്തിറക്കി. മിക്ക സംസ്ഥാനങ്ങളും ഈ നിയമം ഭാഗികമായി മാത്രമാണു നടപ്പാക്കിയത്. കേരളം, ബിഹാർ, മണിപ്പൂർ സംസ്ഥാനങ്ങളും ഏതാനും കേന്ദ്രഭരണ പ്രദേശങ്ങളും 2003ലെ മാതൃകാനിയമത്തിൽ നിർദേശിച്ച പരിഷ്കാരങ്ങളിൽ ഒന്നുപോലും നടപ്പാക്കിയുമില്ല. നിയമം നടപ്പായ സംസ്ഥാനങ്ങളിൽതന്നെ വിപണി പരിഷ്കാരങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നതിൽ വലിയ പുരോഗതിയുണ്ടായില്ല.

ദേശീയ കാർഷികവിപണി നിലവിൽവന്ന സാഹചര്യത്തിൽ കാർഷിക വിപണന നിയമങ്ങളിൽ സമഗ്ര പരിഷ്കാരങ്ങൾ നിർദേശിക്കുന്ന പുതിയ മാതൃകാ എപിഎംസി നിയമം തയാറാക്കണമെന്നു സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് 2017ലെ മാതൃകാ എപിഎംസി നിയമത്തിനു കേന്ദ്ര കൃഷിവകുപ്പ് രൂപം നൽകിയിരിക്കുന്നത്. പരിഷ്കരിച്ച മാതൃകാ നിയമം നടപ്പാക്കിയത് കേന്ദ്രകൃഷി വകുപ്പ് അഡീഷനൽ സെക്രട്ടറി ഡോ. അശോക് ദൽവായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ്. 2022 ആകുമ്പോഴേക്കും കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കുകയെന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായിട്ടുകൂടിയാണു പുതിയ മാതൃകാ എപിഎംസി നിയമത്തിന്റെ നടപ്പാക്കല്‍.

ഒൻപതു പ്രധാന മേഖലകളിലാണു 2017ലെ മാതൃകാ നിയമ പരിഷ്കാരം ലക്ഷ്യമിടുന്നത്. ഏതെങ്കിലും ഒരു കാർഷികോൽപന്നത്തിന്റെ നിയന്ത്രിത വിപണനത്തിനായി ഒരു പ്രത്യേക വിപണിയെ വിജ്ഞാപനത്തിലൂടെ സര്‍ക്കാരിനു നിശ്ചയിക്കാം. മാർക്കറ്റിങ് കമ്മിറ്റികളിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനു വേണ്ടിയും ഏതെങ്കിലും ഒരു പ്രത്യേക പ്രദേശത്തെ, സര്‍ക്കാരിനു കാർഷിക വിപണിയായി വിജ്ഞാപനം ചെയ്യാം. എന്നാൽ 2003ലെ നിയമത്തിൽനിന്നു വ്യത്യസ്തമായി ഏതെങ്കിലും ഒരു കാർഷികോൽപന്നത്തിന്റെയോ എല്ലാ കാർഷിക ഉൽപന്നങ്ങളുടെയുമോ വിപണനത്തിനുവേണ്ടി സംസ്ഥാനം അല്ലെങ്കിൽ ഒരു കേന്ദ്രഭരണപ്രദേശം ഒട്ടാകെ ഒരു കാർഷിക വിപണിയായി വിജ്ഞാപനം ചെയ്യാനും 2017ലെ നിയമം വ്യവസ്ഥ ചെയ്യുന്നു. കാലക്രമേണ ഒരു സംസ്ഥാനം ഒരു കാർഷികവിപണി എന്നതിലേക്കും ആത്യന്തികമായി ഒരു രാജ്യം ഒരു വിപണി എന്നതിലേക്കും രാജ്യത്തെ കാർഷിക വിപണികളെ പരിവർത്തനം ചെയ്യുകയാണു ലക്ഷ്യം. മാർക്കറ്റ് ഫീസ്, കമ്മിഷൻ ചാർജ് എന്നിവയ്ക്ക് 2017ലെ നിയമം പരിധി നിശ്ചയിച്ചിട്ടുണ്ട്. പഴം, പച്ചക്കറികൾ തുടങ്ങി പെട്ടെന്നു കേടാകുന്ന ഉൽപന്നങ്ങൾക്കു മൊത്തം വിപണനമൂല്യത്തിന്റെ ഒരു ശതമാനത്തിൽ കവിയാതെയും മറ്റ് ഉൽപന്നങ്ങൾക്ക് രണ്ടു ശതമാനത്തിൽ കവിയാതെയും മാർക്കറ്റ് ഫീസ് ഈടാക്കാം. 2003ലെ മാതൃകാ നിയമത്തിൽ ഇതിനു പരിധി നിശ്ചയിച്ചിരുന്നില്ല. കേടാകുന്ന ഉൽപന്നങ്ങൾക്ക് പരമാവധി കമ്മിഷൻ ചാർജ് നാലു ശതമാനവും മറ്റ് ഉൽപന്നങ്ങൾക്ക് രണ്ടു ശതമാനവുമായിരിക്കണം.

vegetable Representative image

പെട്ടെന്നു കേടാകുന്ന പഴം–പച്ചക്കറി ഉൽപന്നങ്ങളെ 2017ലെ നിയമം എപിഎംസി നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൂഴ്ത്തിവയ്പ് തടയുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ നിയന്ത്രിത വിപണിക്കു പുറത്ത് വിൽക്കുന്നതിന് അവസരം നൽകുന്നതിനുമാണിത്. എന്നാൽ നിയന്ത്രിത വിപണിക്കകത്ത് തുടർന്നും കച്ചവടം നടത്തിയാൽ എപിഎംസി നിയമത്തിന്റെ വ്യവസ്ഥകൾ ബാധകമായിരിക്കും.

സ്വകാര്യവ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ നിയന്ത്രണത്തിൽ സ്വകാര്യ കാർഷിക വിപണികൾ ആരംഭിക്കാൻ 2017ലെ മാതൃകാനിയമം അനുവാദം നൽകുന്നു. വിജ്ഞാപനം ചെയ്ത കാർഷികോൽപന്നങ്ങളുടെ വിപണനം ഈ സ്വകാര്യ കാർഷിക ചന്തകളിൽ നടത്താം. ലൈസൻസുള്ള സ്വകാര്യവിപണികളിൽ കച്ചവടക്കാർ, കമ്മിഷൻ ഏജന്റുമാർ തുടങ്ങിയവർക്കെല്ലാം പങ്കെടുക്കാം. ഇവരിൽനിന്ന് നിശ്ചിത ഫീസ് ഈടാക്കാം. എന്നാൽ ഇവിടെയെത്തുന്ന കർഷകരിൽനിന്ന് ഫീസ് ഈടാക്കാൻ പാടില്ല. സ്വകാര്യ നിയന്ത്രിത കാർഷിക വിപണികൾക്കു പുറമെ ക‍ർഷകർ നേരിട്ട് ഉപഭോക്താക്കൾക്കു വിൽപന നടത്തുന്ന കാർഷിക ഉപഭോക്തൃ ചന്തകളും സ്വകാര്യ വ്യക്തികൾക്കു തുടങ്ങാം. എന്നാൽ ഒരു ഉപഭോക്താവിന് ഒറ്റത്തവണ വാങ്ങാവുന്ന ഉൽപന്നങ്ങളുടെ അളവിനു പരിധി നിശ്ചയിക്കണം. വെയർഹൗസുകൾ, കോൾഡ് സ്റ്റോറേജുകൾ തുടങ്ങിയവയും വിപണിയുടെ ഭാഗമായി കണക്കാക്കും.

എപിഎംസി നിയന്ത്രിത വിപണിക്കോ സ്വകാര്യവിപണികൾക്കോ പുറത്ത് സംരംഭകർ, ഭക്ഷ്യസംസ്കരണ വ്യവസായികൾ, കയറ്റുമതിക്കാർ തുടങ്ങിയവർക്ക് കർഷകരിൽനിന്നു നേരിട്ട് ഉൽപന്നങ്ങൾ മൊത്തമായി വാങ്ങുന്നതിനുള്ള ഡയറക്ട് മാർക്കറ്റിങ്ങിനും 2017ലെ മാതൃകാ നിയമം അനുവാദം നൽകുന്നു. ഉൽപാദന കേന്ദ്രങ്ങളുടെ സമീപത്തു മതിയായ അടിസ്ഥാന സൗകര്യങ്ങളുള്ള സംഭരണശാലകൾ തുടങ്ങണം. ചില്ലറ വിൽപനശാലകൾ, കർഷക സഹകരണ സംഘങ്ങൾ, കർഷകരുടെ ഉൽപാദന കമ്പനികൾ, കയറ്റുമതിക്കാർ, സംസ്കരണത്തിലേർപ്പെട്ടിരിക്കുന്ന വ്യവസായികൾ എന്നിവർക്കെല്ലാം ലൈസൻസിന്റെ അടിസ്ഥാനത്തിൽ സംഭരണശാലകൾ തുറന്ന് കർഷകരിൽനിന്നു നേരിട്ട് ഉൽപന്നങ്ങൾ വാങ്ങാം. ഇടത്തട്ടുകാരെ ഒഴിവാക്കി കർഷകർക്കു പരമാവധി ലാഭം ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം. എപിഎംസി നിയന്ത്രിത മാർക്കറ്റ്, സ്വകാര്യവ്യക്തികളുടെ വിപണി, കർഷക–ഉപഭോക്തൃ വിപണി, നേരിട്ടുള്ള വിപണനം എന്നിവ തമ്മിൽ വേർതിരിവ് പാടില്ലെന്നു 2017ലെ മാതൃകാ നിയമം വ്യക്തമാക്കുന്നു. കാർഷികോൽപന്നങ്ങളുടെ ഇലക്ട്രോണിക് വ്യാപാര പ്ലാറ്റ്ഫോം സ്ഥാപിക്കുന്നതിനും ലൈസൻസ് വേണം.

കരാർകൃഷിയും അതിൽനിന്നുള്ള ഉൽപന്നങ്ങളുടെ നേരിട്ടുള്ള വിൽപനയും അനുവദിക്കണമെന്നു 2003ലെ മാതൃകാനിയമം വ്യവസ്ഥ ചെയ്തിരുന്നു. കരാർ കൃഷിയുമായി ബന്ധപ്പെട്ട കമ്പനികൾ എപിഎംസിയിൽ റജിസ്റ്റർ ചെയ്തിരിക്കണമെന്ന വ്യവസ്ഥ 2017ലെ മാതൃകാ നിയമത്തില്‍ ഒഴിവാക്കിയിട്ടുണ്ട്. കരാർകൃഷിയുമായി ബന്ധപ്പെട്ട വ്യവസ്ഥകളും പുതിയ മാതൃകാ നിയമത്തിൽ പാടെ ഒഴിവാക്കിയിരിക്കുന്നു. കരാർകൃഷിക്കു വേണ്ടി സമഗ്രമായ ഒരു മാതൃകാ നിയമം കൊണ്ടുവരുമെന്ന് 2017ലെ ബജറ്റ് പ്രസംഗത്തിൽ കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി പ്രഖ്യാപിക്കുകയുണ്ടായി. അതിനുള്ള ശ്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണ്.

ചില കാർഷിക വിപണനകേന്ദ്രങ്ങളെ ദേശീയപ്രാധാന്യമുള്ള കാർഷിക വിപണന കേന്ദ്രങ്ങളായി പ്രഖ്യാപിക്കാൻ പുതിയ മാതൃകാ നിയമം വ്യവസ്ഥ ചെയ്യുന്നു. ഒരു പ്രത്യേക കാർഷിക വിപണിയിൽ മൊത്തം വാർഷിക വ്യാപാര മൂല്യത്തിന്റെ 30 ശതമാനം വരുന്നതും കുറഞ്ഞത് രണ്ടു സംസ്ഥാനങ്ങളിൽനിന്നെങ്കിലും എത്തുന്നതുമായ  ഉൽപന്നങ്ങൾക്കു വേണ്ടിയാണ് ദേശീയ പ്രാധാന്യമുള്ള കാർഷിക വിപണികൾ സ്ഥാപിക്കുന്നത്. പ്രത്യേക മാർക്കറ്റിങ് കമ്മിറ്റികൾക്കായിരിക്കും ദേശീയപ്രാധാന്യമുള്ള കാർഷിക വിപണികളുടെ നിയന്ത്രണം. 2017ലെ മാതൃകാ നിയമപ്രകാരം ഓരോ മാർക്കറ്റിലെയും കച്ചവടത്തിനു പ്രത്യേകം ലൈസൻസുകൾ എടുക്കേണ്ടതില്ല. എപിഎംസി നിയന്ത്രിത വിപണി, സ്വകാര്യവിപണി, ഫാർമർ–കൺസ്യൂമർ വിപണി, ഇ–ട്രേഡിങ് പ്ലാറ്റ്ഫോം, നേരിട്ടുള്ള മാർക്കറ്റിങ് എന്നിവയ്ക്കെല്ലാം കൂടി സംസ്ഥാന വ്യാപകമായ ഒരൊറ്റ ട്രേഡിങ് ലൈസൻസ് മതി. കച്ചവടത്തിനുള്ള ലൈസൻസ് നേടുന്നതിന് കട, സ്ഥലം അല്ലെങ്കിൽ വാങ്ങേണ്ട കുറഞ്ഞ അളവ് എന്നിവ സംബന്ധിച്ച നിബന്ധനകളെല്ലാം 2017ലെ നിയമം എടുത്തുകളഞ്ഞു. കാർഷികവിപണികളിൽ കച്ചവടം നടത്തുന്നതിനു സ്ഥലമോ സ്ഥാപനമോ കടയോ ഒന്നും ഇല്ലാതെതന്നെ ലൈസൻസ് നേടാം. പുതിയ നിയമപ്രകാരം സംസ്ഥാനവ്യാപകമായി ഒറ്റത്തവണ ഒരു സ്ഥലത്തു മാത്രമേ മാർക്കറ്റ് ഫീസ് ശേഖരിക്കാൻ പാടുള്ളൂ. മറ്റൊരു വിപണിയിൽനിന്ന് അതേ ഉൽപന്നത്തിന് വീണ്ടും മാർക്കറ്റ് ഫീസ് വാങ്ങാൻ പാടില്ല. എന്നാൽ ചില ഉൽപന്നങ്ങൾക്കു മാർക്കറ്റ് ഫീസ് ഈടാക്കുന്നത് ചില പ്രത്യേക കാലയളവിലേക്ക് ഒഴിവാക്കാൻ എപിഎംസിക്ക് അധികാരമുണ്ടായിരിക്കും.

സംസ്ഥാനതലത്തിലുള്ള സ്റ്റേറ്റ് അഗ്രികൾച്ചറൽ മാർക്കറ്റിങ് ബോർഡിനും അഗ്രികൾച്ചറൽ മാർക്കറ്റിങ് ഡയറക്ടറേറ്റിനുമായിരിക്കും എപിഎംസി നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കാനുള്ള അധികാരം. കാർഷിക വിപണിയുടെ നിയന്ത്രണം സംബന്ധിച്ച വ്യവസ്ഥകൾ നടപ്പാക്കാനുള്ള അധികാരം സംസ്ഥാന അഗ്രികൾച്ചറൽ മാർക്കറ്റിങ് ഡയറക്ടർക്കായിരിക്കും. മാതൃകാ നിയമം വിഭാവനം ചെയ്യുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പാക്കാനുള്ള ചുമതല സംസ്ഥാന അഗ്രിക്കൾചറൽ മാർക്കറ്റിങ് ബോർഡിനായിരിക്കും. ഓൺലൈൻ കാർഷിക വ്യാപാരത്തിന് രാജ്യവ്യാപകമായി ഉപയോഗിക്കാവുന്ന ഒറ്റ ലൈസൻസ് മതിയാവും. നിയന്ത്രിത കാർഷിക വിപണികളിലെ വ്യാപാരത്തിന് ലൈസൻസ് നേടാൻ അതതു സംസ്ഥാനങ്ങളിൽ ജനിച്ചവരാകണമെന്നു നിർബന്ധമില്ല. മാർക്കറ്റിങ് കമ്മിറ്റിയുടെ പ്രവർത്തനം കൂടുതൽ ജനാധിപത്യവൽക്കരിക്കുന്നതിനുള്ള വ്യവസ്ഥകളും 2017ലെ മാതൃകാനിയമത്തിൽ എഴുതിച്ചേർത്തിട്ടുണ്ട്. പുതിയ മാതൃകാനിയമം നടപ്പാക്കുന്ന സംസ്ഥാനങ്ങളിൽ വ്യാപാരത്തിനുള്ള ലൈസൻസ് നൽകാനുള്ള അധികാരം എപിഎംസിയിൽനിന്ന് എടുത്തുമാറ്റി. സംസ്ഥാന അഗ്രിക്കൾചറൽ മാർക്കറ്റിങ് ഡയറക്ടർക്കോ സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തുന്ന ഏതെങ്കിലും ഉയർന്ന ഉദ്യോഗസ്ഥനോ ആയിരിക്കും ഈ അധികാരം. ജിഎസ്ടി നടപ്പാക്കിയ മാതൃകയിൽ ആത്യന്തികമായി രാജ്യവ്യാപകമായി ഒറ്റ കാർഷിക വിപണിയും കാർഷിക വിപണന നിയമങ്ങളും നടപ്പാക്കുകയാണു 2017ലെ മാതൃകാ എപിഎംസി നിയമത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

വ്യാപാരികള്‍ക്കാണു ഗുണമെന്നും വാദം

ഏറ്റവും നല്ല വില ലഭിക്കുന്ന ഏതു വിപണിയിലും വിറ്റഴിക്കാൻ സാധിക്കുമെന്നതിനാൽ പുതിയ മാതൃകാ നിയമം നടപ്പാക്കുന്നത് ഇടത്തട്ടുകാരെ ഒഴിവാക്കി വരുമാനം വർധിപ്പിക്കാൻ കർഷകർക്ക് അവസരമൊരുക്കുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. നേരിട്ടുള്ള വിപണനം, ഉപഭോക്തൃചന്തകൾ, ഇലക്ട്രോണിക് വ്യാപാരം, സ്വകാര്യ ചന്തകൾ തുടങ്ങി പുതിയ നിയമത്തിൽ വിപണനത്തിന് അവസരങ്ങൾ ഒട്ടേറെയാണ്. എന്നാൽ അസംഘടിതരായ കർഷകർക്കല്ല, വ്യാപാരികൾക്കാണു പുതിയ നിയമം കൂടുതൽ പ്രയോജനപ്രദമെന്ന മറുവാദവുമുണ്ട്. കർഷകരുടെ സ്വയംസഹായ സംഘങ്ങളെയും ഉൽപാദക കമ്പനികളെയും ശക്തിപ്പെടുത്താനുള്ള വ്യവസ്ഥകൾ പുതിയ മാതൃകാനിയമത്തിൽ കുറവാണ്. കച്ചവടക്കാർക്കു സുഗമമായി വ്യാപാരം നടത്താനുള്ള വ്യവസ്ഥകളാണു കൂടുതലും. കാർഷിക വിപണികളുടെ സ്വകാര്യവൽക്കരണം ഗുണത്തോടൊപ്പം ദോഷവും ചെയ്യും.

കേരളത്തില്‍ പുതിയ നിയമം വേണം

കഴിഞ്ഞ വർഷം ആരംഭിച്ച ദേശീയ കാർഷിക വിപണിയുമായി ഇതിനകം തന്നെ 13 സംസ്ഥാനങ്ങളിലെ 417 വലിയ നിയന്ത്രിത കാർഷിക വിപണികളെ ബന്ധിപ്പിച്ചുകഴിഞ്ഞു. രാജ്യത്തെ 585 വലിയ നിയന്ത്രിത കാർഷിക വിപണികളെയും അടുത്ത വർഷം മാർച്ചോടെ ഈ ഇലക്ട്രോണിക് വിപണിയുമായി ബന്ധിപ്പിച്ചു കഴിഞ്ഞിരിക്കും. ഇതിനകം തന്നെ 40 ലക്ഷത്തിലേറെ കർഷകരും ഒരു ലക്ഷത്തോളം വ്യാപാരികളും ഈ ഓൺലൈൻ പ്ലാറ്റ്ഫോമിൽ റജിസ്റ്റർ ചെയ്തുകഴി‍ഞ്ഞു. കേരളത്തിലെ കർഷകർക്ക് ഈ സംവിധാനം പ്രയോജനപ്പെടണമെങ്കിൽ 2017ലെ മാതൃകാ എപിഎംസി നിയമത്തിന്റെ അടിസ്ഥാനത്തിൽ കാർഷിക വിപണി പരിഷ്കാരത്തിനു നിയമം കൊണ്ടുവരേണ്ടിവരും.

ദേശീയ കാർഷിക വിപണി എന്ന ഇലക്ട്രോണിക് പ്ലാറ്റ്ഫോമിൽ ചേരുന്നതിനു പ്രധാനമായും മൂന്നു നിബന്ധനകളാണ് കേന്ദ്രം മുന്നോട്ടുവയ്ക്കുന്നത്. സംസ്ഥാനവ്യാപകമായി ഒറ്റ വ്യാപാര ലൈസൻസ് നൽകുന്നതിനു സംവിധാനമേർപ്പെടുത്തണം. ഒരൊറ്റ പോയിന്റിൽ മാത്രം മാർക്കറ്റ് ഫീ വാങ്ങാനുള്ള നിയമം കൊണ്ടുവരണം. കാർഷികോൽപന്നങ്ങളുടെ ഓൺലൈൻ വ്യാപാരം അനുവദിച്ചുകൊണ്ടുള്ള നിയമം നടപ്പാക്കണമെന്നതാണ് മൂന്നാമത്തെ നിബന്ധന. കൃഷിവകുപ്പിനു കീഴിൽ ആറ് കാർഷിക മൊത്ത വ്യാപാരകേന്ദ്രങ്ങളും പഞ്ചായത്തുകളിൽ ആയിരത്തിലേറെ പ്രാഥമിക ചന്തകളും നഗരസഭകളുടെ കീഴിൽ ഇരുനൂറിലേറെ കാർഷിക വിപണികളും പ്രവർത്തിക്കുന്ന സംസ്ഥാനമാണ് കേരളം.

ദേശീയ കാർഷിക വിപണിയുമായി ബന്ധപ്പെടുത്തുന്ന കാർഷിക വിപണികളുടെ വികസനത്തിന് അഗ്രിടെക് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽനിന്ന് 300 കോടി രൂപ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കു സഹായമായി നൽകുന്നുണ്ട്. കൂടാതെ, ഓരോ വിപണിക്കും ഗുണമേന്മാപരിശോധന, പാക്കേജിങ്, ഗ്രേഡിങ് തുടങ്ങിയവയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യവികസനത്തിന് 75 ലക്ഷം രൂപ വീതവും കേന്ദ്രം ധനസഹായമായി നൽകുന്നുണ്ട്. കാർഷിക വിപണിയിൽ സമഗ്ര പരിഷ്കാരങ്ങൾ അടിയന്തരമായി നടപ്പാക്കിയില്ലെങ്കിൽ കേന്ദ്രസഹായം നഷ്ടപ്പെടുമെന്നു മാത്രമല്ല, കേരളത്തിലെ കർഷകർക്കു രാജ്യത്തിന്റെ വിശാലമായ വിപണിയിൽ അവസരങ്ങൾ ഇല്ലാതാവുകയും ചെയ്യും.