Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസ് പച്ച

farming-by-congress-party-workers കോഴിക്കോട് മെഡിക്കൽ കോളജിനു സമീപം അമ്പലക്കോത്ത് ചേകപ്പറമ്പത്ത് സുഭാഷ്ചന്ദ്രനും പാവനിലം പൊറ്റയിൽ സന്തോഷ്കുമാറും ചേർന്നു നട്ട ആയിരത്തോളം വാഴകളുള്ള തോട്ടത്തിൽ അധ്വാനത്തിൽ. ചിത്രം: പി.എൻ. ശ്രീവത്സൻ.

ഈ കോൺഗ്രസുകാർ വിയർപ്പൊഴുക്കി നാടിനു നൽകുന്നത് ഹരിതാഭിവാദ്യം. മുസ്‌ലിം ലീഗിനോടുള്ള സ്നേഹക്കൂടുതൽ കൊണ്ടൊന്നുമല്ല, മറിച്ചു പാർട്ടി പരിപാടി കൃത്യമായി നടപ്പാക്കുന്നതിനാൽ സംഭവിച്ചതാണ്. വരുന്ന വിഷുവിനു നേന്ത്രക്കുലകളാൽ നാടിന് ഇവർ കണിയൊരുക്കും. പാർ‍ട്ടി നിർദേശം അനുസരിച്ചാണ് കോൺഗ്രസ് മാങ്കാവ് ബ്ലോക്ക് സെക്രട്ടറി പി.കെ. സുഭാഷ് ചന്ദ്രനും പ്രവർത്തകനായ പി.പി. സന്തോഷ് കുമാറും കൃഷിക്കിറങ്ങിയത്.

പച്ചക്കറി ഉൾപ്പടെയുള്ളവയുടെ കൃഷി നടത്താൻ കെപിസിസി കീഴ്ഘടകൾക്കു നിർദേശം നൽകിയിരുന്നു. പാർട്ടി നിർദേശം വന്നതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപത്തുള്ള തന്റെ 85 സെന്റ് സ്ഥലത്ത് കൃഷിയിറക്കാൻ അമ്പലക്കോത്ത് കേകപറമ്പത്ത് സുഭാഷ് ചന്ദ്രൻ തീരുമാനിക്കുകയായിരുന്നു. കോൺഗ്രസ് പ്രവർത്തകനും സുഹൃത്തുമായ സന്തോഷ് കുമാറിനെയും ഒപ്പം കൂട്ടി. ആയിരത്തോളം വാഴ നട്ടു.

ആട്ടിൻകാട്ടം, കോഴിവളം, ചാണകപ്പൊടി, കരിയില, പച്ചില തുടങ്ങിയവ സമയാസമയം ചെയ്തു വാഴയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടി. വലിയൊരു വാഴത്തോട്ടമായി വികസിക്കാൻ അധിക സമയം വേണ്ടി വന്നില്ല. ഓട്ടോമൊബീൽ എൻജിനീയറിങ് ഇൻഡസ്ട്രീസ് സ്ഥാപനം നടത്തുന്ന സുഭാഷ് ചന്ദ്രനും കൂലിപ്പണിക്കാരനായ സന്തോഷും തങ്ങളുടെ ഉപജീവനത്തിനു വേണ്ടിയുള്ള ജോലികളെല്ലാം കഴിഞ്ഞാണ് പാർട്ടി പരിപാടി നടപ്പാക്കുന്നതിനായി പണിയെടുക്കുന്നത്.

വാഴത്തോട്ടത്തിനിടയിൽ വെണ്ട, പയർ കൃഷികളുമുണ്ട്. ഇതിനകം 70,000 രൂപയുടെ മുതൽ മുടക്കുണ്ടായിട്ടുണ്ട്. കുല വെട്ടാറാകുമ്പോഴേക്കും 40,000 രൂപയുടെ കൂടി ചെലവ് വരുമെന്നാണു പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ജൂലൈ നാലിനാണ് വാഴ കൃഷി ആരംഭിച്ചത്. വിഷുവിനു തന്നെ കുലകളെല്ലാം വിൽക്കാൻ കഴിയുമെന്നാണ് കരുതുന്നത്.  മറ്റു പാർട്ടി പ്രവർത്തകരും തങ്ങളുടെ മാതൃക പിന്തുടർന്നാൽ പഴം, പച്ചക്കറിയുടെ കാര്യത്തിൽ സ്വയം പര്യാപ്തതയിലേക്കു നാട് നീങ്ങുമെന്നാണ് ഇവർ പറയുന്നത്. കൂടാതെ പച്ചക്കറിയുടെ രാഷ്ട്രീയം ചർച്ച ചെയ്യുകയുമാവാമല്ലോ.