Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എർവിനിയ ഒറ്റയ്ക്ക് തിന്നു തീർത്തു

erwinia-bacteria-in-plantain മരോട്ടിച്ചാൽ മേഖലയിൽ എർവിനിയ ബാധയെ തുടർന്ന് കടപുഴകി വീണ വാഴകൾ.

മലയോര മേഖലയിലെ വാഴകർഷകരുടെ ഓണകച്ചവടം ‘എർവിനിയ’ ഒറ്റയ്ക്കു തിന്നുതീർത്തു. മരോട്ടിച്ചാൽ, മാന്ദാമംഗലം മേഖലകളിൽ എർവിനിയ ബാക്ടീരിയകൾ തിന്നുതീർത്തതു പതിനായിരക്കണക്കിനു വാഴകളെയാണ്. എർവിനിയബാധയെ തുടർ‌ന്നു കടകൾ ചീഞ്ഞു വീണു കിടക്കുന്ന വാഴകളാണ് മേഖലയിലെല്ലാം. ഒട്ടേറെ കർഷകരാണ് ഈ രോഗബാധമൂലം ദുരിതത്തിലായത്.

ഓണത്തിനു നല്ലവില കിട്ടുമെന്ന പ്രതീക്ഷയിൽ വച്ച വാഴകളാണു വിളവെടുക്കാറായപ്പോൾ മറിഞ്ഞു വീണുകൊണ്ടിരിക്കുന്നത്. നാലുകണ്ടത്തിൽ പൗലോസ്, പി.കെ.സജീവൻ, മോളത്ത് പൗലോസ്, ടി.പി.സുകു, നെടുവാംകുഴിയിൽ ബിജു എന്നിങ്ങനെ ഒട്ടേറെ കർഷകരുടെ വാഴകളാണു നശിച്ചത്. ജില്ലയുടെ പല മേഖലയിലും ഈ രോഗം ഉണ്ടെങ്കിലും മരോട്ടിച്ചാലിലാണു കൂടുതൽ വ്യാപിച്ചതെന്നു പറയപ്പെടുന്നു.

രോഗത്തിനെതിരെ വാഴ ഗവേഷണ കേന്ദ്രം

എർവിനിയ മലയോര മേഖലയിൽ വ്യാപകമായതിനെ തുടർന്നു കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ സ്ഥലം സന്ദർശിച്ചു.

ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞയായ ഡോ. വിമി ലൂയിസ്, പുത്തൂർ കൃഷിഓഫിസർ അർച്ചന വിശ്വനാഥ് എന്നിവരാണു സ്ഥലത്തെത്തിയത്. എർവിനിയ രോഗബാധ എല്ലാ മഴക്കാലത്തും കണ്ടുവരുന്നതാണെന്നും തുടക്കത്തിലെ കണ്ടെത്താനായാൽ നിയന്ത്രിക്കാനാകുമെന്നും അധികൃതർ അറിയിച്ചു.

രോഗപ്രതിരോധം

തോട്ടത്തിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതാണു രോഗം പ്രതിരോധിക്കാനുള്ള ആദ്യപടിയെന്ന് ഡോ. വിമി ലൂയിസ് പറയുന്നു. വാഴകളുടെ കടയുടെ അടിഭാഗത്തുപോലും വെള്ളം കെട്ടി നിൽക്കാത്ത രീതിയിൽ ഇടച്ചാലുകൾ കീറി തോട്ടത്തിൽനിന്നു വെള്ളം ഒഴിഞ്ഞുപോകാൻ സൗകര്യം ഒരുക്കണം.

കിഴികെട്ടി വാഴയ്ക്കു ചുറ്റും കുമ്മായം വിതറുന്നതും ഇടച്ചാലുകളിൽ ബ്ലീച്ചിങ് ചെയ്യുന്നതും രോഗം വരാതിരിക്കാനുള്ള മുൻകരുതലുകളാണ്. സ്യൂഡോമൊണാസ് ഫ്ലൂറൻസ് എന്ന മിത്ര ബാക്ടീരിയ 20 ഗ്രാം, ഒരു ലീറ്റർ വെള്ളം എന്ന തോതിൽ കലക്കി മണ്ണിൽ ഒഴിച്ചുകൊടുക്കുന്നതും രോഗപ്രതിരോധശേഷി വർധിപ്പിക്കും.

erwinia-bacteria-affected-plantain-farm മരോട്ടിച്ചാലിൽ എർവിനിയ രോഗം ബാധിച്ച കൃഷി തോട്ടങ്ങൾ കണ്ണാറ വാഴ ഗവേഷണ കേന്ദ്രം അധികൃതർ സന്ദർശിക്കുന്നു.

മരുന്ന്

രോഗം ബാധിച്ചാൽ അഞ്ചു ഗ്രാം ബ്ലീച്ചിങ് പൗഡർ ഒരു ലീറ്റർ വെള്ളത്തിൽ ചേർത്തു തയാറാക്കിയ ലായനി മണ്ണ് കുതിരത്തക്കവണ്ണം വാഴയ്ക്കു ചുറ്റും ഒഴിക്കണം. അതിനുശേഷം കുമിൾനാശിനികളായ കോപ്പർ, തുരിശ് എന്നിവ വാഴയ്ക്കു ചുറ്റും വയ്ക്കണം. ഓക്സിക്ലോറൈസ് മൂന്നു ഗ്രാമും  ഒരു ലീറ്റർ വെള്ളവും അല്ലെങ്കിൽ കോപ്പർ ഹൈഡ്രോക്സൈഡ് രണ്ടു ഗ്രാമും ഒരു ലീറ്റർ വെള്ളവും ചേർത്തു തയാറാക്കിയ ലായനി 10 ദിവസം ഇടവിട്ടു രണ്ടു തവണ വാഴയ്ക്കു ചുറ്റും ഒഴിക്കണം.

രോഗം ബാധിച്ചു വാഴ മറിഞ്ഞാൽ അതു വെട്ടിമാറ്റി നശിപ്പിക്കുകയും ആ കുഴിയിൽ കുമ്മായവും ബ്ലീച്ചിങ് പൗഡറും ഇടുകയും രോഗമില്ലാത്ത വാഴകളുടെ ഭാഗത്തേക്കു വെള്ളം പോകാതെ തടയുകയും വേണം.

കർഷകർ ശ്രദ്ധിക്കേണ്ടത്

വാഴയ്ക്ക് എന്തെങ്കിലും രോഗം വന്നുകഴിഞ്ഞാൽ ഉടനെ വളം വിൽപന കേന്ദ്രത്തിൽ എത്തി അവർ നൽകുന്ന മരുന്നു നൽകാതെ വിദഗ്ധരെ കണ്ട് മരുന്ന് വാങ്ങി ഉപയോഗിക്കണം. വാഴ നശിച്ചു സർക്കാരിൽനിന്നു നഷ്ടപരിഹാരം ലഭിക്കുന്നതിനുവേണ്ടി കാത്തുനിൽക്കാതെ രോഗപ്രതിരോധ നടപടികൾ ആദ്യം സ്വീകരിക്കുക.

erwinia-bacteria-in-plantain-root എർവിനിയ ബാക്ടീരിയ ബാധിച്ച വാഴയുടെ കട ഭാഗം

എർവിനിയ അപകടകാരി

‌മണ്ണിൽ വസിക്കുന്ന എർവിനിയ എന്ന ബാക്ടീരിയയാണ് ഈ രോഗത്തിനു പിന്നിൽ. മണ്ണിലൂടെയും വെള്ളത്തിലൂടെയുമാണു രോഗാണു വ്യാപിക്കുന്നത്. അതുകൊണ്ടുതന്നെ മഴക്കാലത്താണ് ഇതിന്റെ ആക്രമണം കൂടുതലായും കണ്ടുവരുന്നത്.

വാഴ മഞ്ഞ നിറമാകുന്നതും വാടുന്നതുമാണു തുടക്കത്തിൽ കാണുന്ന ലക്ഷണം. കട ചീയുന്നതുമൂലം പിണ്ടിയുടെ ബലം കുറഞ്ഞു വാഴ മറിഞ്ഞു വീഴുന്നു. രോഗം ബാധിച്ച വാഴക്കട കടും തവിട്ടുനിറത്തിലുള്ളതും ദുർഗന്ധം വമിക്കുന്നതും ആയിരിക്കും.